പത്തനംതിട്ട: ചെങ്ങറ ഭൂസമരം അട്ടിമറിക്കാനുള്ള സിപിഎം ഗൂഢാലോചനയുടെ ഭാഗമാണ് കഴിഞ്ഞ ദിവസം സമരഭൂമിയില്‍ ഉണ്ടായ സംഘര്‍ഷമെന്ന് അംബേദ്ക്കര്‍ സ്മാരക മാതൃകാഗ്രാമ വികസന സൊസൈറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തുടക്കം മുതല്‍ ചെങ്ങറഭൂസമരത്തെ എതിര്‍ത്തിരുന്ന സിപിഎം സമരഭൂമിയില്‍ രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കാന്‍ അടുത്തകാലത്തായി ശ്രമം തുടങ്ങിയതാണ് വിഭാഗീയതയ്ക്കും സംഘര്‍ഷത്തിനും വഴിവെച്ചത്. സംസ്ഥാന സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് ഡിവൈഎഫ്ഐയുടെ പേരില്‍ സമരഭൂമിയില്‍ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചതാണ് ഇപ്പോളത്തെ സംഘര്‍ഷത്തിന് കാരണം. കഴിഞ്ഞ ജൂലൈ 22ന് ജില്ലാകളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനപ്രകാരം രാഷ്ട്രീയാടിസ്ഥാനത്തില്‍ സമരഭൂമിയില്‍ പ്രവര്‍ത്തനങ്ങള്‍ പാടില്ല. ഇതിന്റെ ലംഘനമാണ് ഡിവൈഎഫ്ഐയുടെ പേരിലുള്ള ബോര്‍ഡ്. ചെങ്ങറ സമരക്കാരുടെ പേരില്‍ ഫ്ളക്സ് സ്ഥാപിച്ചാല്‍ ആരും എതിര്‍ക്കുമായിരുന്നില്ല. ഡിവൈഎഫ്ഐയുടെ പേരില്‍ ബോര്‍ഡ് വച്ചതിനെ ചോദ്യം ചെയ്ത ആളുകളെ ഒരുസംഘം അക്രമിക്കുകയായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ മലയാലപ്പുഴ എസ്ഐയുടെ നിര്‍ദ്ദേശം അനുസരിച്ച് വീടുകളിലേക്ക് മടങ്ങിയവരാണ് അക്രമിക്കപ്പെട്ടത്. നേരത്തെ കരുതിവച്ചിരുന്ന മുളകുവെള്ളം മുഖത്ത് ഒഴിച്ച ശേഷമാണ് ആളുകളെ അക്രമിച്ചത്. പലര്‍ക്കും പൊള്ളല്‍ ഏറ്റതില്‍ നിന്നും വെള്ളത്തില്‍ ആസിഡിന്റെ അംശം ഉള്ളതായും സംശയിക്കുന്നു. അക്രമത്തിലെ യഥാര്‍ത്ഥ പ്രതികളെ പോലീസ് രക്ഷപെടുത്തി. പകരം നിരപരാധികളായ സ്ത്രീകള്‍ അടക്കമുള്ളവരെയാണ് ജയിലില്‍ അടച്ചത്. അക്രമത്തിന് നേതൃത്വം നല്കിയ സതീശന് എന്നയാളെ കയ്യോടെ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചെങ്കിലും ഇയാളെ വിട്ടയച്ചു. സംഘര്‍ഷത്തിനിടെ ആളുമാറി സിപിഎം അനുകൂലികള്ക്കുതന്നെ വെട്ടേല്‍ക്കുകയായിരുന്നു. ഇതിന്റെ പേരില്‍ നിരപരാധികളായ ഒന്‍പത് പേരെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യുകയായിരുന്നെന്നും അവര്‍ പറഞ്ഞു. വികസന സൊസൈറ്റി ഭാരവാഹികളായ കെ.ബി.മനോജ്, പി.വൈ.ജോര്‍ജ്ജ്, എ.എന്‍.രാജേഷ്, ആര്.സോമരാജന്, കെ.കൃഷ്ണന്‍കുട്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: