പാലക്കാട്:തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായി ബൊമ്മക്കൊലു ഒരുങ്ങി.ആരാധനയുടേയും കലയുടേയും വിദ്യയുടേയും ഉത്സവമായാണ് നവരാത്രി അറിയപ്പെടുന്നത്. ദേവീപൂജയാണ് നവരാത്രിയില്‍ പ്രധാനം. തമിഴ് ആചാരത്തിന്റെ ഭാഗമാണ് ബൊമ്മക്കൊലു ഒരുക്കുന്നത്.
പാലക്കാട് കര്ണ്ണകിനഗര് ജീജാ നിവാസില്‍ കെ.കുഞ്ചുക്കുട്ടിയും ഭാര്യ വത്സലയും ചേര്‍ന്നൊരുക്കിയ ബൊമ്മക്കൊലു കാണുവാന്‍ നിരവധിപ്പേരാണ് എത്തുന്നത്. കഴിഞ്ഞ 47 വര്‍ഷമായി എല്ലാ നവരാത്രിയിലും ഇവര്‍ ബൊമ്മക്കൊലു ഒരുക്കാറുണ്ട്. മൂന്നുതട്ടില്‍ നിന്നു തുടങ്ങിയ കൊലു ഇന്ന് ഒമ്പത് തട്ടുകളിലെത്തി. അഞ്ഞൂറിലധികം വിഗ്രഹങ്ങളാണ് കൊലുവിലുള്ളത്. വിനോദയാത്രപോകുമ്പോഴും തീര്ത്ഥാടനത്തിപോകുമ്പോഴും വാങ്ങിയവയാണ് ഇവയില്‍ അധികവും. വീട്ടിലെ ഗൃഹനാഥയായ വത്സലയാണ് കൊലുവൊരുക്കുന്നത്.
1970ലാണ് ബൊമ്മക്കൊലു ഒരുക്കിതുടങ്ങിയത്. വിവിധ വലുപ്പത്തിലുള്ള വിഗ്രഹങ്ങള്‍ ക്രമമനുസരിച്ചാണ് വച്ചിരിക്കുന്നത്. വ്രതാനുഷ്ഠാനങ്ങളോടെ നവരാത്രി ആഘോഷത്തിന്റെ ആദ്യദിനം തന്നെ കൊലുവൊരുക്കി പൂജ തുടങ്ങിയിരുന്നു. രണ്ടുനേരവും പൂജാരിയെത്തി പൂജ നടത്തും. തുടര്‍ന്ന് സമീപ വീടുകളില്‍ നിന്ന് സ്ത്രീകളും കുട്ടികളും പൂജകളില്‍ പങ്കെടുക്കാറുണ്ട്. ഇന്ന് വത്സലക്ക് സഹായവുമായി മക്കളും മരുമക്കളുമുണ്ട്.
ഗണപതി,ആദിപരാശക്തിയുടെ ഒമ്പത് രൂപങ്ങള്‍ക്കൊപ്പം ശ്രീരാമപട്ടാഭിഷേകം,അഷ്ടലക്ഷ്മി, ശിവ പാര്‍വ്വതി, ഗുരുവായൂരപ്പന്, ദശാവതാരം, എന്നിവയും ബൊമ്മക്കൊലുവിലുണ്ടാവും.നവരാത്രി ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും കൊലുകാണാനെത്തുന്ന കന്യകമാര്‍ക്കും സുമംഗലിമാര്‍ക്കും വെറ്റില, അടയ്ക്ക, പൂവ്, പ്രസാദം, ദക്ഷിണ, മഞ്ഞള്‍, കുങ്കുമം എന്നിവ താലത്തില്‍വച്ച് നല്‍കാറുണ്ട്.
വാഗ്ദേവതയായ സരസ്വതിക്കും ഐശ്വര്യദേവതയായ ലക്ഷ്മി ദേവിക്കും പ്രാധാന്യമുള്ള ചടങ്ങുകള്‍ നവരാത്രികാലത്തെ പ്രത്യേകതയാണ്.
ദേവിയുടെ ഒമ്പത് ഭാവങ്ങളെ-ദുര്‍ഗ, ഭദ്രകാളി, അംബ, അന്നപൂര്‍ണ, സര്‍വമംഗള, ഭൈരവി, ചന്ദ്രിക, ലളിത, ഭവാനി-ആരാധിക്കുന്നു. ആദ്യ മൂന്നുദിവസം ദുര്‍ഗക്കും അടുത്ത മൂന്നുദിവസം ലക്ഷ്മിക്കും അവസാന മൂന്നുദിവസം സരസ്വതിക്കുമാണ് പ്രാധാന്യം. തുളസി, കൂവളം എന്നിവയാണ് സാധാരണയായി പൂജക്കുപയോഗിക്കുക. തുളസി ലക്ഷ്മിയേയും കൂവളം ശിവനേയും പ്രതിനിധാനം ചെയ്യുന്നു.
കൊലു കാണാനെത്തുന്നവര്‍ക്ക് നവധാന്യങ്ങള്‍കൊണ്ടുള്ള പ്രസാദം നല്‍കും. 10 വയസ് വരെയുള്ള പെണ്‍കുട്ടികളെ ദേവിയുടെ പ്രതിനിധിയായി സങ്കല്പിച്ച് പൂജ നടത്തുന്നതും ഈ ചടങ്ങിന്റെ ഭാഗമാണ്. എല്ലാ ദിവസവും വ്രതമാചരിക്കാന്‍ സാധിക്കാത്തവര്‍ സപ്തമി, അഷ്ടമി, നവമി, ദശമി, ദിവസങ്ങളിലെങ്കിലും വ്രതമെടുക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: