ഒറ്റപ്പാലം:താലൂക്കില്‍ പാതയോരങ്ങളിലും, പുഴയോരങ്ങളിലുമുള്ള അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ റവന്യൂവകുപ്പ് അലംഭാവം കാണിക്കുന്നതായി ആരോപണം.സംസ്ഥാന പാതയില്‍ കുളപ്പുള്ളി മുതല്‍ പത്തിരിപ്പാലവരെ നൂറ്റിനാല്പ്പതോളം കൈയേറ്റങ്ങള്‍ ഉള്ളതായി കണക്കാക്കിയിട്ടുണ്ട്.
ചായക്കട ഉള്‍പ്പടെ നിരവധി കച്ചവട സ്ഥാപനങ്ങള്‍ കാലങ്ങളായി റോഡ് കൈയേറികച്ചവടം നടത്തുണ്ട്. ഇത്തരം കൈയേറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കണമെന്നു താലൂക്ക് വികസന സമിതി തുടര്‍ച്ചയായി ആവിശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
എന്നാല്‍ ഓരോ മാസവും അഞ്ച് കൈയേറ്റങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യണമെന്നു വില്ലേജ് ഓഫീസര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഷൊര്‍ണ്ണൂര്‍, വാണിയംകുളം,ഒറ്റപ്പാലം,ലക്കിടി വില്ലേജ് ഓഫീസര്‍മാര്‍ ഇത്തരം കൈയേറ്റങ്ങള്‍ കണ്ടെത്തി നടപടി കൈകൊള്ളാന്‍ തയ്യാറാകുന്നില്ല. സര്‍വെയര്‍മാരുടെ സേവനം ലഭ്യമല്ലാത്തതിനാല്‍ കൈയേറ്റഭൂമി അളന്നു തിട്ടപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന മറുപടിയാണു വില്ലേജ് ഓഫീസര്‍മാര്‍ നല്‍കുന്നത്.
ഇത് താലൂക്ക് വികസന സമിതിയില്‍ ഉന്നയിച്ചപ്പോള്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിനു സര്‍വെയര്‍മാരുടെ ആവിശ്യമില്ലെന്നും വില്ലേജ് ഓഫീസര്‍മാര്‍ സര്‍വെയര്‍ പരിശീലനം നേടിയവരാണെന്നും സബ്കലക്ടര്‍ നൂഹ്ബാവ പറഞ്ഞു. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് കൈയേറ്റക്കാരെ പിന്തുണക്കരുതെന്നുഅദ്ദേഹം ആവശ്യപ്പെട്ടു.
ഓരോ മാസവും സംസ്ഥാന പാതയിലും പുഴയോരങ്ങളിലും കൂടുതല്‍ കൈയേറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. ഇത്തരം കൈയേറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത് മാഫിയാസംഘങ്ങളാണ്. കൈയേറ്റക്കാരില്‍ നിന്നും വാടക പിരിച്ച് പിഡബ്ല്യൂഡി ഉദ്യോഗസ്ഥരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നാണ് പൊതുജനങ്ങളുടെ ആക്ഷേപം.
ഇത് ശരിവെക്കുന്ന രീതിയിലാണു പിഡബ്ല്യൂഡി ഉദ്യോഗസ്ഥരുടെ പെരുമാറ്റവും. റോഡ് കൈയേറ്റം പി.ഡബ്ല്യൂഡി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടി എടുക്കാതെ ‘പാവങ്ങളല്ലേ ജീവിച്ചു പൊയ്ക്കോട്ടെ ‘എന്ന തണുപ്പന്‍ പ്രതികരണമാണു ഉണ്ടായിട്ടുള്ളത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒറ്റപ്പാലത്ത് നിഷ്ക്രിയമായപ്പോള്‍ ഭൂമാഫിയകള്‍ റോഡുകളും പുഴയോരങ്ങളും കൈയേറി മുന്നേറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: