വിഴിഞ്ഞം: ടൂറിസം സീസണ്‍ പടിവാതിലിലെത്തിയിട്ടും കോവളത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ടൂറിസം വകുപ്പിന്റെ അനാസ്ഥ. ഏറ്റുവും കൂടുതല്‍ വിദേശ, സ്വദേശി ടൂറിസ്റ്റുകള്‍ എത്തിക്കൊണ്ടിരുന്ന കോവളം തീരത്തോട് അധികൃതര്‍ കാണിക്കുന്ന അനാസ്ഥയില്‍ വിനോദസഞ്ചാരികളെ കോവളത്ത് നിന്ന് അകറ്റുന്നു. സാധാരണ മണ്‍സൂണ്‍ സീസണിലാണ് കോവളം ബീച്ചിലും പരിസരത്തും ടൂറിസം വകുപ്പ് നിര്‍മ്മാണ, നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ നാളിതുവരെയായിട്ടും യാതൊരുവിധ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടില്ല.ടൂറിസം സീസണ് മുമ്പ് നടപ്പിലാക്കാന്‍ ലക്ഷ്യമിട്ട പല വികസന പദ്ധതികളും ഇന്നും ഫയലില്‍ ഒതുങ്ങുന്നു. പ്രാരംഭ നടപടികള്‍ക്കായുള്ള നടപടിക്രമങ്ങള്‍ തുടങ്ങാന്‍ പോലും അധികൃതര്‍ക്കായില്ല.
ഒട്ടനവധി അപകടങ്ങള്‍ക്ക് തീരം സാക്ഷ്യം വഹിച്ചിട്ടുള്ളതിനാല്‍ ബീച്ചിലെ പ്രധാന കവാടങ്ങള്‍ക്ക് മുന്നില്‍ വിവിധ ഭാഷകളിലെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും എന്നത് വെറുംവാക്കായി. പൊതു ശൗചാലയങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ എങ്ങുമെത്തിയില്ല. നിലവിലുള്ള ശൗചാലയങ്ങള്‍ പലതും വൃത്തിഹീനവും ഉപയോഗശൂന്യവുമാണ്. അപകട സുരക്ഷാ അലാറം സ്ഥാപിക്കുമെന്ന് പല തവണ പറഞ്ഞിരുന്നുവെങ്കിലും നടപ്പിലാക്കിയില്ല. ഓരോ തവണവും ലക്ഷങ്ങള്‍ മുടക്കി നവീകരിക്കുന്നു എന്നവകാശപ്പെടുന്ന നടപ്പാത മാസങ്ങള്‍ക്കുള്ളില്‍ പൊട്ടിപ്പൊളിയുന്നത് സ്ഥിരം കാഴ്ചയാകുന്നു. ഉപ്പ് കാറ്റ് വീശുന്ന കടല്‍ക്കരയിലെ നടപ്പാതയിലെ കൈവരിക്ക് ഉപയോഗിക്കുന്നതാകട്ടെ ഇരുമ്പു പെപ്പുകള്‍. ഇവ തുരുമ്പിച്ച് നശിച്ചതിനാല്‍ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
വൈദ്യുതി തുക അടയ്‌ക്കാന്‍ കാലതാമസം നേരിടുന്നതിനാല്‍ തീരവും പരിസരപ്രദേശങ്ങളും മിക്കവാറും ഇരുട്ടിലാണ്.അതിനാല്‍ സാമൂഹ്യ വിരുദ്ധ ശല്യവും രൂക്ഷമാകുന്നു. മാലിന്യ നിര്‍മ്മാര്‍ുജ്ജന സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തത് കാരണം തെരുവ് നായ്‌ക്കളുടെ സൈ്വരവിഹാരകേന്ദ്രമാണ് കോവളം തീരം. ലക്ഷക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടി തരുന്ന കോവളത്തോട് ടൂറിസം അധികൃതര്‍ തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. ആക്ഷേപങ്ങള്‍ ഉയരുമ്പോള്‍ മാത്രം ചില തട്ടിക്കൂട്ട് പണികള്‍ നടത്തി ജനങ്ങളുടെ കണ്ണില്‍പൊടിയിടുന്ന നടപടിയാണ് കണ്ടുവരുന്നത്.
കോവളത്തെ അപര്യാപ്തത കാരണം സഞ്ചാരികളുടെ വരവില്‍ ഗണ്യമായ കുറവുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവവും കൂടിയായപ്പോള്‍ കോവളം സഞ്ചാരികളുടെ ഭീകര കേന്ദ്രമായി മാറുന്നു.
















