ചാലക്കുടി: റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ മരണത്തില്‍ അഭിഭാഷകന്‍ സി.പി.ഉദയഭാനുവിനെതിരെ നിര്‍ണ്ണായക തെളിവുകള്‍. അഭിഭാഷകനെതിരെ കൂടുതല്‍ തെളിവുകള്‍ക്കായി പോലീസ് രംഗത്ത്. കേസില്‍ നിന്ന് രക്ഷപ്പെടുവാന്‍ പഴുത് തേടി അഭിഭാഷകനും രംഗത്ത്. കേസ് നിര്‍ണ്ണായക വഴിതിരിവിലേക്ക്.
എന്നാല്‍ 16 വരെ അഭിഭാഷകനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യം തേടി അഡ്വ.സി.പി.ഉദയഭാനു ഹൈക്കോടതിയില്‍ കൊടുത്ത മുന്‍ കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചാണ് വിധി വന്നിരിക്കുന്നത്. നായത്തോടുള്ള രാജീവിന്റെ വീട്ടില്‍ അടുത്ത കാലത്ത് വരെ അഭിഭാഷകന്‍ ചെന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി. രാജീവുമായും, രാജീവിന്റെ മകനുമായി ഫോണില്‍ സംസാരിച്ച രേഖകളും പോലീസിന് ലഭിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതി ചക്കര ജോണിയും, അഭിഭാഷകനും തമ്മിലുള്ള ഫോണ്‍ രേഖകളും പോലീസ് ശേഖരിച്ചു വരികയാണ്.
അറസ്റ്റിലായ പ്രതികള്‍ കേസില്‍ അഭിഭാഷകന് പങ്കില്ലെന്ന നിലപാടിലായിരുന്നു സംസാരിച്ചത്. പറഞ്ഞ് പഠിപ്പിച്ച പോലെയായിരുന്ന മറുപടികള്‍. എന്നാല്‍ പോലീസ് ഫോണ്‍ സംഭാഷണങ്ങളുടെ തെളിവുകളും മറ്റും ഹാജരാക്കിയതോടെയാണ് പ്രതികള്‍ മൊഴി മാറ്റുവാന്‍ തയ്യാറായതും കേസില്‍ അഭിഭാഷകന് പങ്കുണ്ടെന്ന് മൊഴി നല്‍കുവാന്‍ തയ്യാറായതും.
അഭിഭാഷകനും,ജോണിയും, രാജീവും തമ്മില്‍ തെറ്റിയത് മുതല്‍ രാജീവ് നായത്തോടുള്ള വീട്ടില്‍ താമസിക്കാറില്ല. പരിയാരത്ത് പാട്ടത്തിനെടുത്ത തോട്ടത്തിലെ വീട്ടിലായിരുന്നു താമസം. ഇതാണ് അഭിഭാഷകന്‍ നായത്തോടുള്ള വീട്ടില്‍ വന്നപ്പോഴൊന്നും രാജീവുമായി കണ്ടതായി ദൃശ്യങ്ങളില്‍ ഇല്ലാത്തതിന് കാരണം.
കഴിഞ്ഞ ദിവസം രാജീവിന്റെ മകന്‍ അഖില്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ അഭിഭാഷകന് സ്ഥമിടപ്പാടില്‍ വ്യക്തമായ പങ്കുള്ളതായി കാണിച്ച് മൂന്ന് സ്ഥല കച്ചവടത്തില്‍ അഭിഭാഷകന്‍ ഒപ്പിട്ട രേഖകളും മറ്റും കൈമാറിയിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസ്.പി.യതീഷ് ചന്ദ്ര പറഞ്ഞു.കേസില്‍ അന്വേഷണം തുടരുമ്പോള്‍ കൂടുതല്‍ പ്രതികളും ഉണ്ടാവാമെന്നും അദ്ദേഹം സൂചിപ്പിച്ചു. എറണാകുളം കേന്ദ്രീകരിച്ചാണ് ഇവരുടെ ഇടപാടുകള്‍ നടന്നിരിക്കുന്നത്. നിരവധി തവണ ചക്കര ജോണിയും, അഭിഭാഷകനും മറ്റും എറണാകുളത്തെ ഒരു ഫ്‌ളാറ്റില്‍ തമ്പടിച്ചാണ് പദ്ധതികളും മറ്റും തയ്യാറാക്കിയിരുന്നതെന്നും സൂചനയുണ്ട്.
അവിടെയുള്ള കൂടി കാഴ്ചകളില്‍ വേറെയും ആളുകള്‍ക്ക് കേസുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ് പോലീസ്. നിര്‍ണ്ണായകമായ പല തെളിവുകളും അഭിഭാഷകനെതിരെ പോലീസ് ശേഖരിച്ചു.
















