ബിരുദപഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ സ്റ്റാര്‍ട്ട് അപ്പ് വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതില്‍ തെല്ലും പുതുമയില്ല. സ്വന്തമായി നാല് കാശുണ്ടാക്കണമെന്ന ലക്ഷ്യമാണതിനു പിന്നില്‍. അനിരുദ്ധ്, നിഖില്‍, നിതേഷ് എന്നീ കൂട്ടുകാര്‍ ബാംഗ്ലൂരില്‍ ഒരു സ്റ്റാര്‍ട്ട് അപ് തുടങ്ങിയതും അങ്ങനെതന്നെ. അതിനുപിന്നില്‍ മഹത്തായ ഒരു ആശയംകൂടി ഉണ്ടായിരുന്നുവെന്നുമാത്രം- മാരകമായ അന്തരീക്ഷ മലിനീകരണത്തില്‍നിന്ന് ഭൂമിയെ രക്ഷിക്കാന്‍ തങ്ങളുടെ എളിയ സഹായം.
അതിനവര്‍ കണ്ടെത്തിയ മാര്‍ഗമിതാണ്- അന്തരീക്ഷത്തിലെ കരിയും പൊടിയും കാര്‍ബണ്‍ മാലിന്യങ്ങളും വലിച്ചെടുത്ത് ശുദ്ധീകരണം നടത്തുക; ഒപ്പം ആ മാലിന്യം കൊണ്ട് കാര്‍ബണ്‍ മഷികളും ചായങ്ങളും നിര്‍മ്മിക്കുക. അങ്ങനെ ലോകത്താദ്യമായി മാലിന്യം നിറഞ്ഞ അന്തരീക്ഷത്തില്‍നിന്ന് പെയിന്റുകളും മറ്റ് ചായങ്ങളുമുണ്ടാക്കുന്ന സാങ്കേതികവിദ്യ ജന്മമെടുത്തു. പ്രസിദ്ധരായ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മീഡിയ ലാബില്‍നിന്ന് ബിരുദമെടുത്ത അനിരുദ്ധ് ശര്‍മ്മയായിരുന്നു അവരുടെ നായകന്. ഒപ്പം ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നിഖില്‍ കൗശിക്, കമ്പ്യൂട്ടര്‍ സയന്‍സ് വിദഗ്ധനായ നിരോഷ് കദ്യാന് എന്നിവരും.
‘കാലാ ഇങ്ക്’ എന്ന ഉപകരണമാണ് മഷിയുണ്ടാക്കുന്നതിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ വായുവില്‍നിന്ന് സംഭരിക്കുന്നത്. കാര്‍, ബൈക്ക്, ഡീസല്‍ ജനറേറ്റര്‍ തുടങ്ങിയവയുടെ പുകക്കുഴലില്‍ ഈ ഉപകരണം ഘടിപ്പിക്കും. ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ നേരത്തെ പുക ലഭിച്ചാല്‍ ഒരു ഔണ്‍സ് മഷി നിര്‍മ്മിക്കാനുള്ള വസ്തുക്കള്‍ റെഡി. ജ്വലനം പൂര്‍ത്തിയാവാത്ത ഫോസില്‍ ഇന്ധനങ്ങളാണ് ‘കാലാ ഇങ്ക്’ പ്രധാനമായും ശേഖരിക്കുന്നത്. അവയിലെ ഘനലോഹങ്ങളും മാരകമായ രാസവിഷങ്ങളും അരിച്ചുമാറ്റുകയാണ് അടുത്ത ഘട്ടം. തുടര്‍ന്ന് കാര്‍ബണ്‍ പിഗ്മെന്റ് ശുദ്ധീകരിച്ചെടുക്കും. ഇതോടെ ബംഗളൂരുവിലെ ഗ്രാവികി ലാബില്‍ മാലിന്യമഷി ജനിച്ചുകഴിഞ്ഞു.
മാര്‍ക്കറുകള്‍, സ്ക്രീന്‍പ്രിന്റിംഗ് മഷി, ടി-ഷര്‍ട്ടുകളിലെ ചിത്രീകരണത്തിനുവേണ്ട ചായം തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം ഉപയോഗിക്കാവുന്ന മഷിയാണ് ഗ്രാവികിയില് നിര്‍മ്മിക്കുന്നത്. ഈ ചായം ഏറെ മേന്മയുറ്റതാണെന്ന് ശാസ്ത്രജ്ഞരും പറയുന്നു. സുരക്ഷിതം, ഗുണമേന്മയുള്ളത്, ജലപ്രതിരോധശേഷിയുള്ളത് എന്നിങ്ങനെയാണ് ‘എയര്‍ ഇങ്കി’ (വായുമഷി) ന്റെ വിശേഷണങ്ങള്‍. ലോകപ്രസിദ്ധ ശാസ്ത്രമാസികയായ ‘നാഷണല്‍ ജിയോഗ്രഫിക്കും’ ഈ മഷിയെ പ്രകീര്‍ത്തിക്കുന്നു. സാധാരണ കരിമഷികള്‍ അന്തരീക്ഷത്തിന് ഹാനിയുണ്ടാക്കുന്ന ഫോസില്‍ ഇന്ധനങ്ങള്‍ കത്തിച്ചുണ്ടാക്കുമ്പോള് ബംഗളൂരുവിലെ ‘എയര്‍ ഇങ്ക്’, ഫോസില്‍ ഇന്ധനം വരുത്തിവയ്ക്കുന്ന വിനകള്‍ ചെറുക്കുന്നു; ഒപ്പം അവയെ സംസ്കരിച്ച് മനുഷ്യന് ഉപകാരമുള്ള പദാര്‍ത്ഥമാക്കി മാറ്റുകയും ചെയ്യുന്നു. കഴിഞ്ഞ 12 മാസങ്ങള്‍കൊണ്ട് ഗ്രാവികി കമ്പനി 1000 ലിറ്റര്‍ ചായമാണ് ആകാശത്തുനിന്ന് വീശിപ്പിടിച്ച് നിര്‍മ്മിച്ചത്.
വായുമലിനീകരണം മൂലം പ്രതിവര്‍ഷം 10 ലക്ഷം മരണങ്ങള് സംഭവിക്കുന്ന ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഏറെ ആശാവഹമാണ് ‘എയര്‍ ഇങ്ക്.’ ഈ ഉപകരണം വ്യാപകമാവുകയും അതിന് പേറ്റന്റ് ലഭിക്കുകയും ചെയ്യുന്നതോടെ ബംഗളൂരുപോലുള്ള മാലിന്യനഗരങ്ങള്ക്ക് പുത്തന്‍ പ്രതീക്ഷകള്‍ ലഭിക്കുമെന്നതിന് തര്‍ക്കമില്ല. അതിന് തെളിവാണ് മലിനീകരണംമൂലം പൊറുതിമുട്ടുന്ന ദല്‍ഹിയില്‍ നിന്ന് ലഭിക്കുന്ന മറ്റൊരു സദ്വാര്ത്ത. അവിടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് പുറത്തിറങ്ങിയ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ഇതുപോലൊരു സ്റ്റാര്‍ട്ട് അപ് സംരംഭം തുടങ്ങിയിരിക്കുന്നു. ഡീസല്‍ ജനറേറ്ററുകളുടെ മാലിന്യപ്പുക പിടിച്ചെടുക്കാന്‍ അവരുമൊരു യന്ത്രസംവിധാനം രൂപപ്പെടുത്തി. പേര് ‘ചാര്.’ (രവമസൃ). നാഷണല്‍ കാപ്പിറ്റല്‍ റീജിയനിലെ അന്തരീക്ഷ മാലിന്യമപ്പാടെ പിടിച്ചെടുത്ത് വിവിധതരം മഷികള്‍ നിര്‍മ്മിക്കുകയാണവരുടെ ലക്ഷ്യം.
വാല്‍ക്കഷണം: വായുവിലെ പൊടിപടല മാലിന്യക്കണക്കില് ഏറ്റവും മുമ്പില്‍ നില്ക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്ത പരമാവധി മാലിന്യപരിധിയുടെ ഏഴിരട്ടിയിലധികമാണ് ഈ രാജ്യങ്ങളിലെ അന്തരീക്ഷ മലിനീകരണം. ഫലം ശ്വാസകോശ രോഗങ്ങള്‍, ശ്വാസകോശ കാന്‍സര്‍, ശ്വസനതടസം, ഹൃദയരോഗങ്ങള്‍ തുടങ്ങിയവ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: