ചിറയിന്‍കീഴ്: ചിറയിന്‍കീഴ് നിയോജകമണ്ഡലത്തിലെ വിവിധ വികസന പദ്ധതികള്‍ക്കായി 65 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ചിറയിന്‍കീഴിന്റെ സ്വപ്‌ന പദ്ധതിയായ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുളള ഫണ്ടും ഇതില്‍ ഉള്‍പ്പെടും. ഭൂമിയേറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരണവും ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരത്തുകയുടെ വിതരണവും ഉടന്‍ പൂര്‍ത്തിയാകും. ആലംകോട് മീരാന്‍കടവ് അഞ്ചുതെങ്ങ് മുതലപ്പൊഴി റോഡ് ഡിബിഎം ആന്റ് ബിസി പ്രവര്‍ത്തിയായി ചെയ്യുന്നതിന് കിഫ്ബിയില്‍ നിന്നും 31.33 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചു. മുതലപ്പൊഴി ഹാര്‍ബറിനേയും ദേശീയപാതയെയും ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. മുതലപ്പൊഴി ഹാര്‍ബറിനോടനുബന്ധിച്ച് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പു മുഖേന 3 കോടി രൂപയുടെ ടൂറിസം പ്രൊജക്ട് നടപ്പാക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പണി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വികരിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി അറിയിച്ചു.
















