ചെറിയ വിദ്യാഭ്യാസ യോഗ്യതകള്‍ നേടി സര്‍ക്കാര്‍ ജോലിക്ക് വേണ്ടി നെട്ടോട്ടമോടുന്നവര്‍ക്കിയില്‍ വ്യത്യസ്തനാകുകയാണ് ഡോ.ലക്ഷ്മിദാസന്. പഠനത്തിനുവേണ്ടി മാത്രം പ്ലസ്ടു അധ്യാപകന് എന്ന ജോലി ഉപേക്ഷിച്ച ആളാണ് ഇദ്ദേഹം. പിന്നീട് അങ്ങോട്ടു നേടിയതാകട്ടെ അസൂയാവഹമായ നേട്ടങ്ങള്‍. ഏറ്റവും കൂടുതല്‍ ബിരുദങ്ങള്‍ നേടിയ ആള് എന്ന ലോക റെക്കോര്‍ഡിലേക്ക് കുതിക്കുക എന്ന സ്വപ്നസാക്ഷാത്കാരത്തിന്റെ നിറവിലാണ് ഈ അത്ഭുത പ്രതിഭ. 49-ാം വയസ്സിനിടയില്‍ അദ്ദേഹം നേടിയത് ഒരു ഡീലിറ്റ് ബിരുദവും ആറ് ഡോക്ടറേറ്റും മുപ്പത്തിയഞ്ച് ബിരുദാനന്തര ബിരുദവും നാല് ബിരുദവും രണ്ട് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും ഏഴു ഡിപ്ലോമകളുമാണ്. ഇതു കൂടാതെ നൂറോളം ഭാഷകളും ഇദ്ദേഹത്തിനു കൈകാര്യം ചെയ്യാനാകും. പത്തോളം കവിതാ സമാഹാരങ്ങള്‍ ഉള്‍പ്പെടെ ഇരുപതില്‍ അധികം പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്.
ഗവേഷണത്തിലും, പഠനത്തിലും എഴുത്തിലും മാത്രം ഒതുങ്ങുന്നില്ല ഡോ.ലക്ഷ്മിദാസന്റെ ജീവിതസപര്യ. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിസിറ്റിംഗ് പ്രൊഫസര്‍, വിദ്യാഭ്യാസ, മാനേജ്മെന്റ്, ജ്യോതിഷ കണ്‍സള്‍ട്ടന്റ്, അഭിഭാഷകന്, വാസ്തുവിദ്യ വിദഗ്ധന്‍, ഫെങ്ഷൂയി ഉപദേഷ്ടാവ്, കലാകാരന്, പത്രപ്രവര്ത്തകന്, താന്ത്രിക വിദഗ്ധന്‍, ജെമ്മോളജിസ്റ്റ്, സൈക്കോ തെറാപ്പിസ്റ്റ്, തുടങ്ങി നിരവധി മേഖലകളില്‍ പ്രാവീണ്യമുണ്ട്.
മിക്കവാറും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ലക്ഷക്കണക്കിന് ആള്‍ക്കാരെ നേരില്‍ കണ്ടപ്പോള്‍ നേടിയ ആത്മവിശ്വാസവും പഠനത്തിന് കരുത്തേകി. സംസ്കൃത പണ്ഡിതനും, ജ്യോതിഷ പണ്ഡിതനുമെന്ന നിലയിലുള്ള പരിജ്ഞാനം പ്രശ്നപരിഹാരത്തിന് പലപ്പോഴും ഇദ്ദേഹത്തെ സഹായിക്കാറുണ്ട്. പിന്നെ നിയമപരിജ്ഞാനവും, ക്രിമിനോളജി ബിരുദവും, മന:ശാസ്ത്ര ബിരുദവും ആഴത്തിലുള്ള ഗവേഷണപഠനങ്ങളും ഒട്ടനവധി പ്രവചനങ്ങള്‍ക്കും സഹായിച്ചിട്ടുണ്ട്. നരേന്ദ്ര മോദി രാജയോഗത്തില്‍ നിന്നും ചക്രവര്ത്തിയിലേക്ക് മാറുമെന്ന വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ പ്രവചനം പിന്നീട് യഥാര്‍ത്ഥ്യമായി.
ഒട്ടനവധി വിദേശ രാജ്യങ്ങളിലെ ഭരണ തലവന്മാരുമായി നേരിട്ട് ബന്ധമുണ്ട്. എങ്കിലും വിവിധ മേഖലകളിലെ തന്റെ അനുഭവസമ്പത്ത് ജന്മനാടിന് വേണ്ടി ഫലപ്രദമായി ഉപയോഗിക്കണമെന്നാണ് ആഗ്രഹം. ജനങ്ങളെയും, സര്‍ക്കാരിനെയും സേവിക്കുന്നതിന്റെ ഭാഗമായി നേരിട്ട് ഭരണപങ്കാളിയാകാനുള്ള ആഗ്രഹവും മറച്ചു വയ്ക്കുന്നില്ല.
വിദ്യാഭ്യാസത്തിനാണ് ജീവിതത്തില്‍ പ്രാധാന്യം നല്‍കിയതെന്ന് ലക്ഷ്മിദാസന് പറയുന്നു. അധ്യാപകന്, വക്കീല്‍, എഴുത്തുകാരന്, ജ്യോതിഷി, ജേണലിസ്റ്റ്, ക്രിമിനോളജിസ്റ്റ്, സൈക്കോളജിസ്റ്റ്, സൈക്കോ തെറാപ്പിസ്റ്റ്, ഫിലോസഫര്‍, യോഗവിദഗ്ധന്‍, ലീഗല്‍ അഡൈ്വസര്‍ എന്നീ വിശേഷണങ്ങളെല്ലാം ലക്ഷ്മിദാസന് ചേരും.
പൗരസ്ത്യ പഠനങ്ങളിലെ മികവിനാണ് ഡീ ലിറ്റ് സമ്പാദിച്ചത്. മലയാളം, സംസ്കൃതം, ഹിന്ദി, ജ്യോതിഷം, വിദ്യാഭ്യാസം, മാനേജ്മെന്റ് എന്നീ വിഷയങ്ങളിലാണ് പിഎച്ച്ഡി ബിരുദങ്ങള്‍.
ജ്യോതിഷത്തില്‍ ഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള രോഗനിര്‍ണയമായിരുന്നു ഗവേഷണ വിഷയം. രോഗ നിര്‍ണയത്തിനൊപ്പം, രോഗനിര്‍മ്മാര്‍ജ്ജനവും പഠനവിഷയമായിരുന്നു. മുഹമ്മദ് നബിയുടെ ജീവിതം ആധാരമാക്കിയുള്ള’നബിചരിതം മഹാകാവ്യം’ എന്ന പുസ്തകം ഉടന്‍ ഷാര്‍ജ പുസ്തമേളയിലൂടെ പുറത്തുവരും. 17 അദ്ധ്യായങ്ങളിലായി 5000 വരികളില്‍ മലയാളം, സംസ്കൃതം, അറബി എന്നിവ ഇടകലര്‍ന്നുള്ള മണിപ്രവാള ഭാഷയില്‍ മഹാകാവ്യ ലക്ഷണങ്ങളോടെയാണ് രചന. ശ്രീനാരായണ ദര്‍ശനവും, ശാശ്വതീകാനന്ദ സ്വാമികളും, ഹിന്ദുജീവന കല, വാസ്തുദീപിക, ഭാരതപ്പഴമ, ബുദ്ധപൂര്‍ണിമ, ഗേറ്റ് വേ ഓഫ് ഇന്ത്യന്‍ കള്‍ച്ചര്‍ തുടങ്ങിയവ ഇദ്ദേഹത്തിന്റെ രചനകളാണ്.
കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ഡോ.ലക്ഷ്മിദാസന് ഇപ്പോള്‍ തിരുവനന്തപുരത്ത് മരുതന്‍കുഴിയിലാണ് താമസം. കരുത്തായി അദ്ധ്യാപിക കൂടിയായ ഭാര്യ ബിന്ദുവും മക്കളായ ബ്രാഹ്മി ധനിഷ്ഠയും കൂടെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: