പാലക്കാട്:തൃശൂര്‍ ജില്ലയിലെ കൂര്‍ക്കഞ്ചേരി, ഒറയം പുറത്ത് വീട്ടില്‍ ബാബുരാജിന്റ ഉടമസ്ഥതയിലുള്ള ജീപ്പ് കഴിഞ്ഞ 28 ന് രാത്രി വീട്ടില്‍ നിന്നും മോഷ്ടിച്ച് കൊണ്ട് തമിഴ്നാട്ടിലേക്ക് കടക്കുന്നതിനിടെ പ്രതിയും ജീപ്പും പാലക്കാട് പോലീസിന്റെ പിടിയിലായി.
മധുരൈ, തേനൂര്‍ വില്ലേജില്‍ അരുണ്‍കുമാര്‍ (19) നെയാണ് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തത്. 28 ന് രാത്രി വിക്ടോറിയ കോളേജിനു സമീപത്തുള്ള ബൈപാസ് റോഡില്‍ വാഹന പരിശോധന നടത്തി വരുന്ന സമയം പാലക്കാട് ഭാഗത്തു നിന്നും അമിത വേഗതിയിലെത്തിയ ജീപ്പ് പോലിസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോവുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് സംഘം വാഹനത്തെ പിന്തുടര്ന്ന് പോയി കല്മണ്ഡപത്തിനു സമീപത്തുവെച്ച് സാഹസികമായി പിടികൂടുകയായിരുന്നു.
ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ എസ്സിപിഓ രതീഷ് കാണിച്ച മനസ്സാന്നിദ്ധ്യമാണ് പ്രതിയെ വലയിലാക്കാന്‍ സഹായിച്ചത് . കസ്റ്റഡിയിലെടുത്ത പ്രതിയെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ജീപ്പ് പൊള്ളാച്ചിയില്ലെത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു ലക്ഷ്യം.
പ്രതിയെ അറസ്റ്റു ചെയ്ത് ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതാണ്.
ടൗണ്‍ നോര്‍ത്ത് എസ്ഐ.രഞ്ജിത്, എസ്ഐ.പുരുഷോത്തമന് പിള്ള, ക്രൈം സ്ക്വാഡ് അംഗങ്ങളായ ആര്.കിഷോര്‍, എം.സുനില്‍, കെ.അഹമ്മദ് കബീര്‍, കെ.പി.മനീഷ്, ആര്.രാജീദ്, എസ്.സജീന്ദ്രന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: