പത്തനംതിട്ട: ശബരിമല തീര്‍ഥാടന കാലയളവില്‍ ബാലവേല, ബാല ഭിക്ഷാടനം എന്നിവ തടയുന്നതിന് ഓപ്പറേഷന് ശരണബാല്യം പദ്ധതിയുമായി ജില്ലാഭരണകൂടം.ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
മണ്ഡലമകരവിളക്കുത്സവക്കാലം ആരംഭിക്കുന്നതോടെ ഇതരസംസ്ഥാനത്തുനിന്നും കൊച്ചുകുട്ടികളടക്കം നൂറുകണക്കിനാളുകളെയാണ് ഭിക്ഷാടനമാഫിയ തീര്‍ത്ഥാടനപാതകളില്‍ അണിനിരത്തുന്നത്. പമ്പയില്‍നിന്നും സന്നിധാനത്തേക്കുള്ള പരമ്പരാഗതപാതയിലും സ്വാമിഅയ്യപ്പന്‍ റോഡിലും ഇത്തരത്തില്‍ കുട്ടികളെയടക്കം നിരത്താറുണ്ട്. ഭിക്ഷാടനം നിരോധിച്ചിട്ടുണ്ടെങ്കിലും ഇവര്‍ സജീവമാണ്. പരിശോധനയോമറ്റോ നടക്കുമ്പോള്‍ സമീപത്തെ കാട്ടിലൊളിക്കുന്നഇവര് പരിശോധന സംഘം മാറിയാലുടന്‍ വീണ്ടും തീര്‍ത്ഥാടന പാതയിലെത്തും. പ്രധാനഇടത്താവളങ്ങളിലും ഇക്കുട്ടരുടെ സാന്നിധ്യമുണ്ട്. ദിവസവും വൈകുന്നേരത്തോടെ അന്നന്നത്തെ വരുമാനം സംഭരിക്കാനും സംവിധാനമുണ്ട്. ഭിക്ഷാടനത്തിനിടെ പോലീസ്പിടികൂടി നാട്ടില്‍കൊണ്ട് വിട്ടാലും വീണ്ടും ഇവരെ തീര്‍ത്ഥാടനപാതയില്‍ മാഫിയസംഘം എത്തിക്കും.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലിനും ഭിക്ഷാടനത്തിനുമായി തീര്‍ഥാടന കാലയളവില്‍ മുന്‍ കാലങ്ങളിലും കുട്ടികളെ എത്തിച്ചിരുന്നു. മിക്ക കുട്ടികളും സ്കൂള്‍ പഠനം മുടക്കിയാണ്. കച്ചവട ആവശ്യങ്ങള്‍ക്കും ഭിക്ഷാടനത്തിനുമായി തീര്‍ഥാടന കാലയളവില്‍ ജില്ലയില്‍ എത്തിച്ചേരുന്നത്. കഴിഞ്ഞ തീര്‍ഥാടന കാലത്ത് ഇത്തരത്തിലുള്ള 12 കുട്ടികളെ ഓപ്പറേഷന് ശരണബാല്യം പദ്ധതി പ്രകാരം മോചിപ്പിച്ച് അവരുടെ രക്ഷിതാക്കളുടെ അടുത്ത് എത്തിച്ചിരുന്നു. പ്രധാനമായും തമിഴ്നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളാണ് മുന്‍കാലങ്ങളില്‍ ഭിക്ഷാടനത്തിനും കച്ചവട ആവശ്യങ്ങള്‍ക്കും വേണ്ടി എത്തിയിരുന്നത്.
ഇതരസംസ്ഥാനകുട്ടികളെകച്ചവടആവശ്യങ്ങള്ക്കും ബാലഭിക്ഷാടനത്തിനുമായി ഉപയോഗിക്കുന്നതു തടയുന്നതിനായി തീര്‍ഥാടന കാലം ആരംഭിക്കുന്നതിനു മുന്‍പ് ഇതുമായി ബന്ധപ്പെട്ട നിരോധന ഉത്തരവ് ജില്ലാഭരണകൂടംപുറപ്പെടുവിക്കും. ഇത്തവണ തീര്‍ഥാടനകാലം തുടങ്ങുന്നതിന് മുന്‍പുതന്നെ ഇതര സംസ്ഥാനങ്ങളില്‍ ഇതുസംബന്ധിച്ച് ആവശ്യമായ ബോധവത്കരണം നടത്തുന്നതിന് പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അതത് സംസ്ഥാനങ്ങളിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ക്ക് കത്ത് നല്‍കും.
ഇതിനു പുറമേ ശബരിമല തീര്‍ഥാടകര്‍ക്ക് പോലീസ് വകുപ്പ് ഏര്‍പ്പെടുത്തുന്ന ഓണ്‍ലൈന്‍ ബുക്കിംഗ് കൂപ്പണുകളിലും കുട്ടികളെ തീര്‍ഥാടന കാലത്ത് കേരളത്തിലെത്തിച്ച് തൊഴില്‍ ചെയ്യിക്കുന്നതിന് എതിരേയുള്ള ബോധവത്കരണ സന്ദേശങ്ങള്‍ നല്‍കും. നവമാധ്യമങ്ങളായ ഫേയ്സ്ബുക്കിലും വാട്സ്ആപ്പിലും ബാലവേലയ്ക്കും ബാലഭിക്ഷാടനത്തിനും എതിരേയുള്ള സന്ദേശങ്ങള്‍ വീഡിയോ ക്ലിപ്പുകള്‍ ആയും ഫോട്ടോകള്‍ ആയും ഷെയര്‍ ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആവിഷ്കരിച്ച് നടപ്പാക്കും.
തീര്‍ഥാടനകാലയളവില്‍ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ബാലവേലയും ബാലഭിക്ഷാടനവും കണ്ടെത്തുന്നതിനായി സംയുക്ത റെയ്ഡുകള്‍ നടത്തും. തീര്‍ഥാടകര്‍ കൂടുതലായി എത്തുന്ന ളാഹ, കണമല, നിലയ്ക്കല്‍, പമ്പ, സന്നിധാനം, പന്തളം, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന് തുടങ്ങി 12 സ്ഥലങ്ങളില്‍ വിവിധ ഭാഷകളില്‍ ബാല വേലയ്ക്കും ബാലഭിക്ഷാടനത്തിനും എതിരേ ബോധവത്കരണ സന്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിക്കും.
ഇതരസംസ്ഥാനങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങളില്‍ ബോധവത്കരണത്തിനായി സ്റ്റിക്കറുകള്‍ പതിക്കും. തീര്‍ഥാടകര്‍ എത്തുന്ന സംസ്ഥാനങ്ങളിലെ പ്രാദേശിക പത്രങ്ങളില്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ മുഖേന നല്‍കാനും ഇതുസംബന്ധിച്ചുചേര്ന്ന യോഗത്തില്‍ തീരുമാനമായി.
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലിനും ഭിക്ഷാടനത്തിനുമായി കുട്ടികളെ എത്തിക്കുന്ന സംഘങ്ങള്‍ക്കെതിരേ പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: