ഓര്‍മ്മക്കടലില്‍ തിരയടിച്ചുവരുന്ന ആ പൗരുഷ ഗര്‍ജനവും മുഖത്തെ സ്വാഭാവിക ഭാവവുംകൊണ്ട് മലയാളിയെ അതിശയിപ്പിച്ച നടനൈവഭവം… അതേ, സുരേന്ദ്രനാഥ് തിലകന് എന്ന തിലകന്. അഭിനയത്തിന്റെ ഈ സമ്പൂര്‍ണ്ണ മനുഷ്യന് യാത്രയായിട്ട് ഇന്നേയ്ക്ക് അഞ്ച് വര്‍ഷം.
നാടക നടനായി അഭിനയം തുടങ്ങിയ തിലകന് സ്റ്റേജില്‍ നടന ചക്രവര്‍ത്തിയായി കത്തിനില്ക്കുമ്പോള് തന്നെയാണ് കെ.ജി.ജോര്‍ജിന്റെ കോലങ്ങളിലൂടെ സിനിമയിലെത്തുന്നത്. 200 സിനിമകളില്‍ അഭിനയിച്ച തിലകന്റെ അവസാന ചിത്രം ഉസ്താദ് ഹോട്ടലായിരുന്നു. നിരവധി സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. മികച്ച സ്വഭാവനടനുള്ള ദേശീയ അവാര്ഡ്് ലഭിച്ചു. മൂന്നുതവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡുനേടി. അതിലുപരി പൊതു സമ്മതിയുള്ള നടനായിരുന്നു തിലകന്.
നടനലോകത്തിലെ ഒറ്റയാനെന്ന് അഭിനയത്തിന്റെ വ്യാകരണം തീരെ അറിയാത്ത സാധാരണക്കാര്‍ പോലും തിരിച്ചറിഞ്ഞതാണ് അഭിനയം എന്നു പൊതുവെ പറയാവുന്ന തിലകന്റെ പെരുമാറ്റങ്ങള്‍. മറ്റുള്ളവരുടേത് കൃത്രിമമായ അഭിനയമാണെന്നു പ്രേക്ഷകനു മനസിലാക്കാന്‍ പോന്ന വേഷങ്ങളോടുള്ള തന്മയീഭാവം കാട്ടിയ ചുരുക്കം ചിലരില്‍ ഒരാളാണ് ഈ നടന്. കഥാപാത്രങ്ങളുടെ സ്വഭാവവും സ്ഥലകാല ബോധ്യങ്ങളും ചേര്‍ത്ത സമഗ്രത തിലകന്റെ പ്രത്യേകതയായിരുന്നു. ശബ്ദത്തിന്റെ വൈവിധ്യവും പക്വതയും മുഴക്കവും ശരീരമാസകലം കഥാപാത്രങ്ങളിലേക്കുമാറുന്ന സിദ്ധിയും മലയാളത്തില്‍ തിലകനോളം മറ്റാര്‍ക്കുമില്ല. സ്റ്റേജില്‍നിന്നും കിട്ടിയ ഈ രൂപപ്പെടലിന്റെ ആവോളം ആയിത്തീരലായിരുന്നു തിലകന്റെ സിനിമയിലെ കഥാപാത്രങ്ങള്‍.
കിലുക്കം, സന്മനസുള്ളവര്‍ക്കു സമാധാനം, സന്താനഗോപാലം, കിരീടം, മൂന്നാംപക്കം, നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, പെരുന്തച്ചന്, ഋതുഭേദം തുടങ്ങി നടനത്തിന്റെ പെരുന്തച്ചന് ഭാവങ്ങള്‍ കണ്ട് അനവധി സിനിമകള്‍ തിലകന്റെതായുണ്ട്.
സിനിമയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളുടെ പേരില്‍ കുറച്ചുകാലം സിനിമയില്‍നിന്നും മാറിനില്‍ക്കേണ്ടിവന്നു ഈ നടന്. സിനിമയിലെ ഏറ്റവും വലിയ മികവായ നടന സിദ്ധികൊണ്ട് ഇത്തരം ഒഴിവാക്കലിനെ മറികടക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഒരു ഉന്നതനായ കലാകാരന്റെ നീതിനിറഞ്ഞ അവകാശങ്ങളുടെ പോരാട്ട വാക്കുകള്‍ അന്ന് തിലകനില്നിന്നും കേരളംകേട്ടു.സാംസ്ക്കാരിക നായകന്മാര് പലരും തിലകനുവേണ്ടി വാദിച്ചു.പ്രത്യേകിച്ച് സുകുമാര്‍ അഴീക്കോട്. പിന്നീട് രണ്ടാംവരവില്‍ ചെയ്ത അതുല്യ വേഷങ്ങളായിരുന്നു ഇന്ത്യന്‍ റുപ്പിയിലേയും ഉസ്താദ് ഹോട്ടലിലേയും കഥാപാത്രങ്ങള്‍.
സിനിമയെവെല്ലുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുകയായിരുന്നു തിലകന്. ഇന്ന് അനേകര്‍ സിനിമയിലേക്കു വന്നിട്ടുണ്ടെങ്കിലും അവരെ സിനിമാക്കാരായിമാത്രം ഓര്‍ക്കാനാണ് വിധി.കഥാപാത്രങ്ങളിലൂടെ ഓര്‍ക്കാന്‍ അവര്‍ പ്രാപ്തരാകുന്നില്ല. അവിടെയാണ് തിലകന്റെ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: