തിരുവിതാംകൂര്‍, പ്രത്യേകിച്ച് തെക്കന്‍ തിരുവിതാംകൂര്‍ കൊട്ടാരങ്ങളാല്‍ സമൃദ്ധമാണ്. അതില്‍ പ്രായംകൊണ്ടും പ്രൗഢികൊണ്ടും മുന്നിട്ടു നില്ക്കുന്നു പത്മനാഭപുരം കൊട്ടാരം. നാലു ശതകം പിന്നിട്ട ഈ കെട്ടിടസമുച്ചയം ആരെയും ത്രസിപ്പിക്കുന്നതും കേരളീയ വാസ്തുശില്‍പ്പകലയുടെ ജീവിക്കുന്ന മാതൃകയുമാണ്.
കേരളത്തിന് നഷ്ടമായ കന്യാകുമാരി ജില്ലയില്‍ തക്കലയ്ക്കടുത്ത് വേളിമലയുടെ താഴ്വരയില് വള്ളിയാറിന്റെ തീരത്താണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കാറ്റിനും മഴയ്ക്കും പടയോട്ടങ്ങള്‍ക്കും ഉലയ്ക്കാന്‍ കഴിയാത്ത കൊട്ടാര മുത്തശ്ശി ഇന്ന് കാണുന്ന തരത്തില്‍ വികസിപ്പിച്ചിട്ട് 273 വര്‍ഷമായി. പൂര്‍ണ്ണമായും ദാരുനിര്മ്മിതമെന്ന പ്രത്യേകതയും പത്മനാഭപുരം കൊട്ടാരത്തിനുണ്ട്. കേരളത്തിന്റെ തനത് വാസ്തുവിദ്യാശൈലിയുടെ മകുടോദാഹരണമായ പത്മനാഭപുരം കൊട്ടാരം ആറ് ഏക്കറോളം വരുന്ന വളപ്പില്‍ സ്ഥിതിചെയ്യുന്നു.
വേണാടിന്റെയും പിന്നീട് തിരുവിതാംകൂറിന്റെയും ആദ്യ തലസ്ഥാനമായിരുന്നു പത്മനാഭപുരം. എഡി 1592 മുതല്‍ 1609 വരെ തിരുവിതാംകൂര്‍ ഭരിച്ച ഇരവിപ്പിള്ള ഇരവിവര്‍മ്മ കുലശേഖര പെരുമാളാണ് 1601 ല്‍ പത്മനാഭപുരം കൊട്ടാരനിര്‍മ്മാണത്തിന് തുടക്കമിട്ടതെന്ന് പുരാരേഖകളില്‍ കാണുന്നു. കുളച്ചല്‍ യുദ്ധവിജയത്തിനു ശേഷം 1744 ല്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ് കൊട്ടാരം ഇന്നുകാണുന്ന നിലയില്‍ പുതുക്കിപ്പണിതത്.
കൊട്ടാരവും ചുറ്റുമുള്ള പ്രദേശങ്ങളുടെയും സംരക്ഷണത്തിനായി 186 ഏക്കര്‍ വിസ്തൃതി ഉണ്ടായിരുന്ന പത്മനാഭപുരത്തെ മണ്‍കോട്ട മാറ്റി കരിങ്കല്‍കോട്ട നിര്‍മ്മിച്ചതും മാര്ത്താണ്ഡവര്മ്മയായിരുന്നു. കല്‍ക്കുളം എന്ന് അറിയപ്പെട്ടിരുന്ന സ്ഥലത്തിന് പത്മനാഭപുരം എന്ന് മാര്‍ത്താണ്ഡവര്‍മ്മ നാമകരണം ചെയ്തു. കരിങ്കല്ലില്‍ നിര്‍മ്മിച്ച നവരാത്രി മണ്ഡപം ഒഴിച്ച് കൊട്ടാരത്തിലെ മറ്റ് കെട്ടിട സമുച്ചയങ്ങളെല്ലാം ദാരു നിര്‍മ്മിതമാണ്. ധര്‍മ്മരാജാവിന്റെ (കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ) ഭരണാന്ത്യം വരെ (എഡി 1758-1798) പത്മനാഭപുരമായിരുന്നു തിരുവിതാംകൂറിന്റെ തലസ്ഥാനം. ഭരണസൗകര്യത്തിനായി പിന്നീട് തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു.
പൂമുഖം
കൊട്ടാരത്തില്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്നത് പൂമുഖമാണ്. കുതിരവിളക്ക്, ഓണവില്ല്, മാര്‍ബിള്‍ കട്ടില് എന്നിവ പൂമഖത്തെ അലങ്കരിക്കുന്നു. തടിയില്‍ കടഞ്ഞെടുത്ത അശ്വാരൂഢരായ രണ്ട് രാജവിഗ്രഹങ്ങള്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നു. ത്രികോണാകൃതിയിലുള്ള കവാടമാണുള്ളത്. കൊത്തുപണികളാല്‍ സമ്പുഷ്ടമായ മന്ദിരത്തില്‍ തടി കൊണ്ടള്ള തട്ടില്‍ 90 പൂക്കള്‍ കൊത്തിവച്ചിരിക്കുന്നു. അത്യപൂര്‍വ്വമായ കുതിരക്കാരന് വിളക്കും ഏഴു കഷ്ണം കരിങ്കല്ലുകൊണ്ടു നിര്‍മ്മിച്ച കട്ടിലും, ചീനക്കാര്‍ സമ്മാനിച്ച ചീനക്കസേരയും ഇവിടെയുണ്ട്. പൂമുഖത്തിന്റെ മുന്‍വശത്തായി കേരളീയ വാസ്തുശില്പശൈലിയില് നിമ്മിച്ച ദാരുശില്‍പ്പങ്ങള്‍ കൊത്തിവച്ച മൂന്നു മുഖപ്പുകള്‍ പൂമുഖത്തിന് ഭംഗിയേകുന്നു.
മന്ത്രശാല
പൂമുഖത്തിന്റെ മുകളിലത്തെ നിലയില്‍ സ്ഥിതി ചെയ്യുന്ന മുറിയാണ് മന്ത്രശാല. രാജ്യഭരണത്തെയാണ് മന്ത്രം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് ദര്‍ബാര്‍ ഹാള്‍. ഭരണപരമായ തീരുമാനങ്ങള്‍ രാജാവ് കൂടിയാലോചിച്ച് കൈക്കൊണ്ടിരുന്നത് മന്ത്രശാലയില്‍ വച്ചായിരുന്നു. ദാരുശില്പ്പകലയില് ഇന്നും ആശ്ചര്യം ഉണ്ടാക്കുന്നതാണ് മന്ത്രശാലയിലെ ശില്‍പ്പചാരുത. തട്ടും തുലാങ്ങളും. ഒരു മുഖപ്പ് മാത്രമുള്ള മന്ത്രശാലയ്ക്ക് പതിനൊന്ന് കിളിവാതിലുകളുണ്ട്. ഇതിന് വിവിധ വര്‍ണ്ണങ്ങളിലുള്ള അഭ്രപാളികള്‍ പിടിപ്പിച്ചിരിക്കുന്നു. ചൈനീസ് മാതൃകയില്‍ പണിതിട്ടുള്ള ഇരിപ്പിടങ്ങള്‍ കൊത്തുപണികള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. സമീപത്ത് ദിവസേന ആയിരം ബ്രാഹ്മണര്‍ക്ക് ഊട്ട് നടത്തിയിരുന്ന ഊട്ടുപുര, ഇവിടെ ഉപയോഗിച്ചിരുന്ന കൂറ്റന്‍ ചീനഭരണികള്‍ ഇപ്പോഴും പഴമയ്ക്ക് കോട്ടം തട്ടാതെ സൂക്ഷിച്ചിട്ടുണ്ട്.
തായ്ക്കൊട്ടാരം
കൊട്ടാര സമുച്ചയത്തിലെ ഏറ്റവും പഴക്കമുള്ള തായ്ക്കൊട്ടാരം ഇന്നും കേടുപാടുകളില്ലാതെ നിലകൊള്ളുന്നു. കൊട്ടാരസമുച്ചയത്തിലെ ഏറ്റവും പഴക്കം ചെന്ന കൊട്ടാരമാണ് ദര്‍ഭക്കുളങ്ങര കൊട്ടാരം എന്നുകൂടി പേരുള്ള തായ്ക്കൊട്ടാരം. നാലുകെട്ട് മാതൃകയില്‍ പണികഴിപ്പിച്ച ഈ കൊട്ടാരത്തിന് ഏകാന്ത മണ്ഡപം എന്ന വിശേഷണം കൂടിയുണ്ട്. കൊട്ടാരത്തിന് നിരവധി സവിശേഷതകളുണ്ട്. വരിക്കപ്ലാവിന് തടിയില്‍ നിര്‍മ്മിച്ച കന്നിത്തൂണ്‍ ഇവിടെ കാണാം. മനോഹരമായ കൊത്തുപണികളോടെ ഒറ്റത്തടിയില്‍ കൊത്തിയിരിക്കുന്ന ശില്‍പ്പങ്ങളും തൊങ്ങലുകളും വളയങ്ങളും കേരളീയ ശില്പ വൈഭവം വിളിച്ചറിയിക്കുന്നു. രാജഭരണകാലത്ത് ദേവീപ്രീതിക്കായി കളമെഴുത്തും പാട്ടും ഈ ഏകാന്തമണ്ഡപത്തില്‍ വച്ചായിരുന്നു നടത്തിയിരുന്നത്. രാജാക്കന്മാര് രക്ഷാമാര്‍ഗ്ഗമായി ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്ന തായ്കൊട്ടാരത്തിന്റെ നടുമുറ്റത്തില്‍ നിന്നാരംഭിക്കുന്ന തുരങ്കപ്പാത ഇവിടെനിന്ന് ഒരു കിലോമീറ്ററിലധികം അകലെയുള്ള ചാരോട് കൊട്ടാരം വരെ എത്തുന്നു.
പ്ലാമൂട്ടില്‍ ചാവടിയും വേപ്പിന്മൂട് കൊട്ടാരവും
പൂമുഖമാളികയുടെ പടിഞ്ഞാറ് ഭാഗത്തായി ‘എല്‍’ ആകൃതിയിലുള്ള ഇരുനിലകെട്ടിടമാണ് പ്ലാമൂട്ടില്‍ ചാവടി. പൂമുഖ മാളികയുടെ രണ്ടാം നിലയുടെ തറനിരപ്പിനേക്കാള്‍ താഴ്ന്ന തറനിരപ്പുള്ളതാണ് ഈ മന്ദിരം. പൂമുഖത്തിന്റെ രണ്ടാം നിലയില്‍ നിന്ന് പ്ലാമൂട്ടില്‍ ചാവടിയുടെ രണ്ടാം നിലയിലേക്ക് കടക്കുവാനായി തടിയില്‍ തീര്‍ത്ത ഒരു പാലം നിര്‍മ്മിച്ചിരിക്കുന്നു. പ്ലാമൂട്ടില്‍ ചാവടിക്ക് വടക്കും പടിഞ്ഞാറും ഭാഗത്താണ് വേപ്പിന്മൂട് കൊട്ടാരം. ഇതില്‍ പള്ളിയറയും അതോടനുബന്ധിച്ച് കരിങ്കല്ലു കൊണ്ടുള്ള ശൗചാലയവും ഉണ്ട്. ഉപ്പിരിക്കമാളികയ്ക്ക് സമാന്തരമായി തായ്കൊട്ടാരത്തിന്റെ പടിഞ്ഞാറ് ഭാഗം വരെ വ്യാപിച്ചു കിടക്കുന്ന വേപ്പിന്ന്മൂട് കൊട്ടാരത്തില്‍നിന്ന് ഉപ്പിരിക്കമാളികയിലേക്ക് എളുപ്പമെത്താന്‍ മൂന്നു വാതിലുകളും പാലങ്ങളും ഉണ്ട്.
ഉപ്പിരിക്കമാളിക
തായ്കൊട്ടാരത്തിന്റെ സമീപത്താണ് ‘ഉപ്പിരിക്കമാളിക’ (മൂന്ന് നിലകളുള്ള മാളിക). താഴെ ഖജനാവ്, മുകളില്‍ രാജാവിന്റെ ശയനമുറി, മൂന്നാംനിലയില്‍ തേവാരപ്പുര. ദേശനാഥനായ ശ്രീപദ്മാനാഭന് സമര്‍പ്പിച്ച ഈ മുറിയിലെ നാലുചുമരുകളില്‍ കേരളത്തിലെ അത്യപൂര്‍വ്വമായ ചുമര്‍ചിത്ര ശേഖരമുണ്ട്. അനന്തശയനം, ഗജലക്ഷ്മി, സുദര്‍ശന ചക്രം, ശ്രീരാമപട്ടാഭിഷേകം, അര്‍ദ്ധനാരീശ്വരന്‍, ശിവന്റെ ദിഗംബര നൃത്തം, നരസിംഹം, മഹിഷാസുരമര്‍ദ്ദിനി, കൃഷ്ണനും ഗോപികമാരും തുടങ്ങി വൈവിധ്യമാര്‍ന്നതാണ് ചിത്രശേഖരം. തേവാരപ്പുരയില്‍ രണ്ട് കെടാവിളക്കുകളും പട്ട് വിരിച്ച പീഠത്തില്‍ ഉടവാളും സൂക്ഷിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തു നടക്കുന്ന നവരാത്രിപൂജ വിഗ്രഹഘോഷയാത്രയ്ക്ക് ഈ ഉടവാളാണ് അകമ്പടിയായി കൊണ്ടു പോകുന്നത്. 64 മരുന്ന് തടികളാല്‍ നിര്‍മ്മിച്ച ഡച്ച് മാതൃകയിലെ കട്ടില് ഒന്നാം നിലയില്‍ സൂക്ഷിച്ചിരിക്കുന്നു. ഉപ്പിരിക്ക മാളികയ്ക്ക് സമീപത്തെ തേവാരക്കെട്ട് സരസ്വതി ക്ഷേത്രത്തില്‍ നിന്നാണ് നവരാത്രി പൂജയ്ക്കായി സരസ്വതി വിഗ്രഹം എഴുന്നള്ളിക്കുന്നത്.
സംസ്ഥാന പുനഃസംഘടനയെ തുടര്‍ന്ന് കൊട്ടാരം കേരള പുരാവസ്തുവകുപ്പ് നിലനിര്‍ത്തിയെങ്കിലും ക്ഷേത്രം കന്യാകുമാരി ദേവസ്വംബോര്‍ഡിന് കൈമാറിയിരുന്നു. രാജഭരണകാലത്ത് ഓഫീസ് മുറിയായിരുന്ന ചന്ദ്രവിലാസം മാളിക നിര്‍മ്മാണകലയിലെ വിസ്മയമാണ്. ചന്ദ്രവിലാസം മാളികയില്‍ തെക്കെ തെരുവിലാണ് അമ്പാരി മുഖപ്പ്. അമ്പാരിയുടെ മാതൃകയില്‍ കൊട്ടാരത്തിന് പുറത്തേക്ക് മുഖപ്പ് തള്ളിനില്ക്കുന്നു.
നവരാത്രി മണ്ഡപം
തെക്കേ തെരുവ് മാളികയ്ക്ക് സമീപമാണ് നവരാത്രി മണ്ഡപം. പൂര്‍ണ്ണമായും കരിങ്കല്ലില്‍ തീര്‍ത്ത മണ്ഡപത്തിന്റെ തറ മിനുസമേറിയതാണ്. നവരാത്രി മണ്ഡപത്തിലായിരുന്നു രാജഭരണകാലത്ത് നവരാത്രി പൂജ നടന്നിരുന്നത്. നവരാത്രി പൂജയോടനുബന്ധിച്ച് വിദ്വല്‍സദസ്സും സംഗീതസദസ്സും ഇവിടെ നടത്തിയിരുന്നു. സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലഘട്ടം മുതലായിരുന്നു നവരാത്രി സദസ്സിന് കൂടുതല്‍ പ്രാമുഖ്യം നല്‍കിയത്. തിരുവിതാംകൂറിന്റെ തലസ്ഥാനം തിരുവന്തപുരത്തേക്ക് മാറ്റിയതോടെ നവരാത്രി മണ്ഡപത്തിലെ സംഗീതസദസ്സ് ശ്രിപദ്മനാഭസന്നിധിയിലേക്ക് മാറ്റപ്പെട്ടു. എന്നിരുന്നാലും നവരാത്രി ദിവസം ഇന്നും ആചാരപ്രകാരം ഒമ്പതു ദിവസം നീണ്ടു നില്ക്കുന്ന സംഗീത സദസ്സ് നടന്നുവരുന്നു. സ്വാതിതിരുനാള്‍ മഹാരാജാവ് നിരവധി കീര്‍ത്തനങ്ങള്‍ രചിച്ചതും നവരാത്രി മണ്ഡപത്തില്‍ വച്ചായിരുന്നു.
ഇന്ദ്രവിലാസം മാളിക
തെക്കേ തെരുവ് മാളികയ്ക്ക് സമീപം ഇന്ദ്രവിലാസം മാളിക തലയുര്‍ത്തി നില്ക്കുന്നു. യൂറോപ്യന്‍ കെട്ടിടനിര്‍മ്മാണ ശൈലിയില്‍ നിര്‍മ്മിച്ച ഈ മാളിക രാജഭരണകാലത്തെ അതിഥി മന്ദിരമായിരുന്നു. കൊട്ടാരത്തിന് മുന്‍ഭാഗത്ത് പില്ക്കാലത്ത് പുതുക്കി നിര്‍മ്മിച്ച കെട്ടിടത്തില്‍ പുരാവസ്തുമ്യൂസിയം പ്രവര്‍ത്തിക്കുന്നുണ്ട്. ശിലാരേഖകള്‍, ചരിത്രാവശിഷ്ടങ്ങള്‍, നാണയങ്ങള്‍, ചെപ്പേടുകള്‍ എന്നിവ ഇവിടെയുണ്ട്. കൊട്ടാരത്തിന് പുറത്തുള്ള തെക്കേകൊട്ടാരം മൂന്ന് നാലുകെട്ടുകള്‍ ചേര്‍ന്ന 12 കെട്ടാണ്. കുളം, കുളിപ്പുര എന്നിവ ചേര്‍ന്ന ദാരുനിര്‍മ്മിതമായ കേരളീയ വാസ്തുശില്‍പ്പ ശൈലിയും ഇവിടെ കാണാം.
കാലം മാറിയിട്ടും കാലക്കേടില്ലാതെ നിലനില്‍ക്കുന്ന ഈ കൊട്ടാരം സന്ദര്‍ശിക്കാന്‍ പ്രതിദിനം നൂറുകണക്കിനാളുകള്‍ എത്തിച്ചേരുന്നു. വാസ്തുവിദ്യാര്ത്ഥികള്ക്ക് ഒരു പാഠശാലകൂടിയാണ് ഇന്ന് പദ്മനാഭപുരം കൊട്ടാരം. വാസ്തുവിദ്യ അനുസരിച്ച് കേരളത്തിലും തമിഴ്നാട്ടിലും നിര്‍മ്മിക്കുന്ന കെട്ടിടങ്ങളിലെ ഏതെങ്കിലും ഭാഗത്ത് പദ്മനാഭപുരം കൊട്ടാരത്തിലെ വാസ്തു ശില്പചാരുതയെ മാതൃകയാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: