ഒറ്റപ്പാലം:ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി റോഡ് തകര്‍ന്നിട്ടും നടപടി കൈക്കൊള്ളാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. ഗുണനിലവാരത്തോടെ നിര്‍മ്മിച്ച റോഡെന്നവകാശപ്പെടുമ്പോഴും കുഴിയില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ നിത്യസംഭവമാകുന്നു.
ഒറ്റപ്പാലം ടി.ബി.റോഡു മുതല്‍ തോട്ടക്കര, വീട്ടാംപാറ, ഷാപ്പുപടി, പനമണ്ണ, കോതകുറുശ്ശി,കീഴൂര്‍ കവല, തൃക്കടേരി തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍ക്കൊണ്ട 17 കിലോമീറ്റര്‍ ദൂരമുള്ള ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി റോഡാണ് തകര്‍ന്നിരിക്കുന്നത്. ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കു ദുരിതയാത്ര സമ്മാനിക്കുന്ന ഈ റോഡില്‍ അപകട മരണങ്ങളും വര്‍ധിക്കുന്നുണ്ട്.
ബിഎംആന്‍ഡ്ബിസി സാങ്കേതികവിദ്യകളോടെ നിര്‍മ്മിച്ച റോഡിന്റെ ഭൂരിഭാഗവും തകര്‍ന്ന നിലയിലാണ്. മിനിമം ഗ്യാരന്റിയോടെ നിര്‍മ്മിച്ച റോഡിന്റെ പല ഭാഗത്തായി ഏകദേശം മുന്നൂറ്റമ്പതോളം കുഴികളുണ്ട്. രാത്രി കാലങ്ങളില്‍ ഇതു വഴിവരുന്ന വാഹനങ്ങള്‍ കുഴിയറിയാതെ വീണ് അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുകയാണ്. അറ്റക്കുറ്റപ്പണികള്‍ക്ക് ടെണ്ടര്‍ നല്‍കിയതായി സൂചനയുണ്ടെങ്കിലും നടപടികളില്‍ വീഴ്ച വരുത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മഴ കനത്തതോടെ കുഴിയുടെ വ്യാപ്തി വര്‍ദ്ധിച്ച് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.ഇതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി.
ഒറ്റപ്പാലം,ചെര്‍പ്പുള്ളശ്ശേരി, അനങ്ങനടി,തൃക്കടീരി. പഞ്ചായത്ത് എന്നിവിടങ്ങളിലൂടെയാണ് 17 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് കടന്നു പോകുന്നത്.എന്നാല്‍ 2014 മുതല്‍ റോഡിന്റെ അറ്റക്കുറ്റപണികളോ കുഴിയടക്കലോ നടന്നിട്ടില്ലെന്ന ആരോപണമുണ്ട്. കുഴിയടക്കാന്‍ കരാറെടുത്തയാള്‍ മൂന്നു വര്‍ഷമായിട്ടും പണിനടത്താതിരുന്നതാണു റോഡിന്റെ ഈ അവസ്ഥക്കുകാരണം.
ഏഴ് ലക്ഷത്തോളം രൂപയുടെ കരാര്‍ അംഗീകരിച്ചെങ്കിലും പണിപൂര്ത്തിയാക്കിയിട്ടില്ലെന്ന ആരോപണവും നിലനില്ക്കുന്നു.
റോഡിന്റെ വശങ്ങളിലുള്ള അഴുക്ക്ചാലുകള്‍ അടഞ്ഞുകിടക്കുന്നത് റോഡില്‍ വെള്ളക്കെട്ടുണ്ടാക്കുന്നതിനും കാരണമായി. വരോട്, മുരുക്കുംപറ്റ, മംഗലം റോസ് 12 കിലോമീറ്ററാണു തകര്‍ന്നു കിടക്കുന്നത്. ഒരാഴ്ച മുമ്പ് വരോട് അത്താണിക്കു സമീപം കോതകുറുശ്ശി സ്വദേശിയുടെ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞത് മുന്നില്‍കണ്ട കുഴി ഒഴിവാക്കാന്‍ ശ്രമിച്ചതാണ്.
രണ്ടു ദിവസം മുമ്പ്തോട്ടക്കര വീട്ടാംപാറയില്‍ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോതകുറുശ്ശി ചന്ദനത്തൊടിയില് സക്കീര്‍ ഹുസൈന് (50 ) മരണപ്പെട്ടു. ഇതും റോഡിലെ കുഴി ഒഴിവാക്കാന്‍ നടത്തിയ ശ്രമത്തിനിടെ ഉണ്ടായ അപകടമാണ്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ദൈനം ദിനം ഉണ്ടാകുമ്പോഴും പരിഹാരം കണ്ടെത്താന്‍ പി.ഡബ്ല്യൂഡി തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: