കൊച്ചി: പാലാരിവട്ടം- മഹാരാജാസ് കോളേജ് റൂട്ടില്‍ ഒക്ടോബര്‍ മൂന്നുമുതല്‍ മെട്രോ ഓട്ടം തുടങ്ങും. സുരക്ഷയില്‍ റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ പച്ചക്കൊടി കാട്ടിയതിനെ തുടര്‍ന്നാണിത്.
മഹാരാജാസിലേക്ക് മെട്രോ നീട്ടുന്നതോടെ കൊച്ചിയിലെ സര്‍വീസിന്റെ നീളം 13 കിലോമീറ്ററില്‍ നിന്ന് 18.5 കിലോമീറ്ററാകും. നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് മെട്രോ സര്‍വീസ്. 11 സ്റ്റേഷനുകളിലാണ് ട്രെയിന്‍ ഓടുന്നത്. മഹാരാജാസ് വരെ നീട്ടുന്നതോടെ സ്റ്റേഷനുകളുടെ എണ്ണം 16 ആയി ഉയരും.
ആലുവ മുതല്‍ പാലാരിവട്ടം വരെ 40 രൂപയാണ് യാത്രാ നിരക്ക്. ആലുവയില്‍ നിന്ന് മഹാരാജാസ് വരെ 50 രൂപയായിരിക്കും നിരക്ക്. ഒക്ടോബര്‍ മൂന്നിന് രാവിലെ 11ന് എറണാകുളം ടൗണ്‍ഹാളിലാണ് ഉദ്ഘാടനം. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിക്കുക.
സുരക്ഷാ അനുമതി ലഭിച്ചതോടെ ട്രെയിനിന്റെ ട്രയല്‍ റണ്‍ തുടങ്ങിയിട്ടുണ്ട്. ഒന്‍പതു ട്രെയിനുകളാണ് മഹാരാജാസ് കോളേജ് വരെ സര്‍വീസ് നടത്തുക. ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം, കലൂര്‍, ലിസി, എം.ജി. റോഡ്, മഹാരാജാസ് കോളേജ് എന്നീ സ്റ്റേഷനുകളിലാണ് പുതുതായി ട്രെയിന്‍ എത്തുന്നത്. തൃപ്പൂണിത്തുറ പേട്ടവരെയുള്ള മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ടരവര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: