അമേരിക്കന്‍ വംശജനായി ജനിച്ച് ഇന്ത്യയെ മനസില്‍ കുടിയിരുത്തിയ നടനും സംവിധായകനും എഴുത്തുകാരനുമായ ടോം ആള്‍ട്ടര്‍ വിടപറയുമ്പോള്‍ ഒരു ബഹുമുഖ പ്രതിഭയുടെ നഷ്ടമാണ് അദ്ദേഹത്തിന്റെ ആരാധകര്‍ക്കുള്ളത്. ഹോളിവുഡിലും ബോളിവുഡിലും ഉള്‍പ്പടെ വിവിധ ഭാഷകളിലായി 300ലധികം ചിത്രങ്ങളില്‍ അഭിനയിച്ച ടോം ആള്‍ട്ടര്‍ നിരവധി മേഖലകളില്‍ സ്വന്തം മേല്‍വിലാസം അടയാളപ്പെടുത്തിയിട്ടുണ്ട്. ത്വക് ക്യാന്‍സറായി മരിക്കുമ്പോള്‍ ആള്‍ട്ടറിന് 67 വയസായിരുന്നു. അദ്ദേഹത്തിന്റെ പ്രതിഭയെ മാനിച്ച് 2008ല്‍ പദ്ശ്രീ നല്കി രാജ്യം ആദരിച്ചു.
പുസ്തകമെഴുത്ത്, ചാനല്‍, സിനിമ, നാടകം എന്നീ രംഗങ്ങളില്‍ വ്യത്യസ്തത കൊണ്ടാണ് ആള്‍ട്ടര്‍ വേറിട്ടു നില്‍ക്കുന്നത്. മൂന്നു പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. അമേരിക്കന്‍ വംശജരുടെ കുടുംബത്തിലെ അംഗമായി മുസൂറിയില്‍ 1950ല്‍ ജനിച്ച ടോം ആള്‍ട്ടര്‍ 70 കളില്‍ ഇന്ത്യയില്‍ തിരിച്ചെത്തി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അഭിനയത്തിന് സ്വര്‍ണ്ണ മെഡലോടെയാണ് അദ്ദേഹം പുറത്തിറങ്ങിയത്. 1976 ല്‍ റിലീസായ ചരസ് ആയിരുന്നു ആദ്യചിത്രം. രാമാനന്ദസാഗര്‍ നിര്‍മിച്ച ഈ ചിത്രം ഹിറ്റായിരുന്നു. പിന്നീട് ആല്ട്ടറിന് സിനിമയില്‍ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ആസാമീസ്, ബംഗാളി, മറാത്തി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചു. പ്രിയദര്‍ശന്റെ ബിഗ് ബജറ്റു ചിത്രമായ കാലാപാനിയിലും അടുത്തിറങ്ങിയ അനുരാഗ കരിക്കിന് വെള്ളത്തിലും ആള്‍ട്ടര്‍ അഭിനയിച്ചു.
ഇന്ത്യയിലെ പ്രശസ്തരുടെ ചിത്രങ്ങളില്‍ അഭിനയിച്ചു കൊണ്ടുതന്നെയാണ് ടോം ആള്‍ട്ടര്‍ പ്രേക്ഷകനു തന്റെ മുഖം പരിചയപ്പെടുത്തിയത്. സത്യജിത് റേ, ശ്യം ബെനഗില്‍, മനോജ് കുമാര്‍, രാജ്കപൂര്‍ എന്നിവരുടെ സിനിമകളില്‍ അഭിനയിക്കാനുള്ള ഭാഗ്യവും ആള്ട്ടറിനുണ്ടായി. ആഷിഖ് എന്ന ചിത്രത്തിലെ വേഷം വലിയ പ്രേക്ഷക പ്രീതിയാണ് നല്‍കിയത്. 90കളില്‍ പ്രേക്ഷകനു സ്ഥിരം പരിചയമുള്ള മുഖമായി അദ്ദേഹം മാറി. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി,വണ്‍ നൈറ്റ് വിത്ത് കിങ് തുടങ്ങിയ ഇംഗ്ലീഷ് ചിത്രങ്ങളിലൂടെ ഹോളിവുഡിലും തിളങ്ങി.
ജുനൂന് സീരിയലിലെ അധോലോക നേതാവിന്റെ റോളില്‍ മിന്നിയ ടോം ആള്‍ട്ടറിന് വന്‍ ആരാധകരുണ്ടായിരുന്നു. അഞ്ച് വര്‍ഷമാണ് ആ സീരിയല്‍ നീണ്ടുനിന്നത്. മികച്ച സ്പോര്‍ട്സ് ലേഖകനായിരുന്ന ആള്‍ട്ടറാണ് ആദ്യമായി ടെലിവിഷനു വേണ്ടി സച്ചിന് ടെണ്ടുല്‍ക്കറെ അഭിമുഖം ചെയ്തത്. സച്ചിന് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കും മുന്‍പായിരുന്നു ഈ അഭിമുഖം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: