വിഴിഞ്ഞം: സംസ്ഥാന സര്‍ക്കാരിന്റെ നേത്യത്വത്തില്‍ നടക്കുന്ന തീരദേശ സുരക്ഷ പ്രഹസനമാകുന്നു. കരയില്‍ ശക്തമായ സുരക്ഷയും നിരീക്ഷണവുമൊരുക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും സുരക്ഷാ ക്രമീകരണങ്ങള്‍ നാമമാത്രമാകുന്നു. കടലിലും തീരത്തും സുരക്ഷക്കും നിരീക്ഷണത്തിനും ഉള്ളത് കോസ്റ്റ് ഗാര്‍ഡിന്റെ 407 എന്ന ചെറു കപ്പലും തീരദേശ പോലീസിന്റെ ഫൈവ് ടണ്‍ ശേഷിയുള്ള കുട്ടി ബോട്ടും മാത്രമാണ്.
അന്താരാഷ്‌ട്ര ജലപാതയോട് തൊട്ട് കിടക്കുന്ന വിഴിഞ്ഞം, കോവളം തീരങ്ങളുടെ തന്ത്രപ്രധാന്യം വിലയിരുത്തി മേഖലയുടെ സുരക്ഷക്ക് പ്രത്യേക പരിഗണന നല്‍കി രണ്ട് വര്‍ഷം മുന്‍പ് വിഴിഞ്ഞത്തെ തീര സംരക്ഷണ സേനക്ക് രണ്ട് പട്രോള്‍ ബോട്ടുകള്‍ അനുവദിച്ചിരുന്നു. നാല് മാസത്തോളമായി അറ്റകുറ്റപ്പണികള്‍ക്ക് ശേഷം കരയില്‍ ഒതുക്കിയിട്ടിരിക്കുകയാണ് ഈ ബോട്ടുകള്‍.
മണ്‍സൂണിനോടനുബന്ധിച്ച് കടല്‍ക്ഷോഭിച്ചിരുന്നതാണ് ബോട്ടുകള്‍ ഒതുക്കിയിടാന്‍ കാരണമായി പറഞ്ഞിരുന്നത്. കടല്‍ ശാന്തമായെങ്കിലും സുരക്ഷാ പരിശോധനക്കായി ബോട്ടുകള്‍ ഇറക്കണമെന്ന കാര്യം ബന്ധപ്പെട്ടവര്‍ മറന്നതുപോലെയാണ്.
കടലിലെ സുരക്ഷാ ചുമതലയുള്ള തീരദേശ പോലീസിന്റെ പട്രോള്‍ ബോട്ടുകളും പ്രവര്‍ത്തന സജ്ജമല്ല. ഏഴ് വര്‍ഷം മുന്‍പ് തീരദേശ പോലീസിന് അനുവദിച്ച് നല്‍കിയ മൂന്ന് പട്രോള്‍ ബോട്ടുകളില്‍ പന്ത്രണ്ട് ടണ്‍ ശേഷിയുള്ള രണ്ടെണ്ണവും എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് വിശ്രമത്തിലാണ്. ആകെയുള്ളത് ശക്തമായ കാറ്റോ തിരയോ ഉണ്ടായാല്‍ പുറത്തിറക്കാന്‍ കഴിയാത്ത കുഞ്ഞന്‍ പട്രോള്‍ ബോട്ടാണ്.
ഇതുപയോഗിച്ച് തീരത്തോട് ചേര്‍ന്നുള്ള തപ്പിത്തടഞ്ഞുള്ള പരിശോധനയും നിരീക്ഷണവുമാണ് നിലവിലുള്ളത്.
















