കരുനാഗപ്പള്ളി: ജലശുദ്ധീകരണത്തിനുള്ള ഫില്‍റ്ററുകള്‍ ഗ്രാമങ്ങളില്‍ വിതരണം ചെയ്യാന്‍ അമൃതാനന്ദമയീമഠത്തിന് പദ്ധതി. പതിനായിരത്തിലേറെ ഗ്രാമങ്ങളില്‍ പ്രകൃതിദത്തമായ ശുദ്ധജലത്തിന്റെ അഭാവം ഉണ്ടെന്നും അതുമൂലം മലിന ജലം കുടിച്ച് പകര്‍ച്ചവ്യാധികള്‍ പകരുന്നുവെന്നുമുള്ള സര്‍വ്വേ റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണിത്.
അവികസിത ഗ്രാമങ്ങളുടെ വികസനം എന്ന പദ്ധതിയിലാണ് കുടിവെള്ള ശുദ്ധീകരണത്തിന് കമ്മ്യൂണിറ്റി ഫില്‍റ്ററുകള്‍ സ്ഥാപിക്കാന്‍ മഠം ഉദ്ദേശിക്കുന്നത്. ഇതിനായി ശുദ്ധജലം ലഭ്യമല്ലാത്ത നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഒരു ഗ്രാമത്തെ പ്രതിനിധീകരിച്ച് ആ ഗ്രാമത്തിന്റെ അംഗീകാരമുള്ള സമിതികള്‍, കരയോഗങ്ങള്‍, ഗ്രാമപഞ്ചായത്തുകള്‍ വഴിയോ അപേക്ഷ നല്‍കാം. ഫില്റ്ററുകളിലേക്ക് വെള്ളം എത്തിക്കാനുള്ള ചുമതല, ഫില്‍റ്റര്‍ സുരക്ഷിതമായി വെക്കുന്നതിനുള്ള സൗകര്യം, ഫില്‍റ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വൈദ്യുതി, സമയാസമയങ്ങളില്‍ (രണ്ടു മാസത്തില്‍ ഒരു തവണ) ഫില്‍റ്റര്‍ ക്ലീന്‍ ചെയ്യുന്നതിനുള്ള ഏര്‍പ്പാട് ഇവയെല്ലാം ഏറ്റെടുത്ത് ചെയ്തു കൊള്ളാമെന്ന സമ്മതപത്രം കൂടി ഉത്തരവാദപ്പെട്ട സമിതി അംഗങ്ങള്‍ ഒപ്പിട്ട് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
വെള്ളക്കടലാസില്‍ വിശദവിവരങ്ങള്‍ അടങ്ങിയ അപേക്ഷ സെക്രട്ടറി, മാതാ അമൃതാനദമയീ മഠം, അമൃതപുരി കൊല്ലം 690546 എന്ന വിലാസത്തില്‍ തപാല്‍ വഴിയോ [email protected] എന്ന ഇ മെയില്‍ വിലാസത്തിലേക്കോ പത്ത് ദിവസത്തിനകം അയയ്ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: