വേങ്ങര: മഴയും വെയിലും ഒന്നിടവിട്ട ദിവസങ്ങളില്‍ വിരുന്നെത്തുന്നത് കൊണ്ട് അന്തരീക്ഷത്തില്‍ വലിയ ചൂടില്ല. ചിത്ര തെളിയുന്നതോടെ തെരഞ്ഞെടുപ്പ് ചൂട് അഗ്നിപോലെ ആളിപടരുമെന്ന് കരുതിയവര്‍ക്ക് നിരാശയാണ് ഫലം. വേങ്ങര ശാന്തമാണ്. അങ്ങിങ്ങ് ഉയര്‍ന്ന് നില്ക്കുന്ന പാര്‍ട്ടികളുടെ പതാകകളും പോസ്റ്ററുകളും ബോര്‍ഡുകളും മാത്രം. ആക്രമണ പ്രത്യാക്രമണങ്ങളൊന്നുമില്ലാതെയാണ് മുന്നണികള്‍ പ്രചാരണം നടത്തുന്നത്. മന്ത്രി ആഞ്ഞടിച്ചു, നേതാവ് ഇളക്കി മറിച്ചുയെന്ന് ഒരു ആത്മസംതൃപ്തിക്കുവേണ്ടി അണികള്‍ സോഷ്യല്‍ മീഡിയകളില്‍ എഴുതുന്നതല്ലാതെ വേങ്ങരയില്‍ ഒന്നും നടക്കുന്നില്ല. പ്രചാരണം ആരംഭിച്ച സമയത്ത് മുന്നണി നേതാക്കള്‍ വരികയും ചെറിയ അനക്കം ഉണ്ടാക്കുകയും ചെയ്തിരുന്നു. പക്ഷേ ഇപ്പോള്‍ അതും നിലച്ചിരിക്കുകയാണ്. ഇനി അവസാനഘട്ടത്തില്‍ മാത്രമാണ് പ്രതീക്ഷ.
നാല് വര്‍ഷത്തിനിടെ അഞ്ചാമത്തെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന വേങ്ങരയിലെ ജനങ്ങള്‍ക്ക് എല്ലാം ശീലമായി കഴിഞ്ഞു. ചിരിക്കുന്ന മുഖത്തോടെ വോട്ടഭ്യര്‍ത്ഥിച്ചെത്തുന്ന സ്ഥാനാര്‍ത്ഥികളെ അതേ ചിരിയോടെ സ്വീകരിക്കുന്നു അത്രമാത്രം.
അവസാന ചിത്രത്തില്‍ ആറുപേരാണ് മത്സരരംഗത്തുള്ളത്. ബിജെപി ദേശീയ കൗണ്‍സിലംഗം കെ.ജനചന്ദ്രന് മാസ്റ്റര്‍(എന്‍ഡിഎ), മുന്‍ എംഎല്‍എ അഡ്വ.കെ.എന്‍.എ.ഖാദര്‍(യുഡിഎഫ്), അഡ്വ.പി.പി.ബഷീര്‍(എല്‍ഡിഎഫ്), അഡ്വ.കെ.സി.നസീര്‍(എസ്ഡിപിഐ), കെ.ഹംസ(സ്വതന്ത്രന്), ശ്രീനിവാസന്(സ്വതന്ത്രന്) എന്നിവര്‍ തമ്മിലാണ് പോരാട്ടം. ഇതില്‍ ഹംസ ലീഗ് വിമതനാണ്. കെ.എന്‍.എ.ഖാദറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ചാണ് ഹംസ പത്രിക നല്‍കിയത്. ഖാദര്‍ പത്രിക പിന്‍വലിച്ചാല്‍ താനും പിന്‍വലിക്കാമെന്ന നിലപാടിലായിരുന്നു ഹംസ. മുസ്ലീം ലീഗിലെ പ്രമുഖര്‍ ഇടപെട്ടെങ്കിലും ഹംസ വഴങ്ങിയില്ല. ഖാദറിന്റെ തോല്‍വിലാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഹംസ സ്ഥാനാര്‍ത്ഥിയായി തുടര്‍ന്നു. ഒക്ടോബര്‍ 11നാണ് തെരഞ്ഞെടുപ്പ് ഫലം 15ന് അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: