ആലപ്പുഴ: ഹരിപ്പാട് മുതല്‍ അമ്പലപ്പുഴ വരെയുള്ള റെയില്‍പ്പാത ഇരട്ടിപ്പിക്കലിനുള്ള ഭൂമി ഏറ്റെടുക്കല്‍ 99 ശതമാനവും പൂര്‍ത്തിയായതായി കെ.സി. വേണുഗോപാല്‍ എംപി അറിയിച്ചു.
റെയില്‍വേ ട്രാക്കിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഡിപ് സ്‌ക്രീനിങ് ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ 20 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി. റെയില്‍വേ വികസന പദ്ധതികളുടെ സ്ഥിതി അവലോകനം ചെയ്യാന്‍ ഡിആര്‍എം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു എംപി.
മേല്‍പ്പാലങ്ങളുടെ കാര്യത്തില്‍ എഴുപുന്നയ്‌ക്കു മാത്രമാണു സംസ്ഥാന സര്‍ക്കാരില്‍ നിന്ന് അംഗീകാരം ലഭിച്ചത്.സബ് വേകള്‍ കായംകുളത്ത് 37 എണ്ണം പൂര്‍ത്തിയായി. ഹരിപ്പാട് അമ്പലപ്പുഴ പാതയില്‍ ഏഴ് സബ് വേകളില്‍ പാത ഇരട്ടിപ്പിക്കുന്ന വശത്തെ ഗേറ്റുകളില്‍ ആറെണ്ണം പൂര്‍ത്തിയായി.
ഹരിപ്പാട്ട് പ്രത്യേക റിസര്‍വേഷന്‍ കൗണ്ടര്‍ രാവിലത്തെ ഷിഫ്റ്റില്‍ ആരംഭിച്ചു. ഇതിന് അധിക സ്റ്റാഫിനെ അനുവദിച്ചു. ചേര്‍ത്തലയില്‍ ഒന്നും ആലപ്പുഴയില്‍ നാലും കായംകുളത്തു രണ്ടും ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കും. ചേര്‍ത്തലയിലും തുമ്പോളിയിലും പ്ലാറ്റ്‌ഫോം നിര്‍മാണം പൂര്‍ത്തിയായതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.
















