മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ പണം വാരിയെറിയുന്നവരെ പിടികൂടാന്‍ നിരീക്ഷകനെത്തി. തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചാല്‍ വലിയ പിഴയായിരിക്കും ചുമത്തുക. സാധാരണ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മലപ്പുറം ജില്ലയിലെ തെരഞ്ഞെടുപ്പിന് അല്പം ആഢംബര സ്വഭാവമുണ്ടാകാറുണ്ട്. ഇത് പ്രത്യേകം അധികൃതര്‍ പരിശോധിക്കും.
ചിലവുകള്‍ നിരീക്ഷിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച നിരീക്ഷകന് എം.ശ്രീകാന്ത് ജില്ലയിലെത്തി. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറായ ഇദ്ദേഹം ആന്ധ്രാപ്രദേശ് സ്വദേശിയും 2009 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനുമാണ്. തെരഞ്ഞെടുപ്പ് ചിലവുമായി ബന്ധപ്പെട്ട എല്ലാ പെരുമാറ്റച്ചട്ടങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നിര്‍ദ്ദിഷ്ട മാതൃകയില്‍ വരവ് ചെലവ് കണക്കുകള്‍ കൃത്യമായി സൂക്ഷിക്കണം. മോണിറ്ററിങ് കമ്മിറ്റിയുടെ ഷാഡോ എസ്പെന്റിച്ചര് രജിസ്റ്ററുമായി ഇത് ഒത്തുനോക്കും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രിന്റ് ചെയ്യുന്ന ലഘുലേഖകള്‍, പോസ്റ്ററുകള്‍ തുടങ്ങിവയവില് പ്രിന്റിംങ് സ്ഥാപനത്തിന്റെ പേര്, മേല്‍വിലാസം, കോപ്പികളുടെ എണ്ണം, പ്രിന്റര്‍, പബ്ലിഷര്‍ എന്നിവരുടെ പേര്, വിലാസം തുടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തണം. ഇലക്ഷന് സാമഗ്രികള്‍ പ്രിന്റ് ചെയ്യുന്നതിന് മമ്പായി പബ്ലിഷറുടെ ഐഡന്റിറ്റി സംബന്ധിച്ച ഡിക്ലറേഷന്‍ വ്യക്തിപരമായി അറിയുന്ന രണ്ട് ആളുകള്‍ സാക്ഷ്യപ്പെടുത്തി പ്രസ്സുടമ സൂക്ഷിക്കണം. ഓരോ ഇനവും പ്രിന്റ് ചെയ്ത് മൂന്ന് ദിവസത്തിനകം പ്രിന്റ് ചെയ്ത ഇനത്തിന്റെ നാല് കോപ്പി, ബില്‍ രേഖകള്‍, മറ്റു വിശദവിവരങ്ങള്‍ പ്രസ്സുടമ സൂക്ഷിക്കണം. ഇലക്ഷന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ഇവ ഹാജരാക്കണം. ലംഘിക്കപ്പെടുന്ന പ്രസ്സുടമകള്ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഇലക്ഷന് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
പെരുമാറ്റചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് നിരീക്ഷകന്റെ 702800446 നമ്പറില്‍ അറിയിക്കാം. നോഡല്‍ ഓഫീസര്‍ എന്‍.സന്തോഷ് കുമാര്‍ 857616011, അസിസ്റ്റന്റ് എക്സ്പെന്റിച്ചര്‍ ഓഫീസര്‍ എ.സി.അബ്ദുള്ള 9946222137.
പ്രതികരിക്കാൻ ഇവിടെ എഴുതുക: