കാക്കനാട്: സ്മാര്‍ട്ട് സിറ്റി നിര്‍മാണ സൈറ്റില്‍ നോക്കുകൂലി ആവശ്യപ്പെട്ട് തര്‍ക്കം. സൈറ്റിലെത്തിയ നിര്‍മാണ സാമഗ്രികള്‍ ഇറക്കുന്നതിനുള്ള കൂലിയെ ചൊല്ലിയാണ് നിര്‍മാണ കമ്പനി മാനേജ്മെന്റും ചുമട്ട് തൊഴിലാളികളും തമ്മില്‍ തര്‍ക്കമുണ്ടായത്. പദ്ധതി പ്രദേശങ്ങളില്‍ തൊഴിലാളി തര്‍ക്കങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിച്ചിരിക്കെയാണ് സിഐടിയു തൊഴിലാളികള്‍ ലോഡ് ഇറക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായത്.
ചൊവ്വാഴ്ച ലേബര്‍ ഓഫീസ് അധികൃതര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ലോഡ് ഇറക്കിയെങ്കിലും കൂലി സംബന്ധിച്ച് തര്‍ക്കം പരിഹരിക്കാനായില്ല. കൂലി സംബന്ധിച്ച് പിന്നീട് തര്‍ക്കം പരിഹരിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ലോഡ് ഇറക്കുകയായിരുന്നു. സ്മാര്‍ട്ട് സിറ്റിയില്‍ ടാറ്റയുടെ 32 നില കെട്ടിടനിര്‍മാണ സൈറ്റിലേക്ക് കൊണ്ടുവന്ന രണ്ട് ലോഡ് കോളം, ബീം എന്നിവ ഇറക്കുന്നതിനെചൊല്ലിയായിരുന്നു തര്‍ക്കം. കോളം, ബീം എന്നിവ ഇറക്കുന്നതിന് നേരത്തെ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നിരക്ക് നിശ്ചയിച്ച് ഉറപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ചാനല്‍ ഇറക്കുന്നത് സംബന്ധിച്ച് നിരക്ക് നിശ്ചയിച്ചില്ലെന്നാണ് തൊഴിലാളികളുടെ വാദം. തര്‍ക്കത്തെ തുടര്‍ന്ന് മാനേജ്മെന്റ് തൊഴിലാളികളെ കൊണ്ട് ലോഡ് ഇറക്കാന്‍ ശ്രമിച്ചെങ്കിലും തൊഴിലാളികള്‍ വിസമ്മതിച്ചു.
സിഐടിയു തൊഴിലാളികളെ കൂടാതെ ഐഎന്‍ടിസി, എസ്ടിയു തൊഴിലാളികളും മാനേജ്മെന്റിനെതിരെ രംഗത്തെത്തിയതോടെ പ്രശ്നം വഷളായി. തുടര്‍ന്ന് മാനേജ്മെന്റ് ഇന്‍ഫോപാര്‍ക്ക് പോലീസിനെ വിവരം അറിയിച്ചു. ക്രെയിന്‍ ഉപയോഗിച്ച് ഇറക്കുന്ന ലോഡിന് തൊഴിലാളികളുടെ ആവശ്യമില്ലെന്നാണ് മാനേജ്മെന്റിന്റെ വാദം. എന്നാല്‍ സ്മാര്‍ട് സിറ്റി നിര്‍മാണ സൈറ്റില്‍ കൊണ്ടുവരുന്ന ലോഡ് ഇറക്കാന്‍ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ മാനേജ്മെന്റുമായി നിരക്ക് സംബന്ധിച്ച് കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇതനുസരിച്ച് ലോഡ് ഇറക്കാന്‍ അവകാശമുണ്ടെന്നാണ് തൊഴിലാളികളുടെ വാദം. തര്‍ക്കം രൂക്ഷമായതിനെ തുര്‍ന്ന് മാനേജ്മെന്റ് ജില്ല കളക്ടര്‍ക്ക് പരാതിയും നല്കി. ഇതേതുടര്‍ന്ന് ജില്ലാ ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ സ്ഥലത്തെത്തി ലോഡ് ഇറക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: