പണ്ടൊക്കെ, എന്നുവെച്ചാല്‍ മൊബൈല്‍ ഫോണ്‍ സാര്‍വത്രികമാകുന്നതിനു മുമ്പത്തെ കാലത്ത് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കു പ്രധാന കേന്ദ്രങ്ങളിലെങ്കിലും ഓരോ ഇന്‍ഫര്‍മേഷന്‍ കേന്ദ്രം പോലത്തെ സ്ഥലങ്ങളുണ്ടായിരുന്നു. അവിടെ അന്വേഷിച്ചാല്‍ ആ സ്ഥലത്തുള്ള സംഘഗതിവിധികളുടെ സാമാന്യവിവരം കിട്ടുമായിരുന്നു. സംഘപരിഭാഷയില് ശ്രുതം ഉള്ള ആളായിരിക്കും അവിടെയുള്ളത്. അതായത് ആരോട് എന്തു പറയണം, അഥവാ പറയരുത് എന്ന വിവേകമുള്ള ആള്.
ഞാന്‍ ശാഖയില്‍ പോകാന്‍ തുടങ്ങിയ 1950 കളില്‍ തിരുവനന്തപുരത്ത് പുളിമൂട്ടിലെ സംസ്കൃത പുസ്തകശാല സി.വി. കൃഷ്ണാ ബ്രദേഴ്സ് ആയിരുന്നു അത്തരമൊരു സ്ഥാനം. അവിടത്തെ സി.വി. ലക്ഷ്മണന് എന്റെ യൂണിവേഴ്സിറ്റി കോളേജിലെ സഹപാഠി ആയിരുന്നു. തിരുവനന്തപുരത്തു ശാഖ ആരംഭിച്ച കാലം മുതല്‍ ലക്ഷ്മണന് ബാലസ്വയംസേവകനായി പുത്തന്‍ചന്ത ശാഖയില്‍ പോയിരുന്നു. പരമേശ്വര്‍ജിതന്നെ ശാഖയില്‍ പോയിത്തുടങ്ങിയപ്പോള്‍ ‘ചാറ്റര് ബോക്സാ’യി ലക്ഷ്മണന് അവിടെ ഉണ്ടായിരുന്നത്രെ. സി.വി. കൃഷ്ണാ ബ്രദേഴ്സില്‍ അന്വേഷിച്ചാല്‍ ഒരു സ്വയംസേവകന് ആവശ്യമായ വിവരങ്ങള്‍ കിട്ടുമായിരുന്നു. ജനറല്‍ പോസ്റ്റാഫീസിന് സമീപമായിരുന്നതിനാല്‍ ഞാന്‍ അഡ്രസ് വച്ചിരുന്നത് അവരുടെ കെയര്‍ ഓഫിലായിരുന്നു. അങ്ങിനെ പലരും. ഇന്ന് ആ കടയില്ല. അവരൊക്കെ നാടുവിട്ടു. പുളിയുമില്ല,
പുളിഞ്ചൂടമില്ല. സാങ്കല്പികമായുണ്ടാവാം. നഗരസഭയുടെ റോഡു വീതികൂട്ടലിന്റെ ഭാഗമായി ചരിത്രപ്രസിദ്ധമായ പുളിയുടെ കടയ്ക്കല്‍ മഴുവീണു. തുടര്‍ന്ന് ഇല്ലസ്ട്രേറ്റഡ് വീക്കിലിയില്‍ ‘ഓഡ് ടു ദി ടാമറിന്‍ഡ് ട്രീ’ എന്ന കവിത വന്നത് ഓര്‍ക്കുന്നു. അക്കാലത്തെ സായാഹ്നങ്ങളില്‍ പുളിഞ്ചുവട്ടില്‍ ധാരാളം സൗഹൃദ കൂട്ടായ്മകള്‍ നടന്നുവന്നു. അതൊക്കെ ഓര്മയുള്ളവര് ആരെങ്കിലും ഇന്നുണ്ടാവുമോ ആവോ?
കോട്ടയത്ത് തിരുനക്കര ക്ഷേത്രമൈതാനത്തേക്കു കയറുന്ന മൂലയില്‍ മുറുക്കാന്‍, സോഡ നാരങ്ങാവെള്ളം കച്ചവടം ചെയ്തിരുന്ന മണിയുടെ കടയും അതേപോലെയുള്ള കേന്ദ്രമായിരുന്നു. സന്ധ്യക്ക് കോട്ടയത്തെ വലിയൊരു സൗഹൃദക്കൂട്ടായ്മയുടെ കേന്ദ്രമായിരുന്നു അത്. അവിടമായിരുന്നു സംഘത്തിന്റെ സൂചനാകേന്ദ്രം. സാക്ഷാല്‍ അരവിന്ദനും അനുജന് ഗോപനും അവിടെ സ്ഥിരക്കാരായിരുന്നു. കോട്ടയത്തെ മാത്രമല്ല സമീപ സ്ഥലങ്ങളിലെയും സംഘവിവരം മണിക്കു റെഡിമണി. ഇന്ന് മണിയുടെ മകന് ആ ധര്‍മ്മം നിര്‍വഹിക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ആലപ്പുഴയില്‍ മുല്ലയ്ക്കല് ആലപ്പി ഗ്ലാസ്ഹൗസ് എന്ന സ്ഥാപനം ആ ധര്‍മ്മം നിറവേറ്റിവന്നു. ഇതൊക്കെ അരനൂറ്റാണ്ടിനപ്പുറത്തെ കാര്യങ്ങളാണേ. തൃശ്ശിവപേരൂരില്‍ സ്വരാജ് റൗണ്ടിലെ കൊളംബോ ഹോട്ടലായിരുന്നു ഇന്‍ഫര്‍മേഷന്‍ സെന്റര്‍. അതിന്റെ ഉടമകളില്‍പ്പെട്ട ധര്മപാലന് സംഘത്തിന്റെയും ജനസംഘത്തിന്റെയും പിന്നീട് ബിജെപിയുടെയും എന്നല്ല സംഘവുമായി ബന്ധപ്പെട്ട ഏതു പ്രസ്ഥാനത്തിന്റെയും സഹായിയായി. ജനസംഘത്തിലും ബിജെപിയിലും ഭാരവാഹിത്വവുമുണ്ടായിരുന്നു. ഇക്കുറി ജന്മഭൂമി വാര്‍ഷികപ്പതിപ്പില്‍ ഈ ലേഖകന്‍ അടല്ജിയുമൊത്തു സഞ്ചരിക്കുന്ന ഫോട്ടോ കൊടുത്തതില്‍ മൂന്നാമത്തെ ആള് ധര്‍മപാലനാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് തൃശ്ശിവപേരൂരിലെ ഹോട്ടല്‍ നിര്‍ത്തുന്നതുവരെ അവിടെ സംഘപരിവാറിന്റെ ഇന്‍ഫര്‍മേഷന്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചു. അവിടത്തെ ജീവനക്കാര്‍ മുഴുവന്‍ സ്വയംസേവകരാണെന്നേ അവരുടെ പെരുമാറ്റത്തില്‍ തോന്നുമായിരുന്നുള്ളൂ.
എറണാകുളത്ത് ചിറ്റൂര്‍ റോഡിലെ സന്താനകൃഷ്ണന്റെ ചെറിയ ടീസ്റ്റാള്‍, ഷൊര്‍ണൂരിലെ പത്മനാഭന് വൈദ്യരുടെ വൈദ്യശാല തുടങ്ങിയ സ്ഥലങ്ങളിലും അത്തരം സ്ഥാനങ്ങളുണ്ട്. കോഴിക്കോട് പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിനു സമീപം കല്ലായി റോഡിലുണ്ടായിരുന്ന കേരള സ്റ്റോഴ്സ് മറ്റൊരു കേന്ദ്രമായി പ്രവര്‍ത്തിച്ചു. ആ സ്ഥാപനത്തിന്റെ ഉടമ അച്ചുതന് ജനസംഘത്തിന്റെ പ്രദേശ് കോശാധ്യക്ഷനും, മാതൃകാപ്രചാരണാലയത്തിന്റെ സ്പോണ്സര്മാരില് ഒരാളുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് സംഘാധികാരിമാരുടെയും ജനസംഘര്ഷസമിതിയുടെയും പോക്കുവരവുകളുടെ സൂചനയും അവിടെ ലഭ്യമായിരുന്നു. ആ കടയ്ക്കു സമീപം സ്ഥിരമായി രഹസ്യപ്പോലീസ് നിരീക്ഷണവും ഉണ്ടായി. വളരെ തിരക്കുള്ള കടയായതുകൊണ്ടും, എല്ലാ കാര്യങ്ങളെയും നിര്‍വികാരതയോടെ നേരിടാന്‍ അച്ചുവേട്ടന് കഴിഞ്ഞതുകൊണ്ടും അപകടം കൂടാതെ കാര്യങ്ങള്‍ നീങ്ങി.
കണ്ണൂര്‍ ബസ്സ്റ്റാന്‍ഡിനടുത്തും ലക്ഷ്മി ആയുര്‍വേദിക്സ് എന്ന സ്ഥാപനവും അരനൂറ്റാണ്ടിലേറെക്കാലം ആ കാര്യം നിര്‍വഹിച്ചുവന്നു. അതിന്റെ ഉടമയായിരുന്ന ദാമോദരന്‍നായര്‍ ആദ്യം ധന്വന്തരി വൈദ്യശാലയുടെ ബ്രാഞ്ച് മാനേജരായിരുന്നു. ചങ്ങനാശ്ശേരി താലൂക്ക് സംഘചാലകനായിരുന്ന വി.എസ്. ഭാസ്ക്കരപ്പണിക്കരുമായി 1950 ല്‍ ഉണ്ടായ സമ്പര്ക്കമാണദ്ദേഹത്തെ സംഘവുമായി അടുപ്പിച്ചത്. ബാങ്കിലുണ്ടായിരുന്ന ഭേദപ്പെട്ട ജോലി ഉപേക്ഷിച്ച് 1949 ലെ സംഘസത്യാഗ്രഹത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഷ്ഠിച്ച പണിക്കരുചേട്ടനോടുള്ള ആദരവ് അദ്ദേഹത്തിനെന്നുമുണ്ടായിരുന്നു. ധന്വന്തരി വൈദ്യശാലയുടെ ശാഖ കണ്ണൂരില്‍ തുറക്കാന്‍ വന്നപ്പോള്‍ ആദ്യം കാര്യാലയമായ രാഷ്ട്രമന്ദിരത്തിലും, പിന്നീട് വി.പി. ജനേട്ടന്റെ കൈവശമായിരുന്ന ആനന്ദചന്ദ്രോദയ യോഗശാലയിലും താമസിച്ചു.
ആദ്യം ധന്വന്തരിയുടെ ശാഖയും പിന്നീട് സ്വന്തമായി തുടങ്ങിയ ലക്ഷ്മി ആയുര്‍വേദിക്കും അദ്ദേഹത്തെ പ്രശസ്തനാക്കി. അടിയന്തരാവസ്ഥക്കാലമടക്കം വളരെ നീണ്ട ഒരു കാലഘട്ടം ആ സ്ഥാപനം ഒരു സൂചനാകേന്ദ്രമായി തുടര്‍ന്നു. ദാമോദരന്‍ വൈദ്യര് ഇന്നും കണ്ണൂര്‍ ജില്ലയിലെങ്ങുമുള്ള പഴയ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ മനസ്സുകളില്‍ സുഖദസ്മരണയായി നില്ക്കുന്നു. ഈ വിവരണങ്ങളൊക്കെ നല്‍കിയത് തൊടുപുഴയിലെ അത്തരമൊരു കേന്ദ്രം കഴിഞ്ഞ ദിവസം പൊടുന്നനെ ശൂന്യമായതുകൊണ്ടാണ്. അതും ധന്വന്തരി വൈദ്യശാലയുടെ തൊടുപുഴയിലെ ശാഖയായിരുന്നു. കഴിഞ്ഞ നാലര പതിറ്റാണ്ടുകാലമായി തൊടുപുഴയില്‍ പരിവാര്‍ പ്രസ്ഥാനങ്ങളുമായി അടുപ്പമുള്ളവര്‍ക്കൊക്കെ പരിചയപ്പെടാതെ തരമില്ലാത്ത ആളായിരുന്നു ആ ബ്രാഞ്ച് നടത്തിവന്ന രവീന്ദ്രന്. തൊടുപുഴ സംഘചാലക് മാന: സുധാകരന്റെ മാതൃസഹോദരീപുത്രന്കൂടിയായ രവീന്ദ്രന് വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ സംഘത്തിലുണ്ട്. അദ്ദേഹമിരുന്ന സ്ഥലം ധന്വന്തരിയുടെ ബ്രാഞ്ചായിരുന്നെങ്കിലും, ആറു പതിറ്റാണ്ടിനു മുമ്പ് വൈദ്യശാലയുടെ ഹെഡ് ഓഫീസ് തന്നെ അവിടെയായിരുന്നു. ആ സ്ഥലത്തിന് ‘ധന്വന്തരി’ എന്ന പേര് അന്നുതന്നെ വീണുകഴിഞ്ഞിരുന്നു.
സംഘവുമായി ബന്ധപ്പെട്ട എന്തു കാര്യത്തിനുമുള്ള വിവരം ലഭിക്കുന്നതിനും കൈമാറുന്നതിനും അവിടം കേന്ദ്രമായി. അതിനടുത്ത മുറി കുറച്ചുകാലം ജനസംഘം കാര്യാലയംപോലെ പ്രവര്‍ത്തിച്ചതും ഓര്‍മവരുന്നു. സംഘപരിവാര്‍ സംബന്ധമായി ഏതു കാര്യത്തിനു വരുന്ന അപരിചിതര്‍ക്കും തൊടുപുഴയില്‍ ഇറങ്ങാന്‍ അമ്പലം ബസ്സ്റ്റോപ്പും ധന്വന്തരി ബ്രാഞ്ചുമാണ് സൂചകമായി നല്കപ്പെടുക. അവിടെ രവിയെ കണ്ടാല്‍ ആള്‍ക്ക് കാര്യനിര്‍വഹണം എളുപ്പമായി. ഞാന്‍ താമസിക്കുന്ന വീട് വന്നെത്താന്‍ അതിദുര്‍ഘടമായിരുന്ന കാലത്ത് കേസരി മാനേജരായിരുന്ന രാഘവേട്ടനും പരസ്യത്തിന്റെ ചുമതല വഹിച്ചിരുന്ന രാമകൃഷ്ണനും വരാന്‍ തീരുമാനിച്ചതറിഞ്ഞ്, ധന്വന്തരിയില് ചെല്ലാനാണ് അവര്‍ക്ക് വിവരം നല്‍കിയത്. ഇന്നാട്ടില് ഒട്ടും പരിചയമില്ലാതിരുന്ന അവര്‍ക്ക് വീട്ടിലെത്താനുള്ള വഴി കൃത്യമായി എഴുതി വരച്ചുകൊടുത്തത് രവിയായിരുന്നു. പ്രചാരകന്കൂടിയായിരുന്ന രാഘവേട്ടന്റെ സ്വാഭാവികമായ ചോദനതന്നെ ഒട്ടം പരിചിതമല്ലാത്ത ഇടത്ത് എത്തി അവിടെ കാര്യനിര്‍വഹണം നടത്തുകയായിരുന്നല്ലോ.
സദാ സൗഹൃദവും സഹായവും നല്‍കുക എന്നത് രവിയുടെ സ്വഭാവമായിരുന്നു. അത് അനുഭവിച്ചവര്‍ ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ട മത, രാഷ്ട്രീയ വിശ്വാസങ്ങള്ക്കതീതമായവരായിരുന്നു. അവരെയൊക്കെ ബാധിച്ച നഷ്ടബോധം അപരിഹാര്യവുമാണ്.
മുമ്പ് സൂചിപ്പിച്ചപോലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് നാലര പതിറ്റാണ്ട് കാലമായി നിലനിന്ന ഒരു സൂചനാ കേന്ദ്രം പെട്ടെന്ന് ഇല്ലാതായ അനുഭവമാണ് വന്നുചേര്‍ന്നത്. ആ സൗഹൃദവും മമതാബോധവും മൊബൈല്‍ ഫോണിന് നല്കാന് സാധിക്കുകയില്ലതാനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: