പാലക്കാട്:ഫ്ളാറ്റ് നിവാസികള്‍ക്ക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് നഗരസഭ അവസരം നല്കുന്നില്ലെന്നുള്ള ആരോപണം തെറ്റാണെന്ന് പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരന് അറിയിച്ചു.
നഗരത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉറവിട മാലിന്യ സംസ്കരണം നടപ്പിലാക്കുക എന്ന നയത്തിന്റെ ഭാഗമായി സമ്പൂര്‍ണ്ണ ഉറവിട മാലിന്യ സംസ്കരണ സംവിധാനം നഗരത്തില്‍ നടപ്പിലാക്കാന്‍ നഗരസഭ തയ്യാറെടുത്തിരിക്കുകയാണ്. സ്വന്തമായി ഉറവിട മാലിന്യ സംസ്കരണം നടപ്പാക്കാന്‍ കഴിയുന്ന മുഴുവന്‍ വീടുകളിലും ഫ്ളാറ്റുകളിലും പദ്ധതി ജനങ്ങളുടെ സഹകരണത്തോടുകൂടി നടപ്പാക്കും.
ഇതിനുള്ള സാഹചര്യമില്ലാത്ത വീടുകളിലും ഫ്ളാറ്റുകളിലും താമസിക്കുന്ന ആളുകള്‍ക്ക് നഗരസഭ വിവിധ ഭാഗങ്ങളിലായി ആരംഭിക്കുന്ന ഏറോബിക് കംപോസ്റ്റിംഗ് യൂണിറ്റുകള്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ഉപയോഗിക്കാമെന്നും നഗരസഭ അറിയിച്ചിരുന്നു. ഏറോബിക് കംപോസ്റ്റിംഗ് കേന്ദ്രങ്ങളില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനം ആവശ്യമായിട്ടുള്ള ആളുകള്‍ സെപ്തംബര്‍ 10നകം നഗരസഭ ഹെല്‍ത്ത് ഡിവിഷനുകളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് അറിയിച്ചിരുന്നു.
എന്നാല്‍ പാലക്കാട് നഗരത്തില്‍ നിന്നും ഫ്ളാറ്റുകളില്‍ താമസിക്കുന്ന 10 കുടുംബങ്ങള്‍ മാത്രമാണ് ഇതിനുള്ള അപേക്ഷ നല്‍കിയത്. നഗരസഭ ഒരുക്കുന്ന സംവിധാനം ഉപയോഗപ്പെടുത്താന്‍ മുന്നോട്ട് വരാതെ പദ്ധതിയെ മുന്‍വിധിയോടെ അട്ടിമറിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇനിയും ഏറോബിക് കംപോസ്റ്റിംഗ് യൂണിറ്റുകള്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ നഗരസഭ ഹെല്‍ത്ത് ഡിവിഷനുകളില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്നും അറിയിച്ചു.
ശുചിത്വ നഗരമെന്നുള്ള ലക്ഷ്യം മുന്‍നിര്‍ത്തി നഗരസഭ നടപ്പാക്കുന്ന ഈ പദ്ധതിയുമായി സഹകരിക്കാന്‍ മുഴുവന്‍ നഗരവാസികളും തയ്യാറാകണമെന്ന് പ്രമീളശശിധരന്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: