കോഴഞ്ചേരി:ആറന്മുള വഞ്ചിപ്പാട്ടിന്റെ പ്രോത്സാഹനത്തിനായി പള്ളിയോട സേവാസംഘവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച വഞ്ചിപ്പാട്ട് സോപാനം മത്സരത്തില്‍ മേലുകരപള്ളിയോടകരയുടെ വഞ്ചിപ്പാട്ട് സംഘം ഒന്നാം സ്ഥാനം നേടി.
ശംഖ്, ചക്ര, ഗദാ, പദ്മധാരിയായ മഹാവിഷ്ണു സങ്കല്‍പ്പത്തിലുള്ള പള്ളിയോടങ്ങളും ആറുമുളകെട്ടിയ ചങ്ങാടവും ആലേഖനം ചെയ്ത 51 പവന് സ്വര്‍ണത്തില്‍ നിര്‍മ്മിച്ച സുവര്‍ണ ട്രോഫിയും 25000 രൂപയുമാണ് ഒന്നാം സമ്മാനമായി നല്‍കുന്നത്.
വ്യവസായിയായ മഠത്തില്‍ രഘു കഴിഞ്ഞ വര്‍ഷം വഴിപാടായി സമര്‍പ്പിച്ചതാണ് ട്രോഫി. രണ്ടാം സ്ഥാനം കീഴ് വന്മഴി പള്ളിയോടകരയുടെ വഞ്ചിപ്പാട്ട് സംഘം നേടി. രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15000 രൂപയും മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് പതിനായിരം രൂപയും സമ്മാനമായി ലഭിക്കും.
ഇടയാറന്മുള കിഴക്കിനും ഇടപ്പാവൂര്‍ പേരൂരിനും മൂന്നാം സ്ഥാനം ലഭിച്ചു.
വഞ്ചിപ്പാട്ട് മത്സരങ്ങളുടെ ഉദ്ഘാടനം പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ കെ ജി ശശിധരന് പിള്ള നിര്‍വ്വഹിച്ചു. സെക്രട്ടറി പി ആര് രാധാകൃഷ്ണന്, കെ പി സോമന്, കൃഷ്ണകുമാര്‍ കൃഷ്ണവേണി, രതീഷ് ആര് മോഹന്‍ എന്നിവര്‍ പങ്കെടുത്തു.
ഡോ. നിബുലാല്‍ വെട്ടൂര്‍, ഡോ. മോഹനാക്ഷന്‍ നായര്‍, ഹരി കുറുപ്പ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. പാട്ടുകാരുടെ അവതരണം, ഭാവം, വേഷം, അക്ഷരസ്ഫുടത, താളം തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ പരിശോധിച്ചാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
വിജയികള്‍ക്കുള്ള സമ്മാന വിതരണം 29 ന് നടക്കുന്ന സമ്മേളനത്തില്‍ മഠത്തില്‍ രഘു നിര്‍വ്വഹിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ കെ ജി ശശിധരന് പിള്ള അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: