കോഴഞ്ചേരി: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പള്ളിയോട കരക്കാരും വഴിപാടുകാരും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. നെടുംമ്പ്രയാര്‍ പള്ളിയോട കരക്കാരും, ചേര്‍ത്തല സ്വദേശികളായ വഴിപാടുകാരും തമ്മില്‍ ഇന്നലെ ഉച്ചക്ക് ഒന്നരമണിയോടെയാണ് തര്‍ക്കം ഉണ്ടായത്. മരുത്തൂര്‍വട്ടം കൃഷ്ണകൃപയില്‍ സുധി രാജേഷാണ് നെടുമ്പ്രയാര്‍ പള്ളിയോടത്തിന് വഴിപാട് വള്ളസദ്യ നടത്തിയത്. വഴിപാടിനെത്തിയവരുമായി ഊട്ടുപുരയില്‍വെച്ച് സദ്യയെ സംബന്ധിച്ചുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. വഴിപാടുസദ്യ കഴിക്കാതെ പുറത്തിറങ്ങിയവരെ മര്‍ദ്ദിച്ചതായി വഴിപാടുകാര്‍ ആറന്മുള പോലീസില്‍ പരാതി നല്കി. പരിക്കേറ്റ മരുത്തൂര്‍വട്ടം നവമി വീട്ടില്‍ അജിത് കുമാര്‍ (21) നെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറന്മുള എസ്ഐ, കോഴഞ്ചേരി സിഐ എന്നിവര്‍ സ്ഥലത്തുണ്ടായിട്ടും യാതൊരുവിധ നടപടികളും സ്വീകരിച്ചില്ലായെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പള്ളിയോട ക്യാപ്റ്റനുള്‍പ്പെടെ കണ്ടാലറിയാവുന്ന എട്ടുപേര്‍ക്കെതിരെ കേസെടുത്തതായി ആറന്മുള പോലീസ് പറഞ്ഞു. പള്ളിയോട ക്യാപ്റ്റന്‍ വഴിപാടുകാരുടെ മര്‍ദ്ദനത്തില്‍ തലയ്ക്ക് പരിക്കേറ്റതായി കരക്കാരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പള്ളിയോട സേവാസംഘം ജില്ലാ കലക്ടര്‍ക്ക് വിശദമായ പരാതി നല്‍കുമെന്നും നെടുംപ്രയാര്‍ പള്ളിയോടത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു. ഉതൃട്ടാതി ജലോത്സവത്തില്‍ അച്ചടക്കലംഘനത്തിന്റെ പേരില്‍ സേവാസംഘത്തിന്റെ നടപടികള്‍ക്കും നെടുപ്രയാര്‍ പള്ളിയോടം വിധേയമായിരുന്നു. ഈ പള്ളിയോടത്തെ അടുത്ത മൂന്നുവര്‍ഷത്തേക്ക് ജലമേളയില്‍ നിന്നും മാറ്റിനിര്‍ത്തുവാനും ഗ്രാന്റ് നല്‍കേണ്ടതില്ലെന്നും പള്ളിയോട സേവാസംഘം തീരുമാനമെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: