ചരിത്രവും ഐതിഹ്യവും സമന്വയിച്ച പശ്ചാത്തലം. ജനഹൃദയങ്ങളില്‍ ഭക്തിയുടെ തെളിമ പടര്‍ത്തി ശാന്തിയുടെ തീരത്തേക്ക് കൈപിടിച്ചുയര്‍ത്തുന്ന മണ്ണാറശ്ശാലക്കാവ്. നാഗരാജാവും സര്‍പ്പദൈവങ്ങളും നാഗോപാസകയായ പൂജാരിണി വലിയമ്മയും ഭക്തര്‍ക്ക് സാന്ത്വനമേകുന്ന കാവില്‍ ക്ഷേത്രാചാര അനുഷ്ഠാനങ്ങളുടെ കാവലാളായി, എണ്‍പതിന്റെ നിറവ് നുകര്‍ന്ന് ഇല്ലത്തെ എം.കെ. പരമേശ്വരന് നമ്പൂതിരി കാരണവര്‍ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടിരിക്കുന്നു.
നാഗദൈവങ്ങളെ വണങ്ങി, വലിയമ്മയെ ദര്‍ശിച്ച് വഴിപാടുകള്‍ നടയ്ക്ക്വെച്ച് സംതൃപ്തരാകുന്ന ഭക്തരുടെ മനസ്സിലേക്ക് കാരണവരുടെ വിനയാന്വിതമായ വാക്കുകള്‍ ജീവിതത്തിന്റെ പൊരുളുകളുടെ നിലവറ തുറക്കുന്നു. ആദ്ധ്യാത്മിക ചിന്തയുണര്‍ത്തുന്ന മണ്ണാറശ്ശാലയുടെ സാന്നിദ്ധ്യം മനുഷ്യ മനസ്സുകളില്‍ പരമാത്മചൈതന്യം ഉണര്‍ത്തി, മനുഷ്യനും ഈശ്വരനും ഒന്നാണെന്ന അദ്വൈത ദര്‍ശനത്തിലേക്ക് വലിയമ്മയും കാരണവരും ഏവരേയും കൂട്ടിക്കൊണ്ടുപോകുന്നു.
വിഷ്ണുഭഗവാന്റെ അവതാരമായ പരശുരാമന് മണ്ണാറശ്ശാലയില്‍ പ്രതിഷ്ഠിച്ച നാഗദൈവങ്ങള്‍ക്ക് പൂജകള്‍ ചെയ്യാന്‍ ഇരിങ്ങാലക്കുടയില്‍ നിന്നും കൊണ്ടുവന്ന പണ്ഡിത ബ്രാഹ്മണ ശ്രേഷ്ഠന്റെ പിന്തലമുറക്കാരായി വാഴ്ത്തപ്പെട്ടവരാണ് മണ്ണാറശ്ശാല ഇല്ലത്തെ കുടുംബാംഗങ്ങള്‍. ഒരു സര്‍പ്പശിശുവും ഒരു മനുഷ്യശിശുവിനും ഒരേ സമയം ജന്മം നല്കിയ മാതാപിതാക്കളായ ശ്രീദേവി അന്തര്‍ജ്ജനത്തിന്റെയും വാസുദേവന്‍ നമ്പൂതിരിയുടെയും പരമ്പരയുടെ സാമീപ്യം ദര്‍ശനത്തിനെത്തുന്നവര്‍ക്ക് അത്ഭുതമാണ്.
വലിയകാരണവരായിരുന്ന എം.വി. സുബ്രഹ്മണ്യന് നമ്പൂതിരി അന്തരിച്ചതിനെ തുടര്‍ന്നാണ് ഇല്ലത്തെ ഏറ്റവും മുതിര്‍ന്ന അംഗമായ പരമേശ്വരന് നമ്പൂതിരി കാരണവര്‍ സ്ഥാനത്ത് എത്തിയത്. പരമേശ്വരന് നമ്പൂതിരിക്ക് പൂജകള്‍ തപസ്യയാണ്. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ തിളങ്ങുമ്പോഴും നാഗദൈവങ്ങള്‍ക്ക് പൂജകള്‍ ചെയ്യാനുള്ള നിയോഗം എന്നും നമ്പൂതിരിയെ വലയം ചെയ്തിരുന്നു. എഴുത്തുകാരനായും പ്രഭാഷകനായും അദ്ധ്യാപകനായും പ്രവര്‍ത്തിച്ചിരുന്ന നമ്പൂതിരി ഇപ്പോള്‍ മുഴുവന്‍ സമയവും നാഗദൈവങ്ങളെ ഉപാസിച്ച് ഭക്തര്‍ക്ക് ആത്മസാക്ഷാത്ക്കാരത്തിന്റെ വഴി കാണിച്ചുകൊടുക്കുകയാണ്.
എട്ട് പതിറ്റാണ്ടിനപ്പുറം ഇടവത്തിലെ എട്ടാം ദിനമായ അത്തംനാള്‍ വെള്ളിയാഴ്ച രാവിലെ 9.50ന് മണ്ണാറശാല ഇല്ലത്ത് ഒരു വായ്ക്കുരവ ഉയര്‍ന്നു. ഈ സമയം തൊട്ടടുത്തുള്ള മണ്ണാറശ്ശാല സ്കൂളില്‍ ഒന്‍പതാം ക്ലാസ് ആദ്യമായി തുടങ്ങുന്നതിന്റെ ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ സുന്ദരനായിഡു കാര്യം തിരക്കി. അവിടെ ഉണ്ടായിരുന്ന സ്കൂള്‍ മേലധികാരിയും ഇല്ലത്തെ കാരണവരുമായിരുന്ന വാസുദേവന്‍ നമ്പൂതിരി പറഞ്ഞു ‘ഇല്ലത്ത് ഒരു ഉണ്ണി പിറന്നിരിക്കുന്നു. മടല് നിലത്തടിക്കുന്ന ശബ്ദവും ഉയര്‍ന്നതിനാലാണ് പിറന്നത് ആണ്‍കുട്ടിയാണെന്ന് തിരുമേനിക്ക് മനസ്സിലായത്. ആ ഉണ്ണിയാണ് ഇന്ന് മണ്ണാറശ്ശാലക്കാവിന്റെ കാരണവര്‍. കുട്ടിക്കാലം മുതലെ മന്ത്രധ്വനികളുടെ സഹയാത്രികനാണ് പരമേശ്വരന് നമ്പൂതിരി. മുന്‍കാരണവരായിരുന്ന സുബ്രഹ്മണ്യന് നമ്പൂതിരിയുടെ അച്ഛന് വാസുദേവന്‍ നമ്പൂതിരിയില്‍ നിന്നാണ് പൂജകളെല്ലാം പഠിച്ചത്.
മണ്ണാറശാല ഇല്ലത്തെ എം.ജി. കേശവന് നമ്പൂതിരിയുടെയും ചാലക്കുടി മുരിങ്ങൂര്‍ മനയ്ക്കല്‍ ശ്രീദേവി അന്തര്‍ജ്ജനത്തിന്റെയും മകനായി 1937 മെയ് 21നാണ് ജനനം. വിദ്യാഭ്യാസത്തിനായി പുറത്തുപോകുമ്പോഴും പൂജാവേളയില്‍ ഇല്ലത്ത് ഉണ്ടാകണമെന്ന അച്ഛന്റെ കര്‍ക്കശ നിലപാടാണ് പരമേശ്വരന് നമ്പൂതിരിയെ പൂജകളില്‍ ആകൃഷ്ടനാക്കിയത്. കാവുകളുടെ ശാന്തതയും പുള്ളുവന്‍ പാട്ടിന്റെ ഈരടികളും വേദമന്ത്രോച്ചാരണങ്ങളും നമ്പൂതിരിയെ ഒരു കലാകാരനായിക്കൂടി ഒരുക്കിയെടുക്കുന്നതിന് നിമിത്തമായി. 17-ാം വയസ്സില്‍ കഥകള്‍ എഴുതിത്തുടങ്ങി. നാലുകെട്ട്, മൂന്ന് വെള്ളിക്കാശ്, വേഴാമ്പല്‍, രണ്ടിളം ചുണ്ടുകള്‍, ഒരു പൂമൊട്ട് എന്നിവ അദ്ദേഹത്തിന്റെ ചെറുകഥകളാണ്. ഒന്‍പത് കഥകളടങ്ങിയ ‘അഞ്ചാംവേളി’ എന്ന ചെറുകഥാസമാഹാരവും ‘കാര്‍മേഘങ്ങള്‍’ എന്ന നേവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഗംഗയാറൊഴുകുന്ന നാട്ടില്‍’ യാത്രാവിവരണമാണ്.
മണ്ണാറശ്ശാല സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം, കോട്ടയം സി.എം.എസ്. കോളേജില്‍ ഇന്റര്‍മീഡിയറ്റ്, ചങ്ങനാശേരി എന്‍.എസ്.എസ്. കോളേജില്‍ ഇംഗ്ലീഷിലും സംസ്കൃതത്തിലും ബിരുദപഠനം, ബസവന്ത് രാജ്പുട്ട് സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം. എല്‍.എല്‍.ബിക്ക് എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങില്‍ പഠനം നടത്തിയെങ്കിലും എന്റോള്‍ ചെയ്യാനായില്ല. സെക്രട്ടേറിയേറ്റില്‍ ക്ലാര്‍ക്കായി നിയമന ഉത്തരവ് വന്നെങ്കിലും പൂജകളില്‍ നിന്ന് അകലുമെന്ന് കാരണത്താല്‍ വേണ്ടെന്നുവച്ചു. 1962ല്‍ മണ്ണാറശ്ശാല സ്കൂളില്‍ ഹെഡ്മാസ്റ്ററായി. 1992 ല്‍ വിരമിച്ചു.
ഭാര്യ കോട്ടയം നട്ടാശ്ശേരിയില്‍ കുമാരനല്ലൂര്‍ വടക്കുംമാലയില്‍ ഇല്ലത്ത് ശങ്കരന് നമ്പൂതിരിയുടെ മകള്‍ സതി അന്തര്‍ജ്ജനം, സ്കൂള്‍ അദ്ധ്യാപികയായ ജയ, എഞ്ചിനീയറായ വാസുദേവന്‍, ആയുര്‍വ്വേദ ഡോക്ടറായ ശേഷനാഗ് എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: