വിഴിഞ്ഞം: കോവളം ബീച്ചിലെ റെസ്റ്റോറന്റില്‍ ബിയര്‍ ചോദിച്ചത്തിയ യുവാവ് ജീവനക്കാരെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സഹികെട്ട ജീവനക്കാര്‍ യുവാവിനെ പിടികൂടി പോലീസിനെ വിവരമറിയിച്ചെങ്കിലും അവര്‍ എത്താന്‍ വൈകിയതോടെ യുവാവ് കെട്ടഴിച്ച് രക്ഷപ്പെട്ടു. തുടര്‍ന്ന് മൂന്ന്‌പേര്‍ക്കൊപ്പം മടങ്ങിയെത്തിയ യുവാവ് കത്തികാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.മാണിക്യം വിളാകം സ്വദേശിയായ യുവാവാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ബിയര്‍ ലഭിക്കില്ല എന്ന് ജീവനക്കാര്‍ അറിയിച്ചതോടെ യുവാവ് അക്രമാസക്തനാകുകയായിരുന്നു. ബീച്ചിലെ സുരക്ഷയ്‌ക്കായി നിയോഗിച്ചിരുന്ന ടൂറിസം പോലീസിനെ മറ്റ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനാല്‍ ബീച്ചില്‍ സുരക്ഷ ഇല്ലാത്തതാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. യുവാവിനെ പിടികൂടിയതായും ഇയാള്‍ക്കെതിരെ ആരും പരാതി നല്കിയിട്ടില്ലെന്ന് കോവളം പോലീസ് പറഞ്ഞു.
















