മലയോരത്തിന്റെ നെല്ലറയായിരുന്നു ഒരു കാലത്ത് പുളിയറപ്പാടം. നടീലും കൊയ്ത്തും മെതിയും ഇവിടുത്തുകാരുടെ ജീവിത താളമായിരുന്നു. നെയ്യാര്‍ ജലസംഭരണിയില്‍ നിന്ന് ഒഴുകിയെത്തുന്ന നീര്‍ച്ചാലുകള്‍ക്ക് സമാന്തരമായി നിലകൊണ്ട വയലേലകള്‍. പച്ചപ്പില്ലാത്ത ഒരിഞ്ച് ഭൂമി പോലും പുളിയറപ്പാടത്ത് കാണാനാവില്ലായിരുന്നു. ഇടയ്ക്കിടെ നെയ്യാര്‍ കനാല്‍ വഴിമാറി ഒഴുകിയപ്പോള്‍ നേരിട്ട കൃഷിനാശം ഇവിടുത്തെ കര്‍ഷകരെ കൃഷിയില്‍ നിന്ന് പിന്മാറ്റി. അതോടെ ഹെക്ടര്‍ കണക്കിന് പാടം തരിശായി. എന്നാല്‍ മണ്ണിനെ സ്നേഹിക്കുന്ന ഒരു കര്ഷകന് കൃഷി ഉപേക്ഷിക്കാന്‍ കൂട്ടാക്കിയില്ല. വീരണകാവ് ആനാകോട് ഗൗരീശങ്കരത്തില്‍ കൃഷ്ണന് നായരായിരുന്നു അത്.
സാധാരണ കര്‍ഷക കുടുംബത്തിലെ പുതുതലമുറ കൃഷിയോട് മമത കാണിക്കാതെ പുതുവഴി തേടുകയാണ് പതിവ്. പക്ഷേ കൃഷ്ണന് നായരിലൂടെ മണ്ണിന്റെ മനസ്സും കൃഷിയുടെ നന്മയും തിരിച്ചറിഞ്ഞ മകന് ഗിരീഷ് കെ.നായരും അച്ഛന്റെ പാത തന്നെ പിന്തുടര്ന്നു. അറിയപ്പെടുന്ന നാടകം, സീരിയല്‍, സിനിമ താരമായ ഗിരീഷ് താനൊരു കര്‍ഷകനുമാണെന്ന് അഭിമാനത്തോടെ പറയുന്നു. പന്ത്രണ്ട് വര്‍ഷം അരങ്ങില്‍ ആടിത്തിമിര്‍ത്ത ഗിരീഷ് 10 സംസ്ഥാന പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടിയ ചിന്നപാപ്പാന്‍ എന്ന നാടകത്തില്‍ നാല് വ്യത്യസ്ഥ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രതിഭ തെളിയിച്ച നടനാണ്. വളയം, ജനകീയം ജാനകി, പരസ്പരം തുടങ്ങി നിരവധി സീരിയലുകളിലും വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായി. ഇപ്പോള്‍ പുതുമുഖ സംവിധായകന് പ്രദീപന്റെ ഇവിടെ, ഈ നഗരത്തില്‍ എന്ന സിനിമയില്‍ ഒരു രാഷ്ട്രീയക്കാരനായി അഭിനയിക്കുകയാണ്.
തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് നീങ്ങുമ്പോഴും പാരമ്പര്യം പകുത്തു നല്കിയ കൃഷിയെ ഉപേക്ഷിക്കാന്‍ ഗിരീഷിനായില്ല. സ്വന്തമായുള്ള 75 സെന്റിന് പുറമേ പാട്ടത്തിനെടുത്ത ഒരേക്കറില്‍ കൂടി കൃഷി വ്യാപിപ്പിച്ചു. കപ്പ, ഏത്തന്, രസകദളി, പാളയംകോടന് തുടങ്ങി ഒരേക്കറില്‍ നിറയെ വാഴ കൃഷി. ഇവിടെ ഇടവിളയായി പച്ചക്കറിയും. വെണ്ട, കത്തിരി, പടവലം, വഴുതന, ചീര, കാന്താരിമുളക് എന്നിങ്ങനെ വിവിധ ഇനങ്ങള്‍. നട്ടുനനയ്ക്കുന്ന വാഴകളില്‍ ആദ്യ ഇലകള്‍ വീശിത്തുടങ്ങുമ്പോള്‍ പച്ചക്കറികള്‍ വിളവെടുപ്പിന് പാകം. വാഴകള്‍ക്ക് നല്കുന്ന വെള്ളവും വളവും പച്ചക്കറികള്‍ക്കും ലഭിക്കും. അധിക അധ്വാനവും വേണ്ട. വാഴക്കൃഷി നഷ്ടമെന്ന കര്‍ഷകരുടെ വിലാപത്തിന് ഈ സങ്കര കൃഷിയാണ് ആദായകരമെന്ന് അനുഭവത്തിലുടെ ഗിരീഷ് ഓര്‍മിപ്പിക്കുന്നു. ഹൈബ്രിഡ് പച്ചക്കറിവിത്തുകള്‍ മികച്ച വിളവ് നല്‍കുമെങ്കിലും അവയ്ക്ക് ഈ യുവകര്‍ഷകന്റെ തോട്ടത്തില്‍ ഇടമില്ല.
നാടന്‍ പച്ചക്കറികളാണ് ഗിരീഷ് കൃഷി ചെയ്യുന്നത്. കായ് വലിപ്പം കുറവാണെങ്കിലും ഗുണമേന്മ കൂടുമെന്നതാണ് കാരണം. പച്ചക്കറി തോട്ടത്തിലേക്ക് വളം ജൈവമാകണമെന്ന് ഗിരീഷിന് നിര്‍ബന്ധം. പശു, ആട്, കോഴി, താറാവ് ഇവയെയും വളര്‍ത്തുന്നു. ഇവറ്റകളില്‍ നിന്നുള്ള കാഷ്ഠം, ആഹാരാവശിഷ്ടങ്ങള്‍ ഇവയാണ് കൃഷിഭൂമിയെ ജൈവ സമൃദ്ധമാക്കുന്നത്. മട്ടുപ്പാവ് കൃഷിയും ഒപ്പമുണ്ട്. പരമ്പരാഗത ശൈലി പിന്തുടരുന്ന ഭാര്യാപിതാവ് ചന്ദ്രശേഖരന് നായര്‍, ഭാര്യ രാജി, മക്കളായ ഗൗരി കൃഷ്ണ, ഗീതു കൃഷ്ണ എന്നിവരാണ് ഗിരീഷിന്റെ സഹായികള്‍. കൃഷിയും കലയും സമ്മേളിക്കുന്ന പുളിയറപ്പാടം ഇന്ന് നാടിനാകെ കൗതുക കാഴ്ചയാണ്.
ഏത് തിരക്കിനിടയിലും അല്‍പ്പസമയം മാറ്റിവയ്ക്കാനുള്ള മനസുണ്ടായാല്‍ ആര്‍ക്കും മികച്ച കര്ഷകനാവാമെന്ന് ഗിരീഷ് പറയുന്നു. മണ്ണില്‍ സ്വന്തം വിയര്‍പ്പൊഴുക്കി വിളയിക്കുന്നത് എന്തായാലും അതിന് മഹത്വം വലുതാണത്രെ. പ്രാര്‍ത്ഥനയോടെ വിത്തെറിഞ്ഞ്, പകിട്ടോടെ കാത്താല്‍ നൂറുമേനി കൊയ്യാം. മണ്ണ് ചതിക്കില്ലെന്നാണ് ഗിരീഷിന്റെ പക്ഷം.
ഫോണ്‍: 9562078629
പ്രതികരിക്കാൻ ഇവിടെ എഴുതുക: