കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ ആശുപത്രികളില്‍ കിടത്തി ചികിത്സക്ക് വേണ്ടത്ര സൗകര്യമൊരുക്കാന്‍ അധികൃതര്‍ അനാസ്ഥ കാട്ടുന്നതായി ആക്ഷേപം.
കിഴക്കന്‍ കേരളത്തിന്റെ മിനി മെഡിക്കല്‍കോളേജ് എന്നറിയപ്പെടുന്ന കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയുടെ പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണം മുടങ്ങിയിട്ട് മാസങ്ങളായി. ആദ്യം അനുവദിച്ച 4.80 കോടിരൂപ മുടക്കി കെട്ടിടത്തിന്റെ ഘടന നിര്‍മ്മിച്ച് ഭിത്തികളും കെട്ടി. ബാക്കി പണികളാണ് മുടങ്ങിയത്. കിടക്കകളുടെ പോരായ്‌മകൊണ്ട് രോഗികള്‍ കട്ടിലൊന്നിന് രണ്ടു പേരാണ് നിലവില്‍. ബാക്കി നിലത്തും.
മന്ദിരത്തിന്റെ പൂര്‍ത്തീകരണത്തിനായി കഴിഞ്ഞ ബജറ്റില്‍ ആരോഗ്യവകുപ്പിന് ലഭിച്ച ഫണ്ടില്‍നിന്ന് 10.5 കോടി രൂപ അനുവദിച്ചിരുന്നു.
ശേഷിക്കുന്ന പണികള്‍ക്കായി 10.5 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചതെന്നും പണി ഉടന്‍ ആരംഭിക്കുമെന്നും ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചിരുന്നു.
തുക അനുവദിച്ച് ആറുമാസം കഴിഞ്ഞിട്ടും ആശുപത്രിയില്‍ യാതൊരു പണികളും നടന്നില്ല. അഞ്ചുകോടിയോളം മുടക്കി നിര്‍മ്മിച്ച ഭിത്തിയും മേല്‍ത്തട്ടും കോണ്‍ക്രീറ്റ് തൂണുകളും മഴ നനഞ്ഞു നശിക്കുകയാണ്.
അഞ്ചുനിലമന്ദിരം പൂര്‍ത്തിയായാല്‍ താഴത്തെ നിലയില്‍ അത്യാഹിതവിഭാഗവും ഫാര്‍മസിയും, രണ്ടാം നിലയില്‍ ഒ.പി വിഭാഗവും പ്രവര്‍ത്തിക്കും.
മൂന്നാം നിലയില്‍ വാര്‍ഡുകള്‍, നാലാം നിലയില്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍, അഞ്ചാം നിലയില്‍ ഓഫീസുകള്‍ എന്നിങ്ങനെയായിരിക്കും പ്രവര്‍ത്തിക്കുക. ലിഫ്റ്റുകള്‍ സ്ഥാപിക്കല്‍, വൈദ്യുതീകരണം,ഭിത്തി പ്ലാസ്റ്ററിംഗ്, ടൈല്‍പാകല്‍ എന്നിവയാണ് ഇനി തീരാനുള്ളത്. ഇത്രയും പണികള്‍ക്കായാണ് 10.5 കോടി രൂപ അനുവദിച്ചത്.
ഇതുകൂടാതെ പുതിയ കെട്ടിടത്തിനു മുന്നിലായി പരിസ്ഥിതി സൗഹൃദ പൂന്തോട്ടം, വിശ്രമകേന്ദ്രം, കാന്റീന്‍, ആധുനീക സൗകര്യങ്ങളോടെ മോര്‍ച്ചറി എന്നിവയും നിര്‍മ്മിക്കാന്‍ തുക അനുവദിച്ചിട്ടുണ്ട്. തുക അനുവദിച്ചു ഉടന്‍ പണി തുടങ്ങും എന്നൊക്കെ പറയുന്നതല്ലാതെ ഇവിടെ ഒന്നും നടക്കുന്നില്ലെന്ന് ആരോപണമുണ്ട്.
















