കൊച്ചി: ചേരാനെല്ലൂരിലെ മാട്ടുമ്മല്‍ ഭൂമിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി സിപിഎം ഏരിയാ കമ്മിറ്റി വിളിച്ച യോഗത്തില്‍ നിന്ന് നേതാക്കള്‍ മുങ്ങി. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ കെ.ജെ. ജേക്കബ്, കെ.എന്‍. ഉണ്ണികൃഷ്ണന്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.ജെ.ഡിവൈന്‍ എന്നിവരാണ് വിട്ടുനിന്നത്. മാട്ടുമ്മലെ 3.72 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുനല്‍കാന്‍ കൂട്ടുനിന്നവരാണ് യോഗത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയതെന്നാണ് ആരോപണമുയരുന്നത്.
സ്വകാര്യ വ്യക്തി അനധികൃതമായി കൈയേറിയ മാട്ടുമ്മലെ ഭൂമി തിരിച്ചുപിടിച്ചുകൊണ്ട് ഇടത് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്ത് സിപിഐ ബോര്‍ഡും കൊടിമരവും സ്ഥാപിച്ചു. ഇത് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെട്ട സംഘാം തകര്‍ത്തെന്ന് കാട്ടി സിപിഐ പോലീസില്‍ പരാതിയും നല്കി. ഇതോടെ സിപിഎം-സിപിഐ പോര് മുറുകി. പ്രശ്നം കൂടുതല്‍ വഷളാകാതിരിക്കാനാണ് സിപിഎം ഏരിയാ നേതൃത്വം ഇന്നലെ അടിയന്തിര യോഗം വിളിച്ചത്. എന്നാല്‍, ചില നേതാക്കള്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. സ്വകാര്യ വ്യക്തിയില്‍ നിന്ന് സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ ഒരുവിഭാഗം സിപിഎം നേതാക്കള്‍ക്ക് താത്പര്യമില്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
മാട്ടുമ്മലെ ഭൂമി വരാപ്പുഴ സ്വദേശി കൈയേറി മറിച്ചുവിറ്റെന്നായിരുന്നു ആരോപണം. ഭൂമി വാങ്ങിയവര്‍ ഏറെ നാളായി അവിടെ താമസിക്കുന്നുണ്ട്. ഇവര്‍ക്ക് പട്ടയം നല്‍കണമെന്ന് സിപിഎമ്മും കോണ്‍ഗ്രസ്സും ആവശ്യപ്പടുന്നുണ്ട്. സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ചതിനെതിരെ രണ്ടുപാര്‍ട്ടികളുടെയും പിന്തുണയോടെ ജനകീയ സമിതി ധര്‍ണയും നടത്തിയിരുന്നു. ഇതിന് വിശദീകരണം നല്‍കാനായി സിപിഐ ഒക്ടോബര്‍ മൂന്നിന് യോഗം ചേരാനിരിക്കെയാണ് സര്‍ക്കാറിനെ അഭിനന്ദിച്ച് സ്ഥാപിച്ച ബോര്‍ഡ് സിപിഎമ്മുകാര്‍ തകര്‍ത്തത്.
ഭൂമി തിരിച്ചുപിടിച്ച് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട പാവങ്ങള്‍ക്ക് നല്‍കണമെന്ന നിലപാടാണ് സിപിഐയ്ക്ക്. ഇക്കാര്യം സിപിഐ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: