നാഗര്‍കോവില്‍: പളുകല്‍ മത്തമ്പാല നിര്‍മ്മല്‍ കൃഷ്ണ ധനകാര്യ സ്ഥാപനങ്ങളുടെ മുഖ്യ ഉടമ നിര്‍മ്മലനെ പിടികൂടാന്‍ മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചു. കന്യാകുമാരി ജില്ലാ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിഎസ്പി പാല്‍ദുരെ യുടെ നേതൃത്വത്തില്‍ തിരുനെല്‍വേലി,തൂത്തുക്കുടി,വിരുദുനഗര്‍ ജില്ലകളിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പോലീസിനെയാണ് നിയോഗിച്ചിരിക്കുന്നത്.നിര്‍മ്മലന്‍ ഉള്‍പ്പെടെ പതിനെട്ടുപേരെ പ്രതിചേര്‍ത്താണ് നാഗര്‍കോവില്‍ സാമ്പത്തിക കുറ്റാന്വോഷണ വിഭാഗം കേസ്സടുത്തിരിക്കുന്നത്.ഇതില്‍ രണ്ടു പേര്‍ നേരത്തെതന്നെ പോലീസ് പിടിയിലായി ജയിലിലാണ്. മറ്റുള്ളവരെ പിടികൂടാന്‍ കേരള പോലീസിന്റെ സഹായവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ മൊത്തം 24 കോടി രൂപയുടെ തട്ടിപ്പാണ് പരാതിയായി നാഗര്‍കോവില്‍ പോലീസിന് ലഭിച്ചിട്ടുള്ളത്.കോടികള്‍ നിക്ഷേപിച്ചിട്ടുള്ള പലരും ഇന്‍കംടാക്‌സ്,എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ വിഭാഗങ്ങളെ പേടിച്ച് കേസ് കൊടുക്കുവാന്‍ തയ്യാറായിട്ടില്ല.ഇത്തരക്കാരുടെ പൂര്‍ണ്ണ വിവരങ്ങള്‍ നിര്‍മ്മലന്‍ പാപ്പര്‍ ഹര്‍ജിക്കായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള രേഖയില്‍ ചേര്‍ത്തിട്ടുണ്ട്. ചെറുകിട നിക്ഷേപകര്‍ സാമ്പത്തിക നേട്ടത്തിനായി നിക്ഷേപിച്ചുവെങ്കില്‍ വന്‍കിടക്കാരും രാഷ്ടീക്കാരും കള്ളപ്പണം വെളുപ്പിക്കാനാണ് നിര്‍മ്മല്‍ കൃഷ്ണ ധനകാര്യ സ്ഥാപനങ്ങളെ ഉപയോഗിച്ചിരുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്.
















