വര നൂറ്റാണ്ടുകൊണ്ട് അമ്പത്തിയൊന്ന് എഡിഷനുകള്‍. അച്ചടിയും പുസ്തക പ്രസാധനവും ഒരു വ്യവസായമായി വളര്‍ന്നിട്ടില്ലാത്ത അക്കാലത്ത് അതൊരു അത്ഭുതമായിരുന്നു. പറഞ്ഞുവരുന്നത് ചന്തുമേനോന്റെ ഇന്ദുലേഖയെക്കുറിച്ചാണ്. മലയാള നോവല്‍ സാഹിത്യരംഗത്ത് നാഴികക്കല്ലായി മാറിയ ഇന്ദുലേഖ.
രചനാപരമായ സൗകുമാര്യം കൊണ്ടും പ്രമേയ നൂതനത്വം കൊണ്ടും മലയാളിയുടെ വായനാപരിസരത്ത് പുതുഭാവുകത്വം സൃഷ്ടിച്ച നോവലായിരുന്നു ഇന്ദുലേഖ.
ചന്തുമേനോന്റെ നോവലിനെ അതേപേരില്‍ കലാനിലയം കൃഷ്ണന്‍നായര്‍ ചലച്ചിത്രമാക്കിയിട്ട് ഇന്നേക്ക് അമ്പത് വര്‍ഷം തികയുന്നു. നോവല്‍ സൃഷ്ടിച്ച ജനപ്രിയതയും സ്വീകാര്യതയും പക്ഷെ സിനിമയെ തുണച്ചില്ല. പ്രസിദ്ധീകരണത്തിന്റെ ആദ്യ അമ്പത് വര്‍ഷങ്ങള്‍കൊണ്ട് മലയാളക്കര കീഴടക്കിയ നോവലിന്റെ സ്വീകാര്യത സിനിമയ്ക്കുണ്ടായില്ല.
നോവലും സിനിമയും മാധ്യമമെന്ന നിലയില്‍ വ്യത്യാസപ്പെട്ടിരിക്കുന്നതുകൊണ്ടാകാം സിനിമയുടെ കാര്യത്തില്‍ ഈ പരാജയം സംഭവിച്ചത്. നോവലിനെ ദൃശ്യവത്കരിക്കുമ്പോള്‍ സംഭവിച്ച ആശയച്ചോര്‍ച്ച സിനിമയുടെ കരുത്തിനെ ഇല്ലാതാക്കുകയും കാണികള്‍ക്ക് ഭാവുകത്വപരമായ നവീനത അനുഭവപ്പെടാതിരിക്കുകയും ചെയ്തതും കാരണമാകാം.താരപരിവേഷങ്ങളില്ലാതിരുന്ന അഭിനേതാക്കളാണ് ഇന്ദുലേഖയുടെ അഭ്രപാളികളിലെത്തിയത്. താരങ്ങളുടെ പേരിലുള്ള കള്‍ട്ടുകള്‍ രൂപംകൊള്ളുന്നതിന് മുമ്പ് ആദ്യകാല നാടകരൂപങ്ങളുടെ രചനാപരമായ സവിശേഷതകളെ പിന്‍പറ്റി സിനിമ മെനഞ്ഞെടുക്കുകയായിരുന്നു. നോവലിനെ നാടകീയമായി ദൃശ്യവത്കരിച്ചതിനപ്പുറം ചന്തുമേനോന്‍ പറഞ്ഞുവെച്ച സൂക്ഷ്മ രാഷ്ട്രീയത്തിന്റെ തലങ്ങളെ സ്പര്‍ശിക്കാന്‍ പോലും കൃഷ്ണന്‍നായരുടെ സിനിമയ്ക്കായില്ല. അതുകൊണ്ടുതന്നെ നോവലും സിനിമയും തമ്മില്‍ വലിയ അന്തരം നിലനില്ക്കുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കക്കാലത്ത് മലയാളഭാഷയില്‍ നടന്ന വലിയ ആഘോഷങ്ങളിലൊന്ന് ഇന്ദുലേഖയുടെ വായനയാണ്. അരങ്ങത്തും അടുക്കളകളിലും അരമനകളിലും ഇന്ദുലേഖ ഒരുപോലെ ആഘോഷിക്കപ്പെട്ടു. ചങ്ങമ്പുഴയുടെ രമണനും ഏറെക്കാലംമുമ്പ്.
ബുദ്ധിയും സൗന്ദര്യവും ഉള്‍ക്കരുത്തുമുള്ള സ്ത്രീകള്‍ അതിന് മുമ്പും സാഹിത്യത്തില്‍ ഉണ്ടായിട്ടുണ്ട്. മലയാളത്തില്‍ സാഹിത്യരചനയുടെ നിയതമായ എഴുത്തുരീതികള്‍ രൂപപ്പെടുന്നതിന് മുമ്പുമുതല്‍ത്തന്നെ.
പഴമ്പാട്ടിന്റെ ഈരടികളില്‍ കൊന്നപ്പൂവഴകും വാള്ത്തലത്തിളക്കവുമായി പുത്തൂരംപുത്രിമാര് ഉണ്ടായിരുന്നു. സിവിയുടെ ചരിത്രാഖ്യായകളില് ‘സുഭദ്രമാര്‍’ ഉണ്ടായിരുന്നു. പക്ഷെ ഇവര്ക്കൊന്നുമില്ലാതിരുന്ന ഒരു പെണ്ണഴക് ഇന്ദുലേഖയ്ക്കുണ്ടായിരുന്നു. നോവല്‍ എന്ന നിലയിലും കഥാപാത്രം എന്ന നിലയിലും ഇന്ദുലേഖയെ സവിശേഷമാക്കുന്നത് ഈ പെണ്ണഴകാണ്.
മലയാളിയുടെ വായനാജീവിതത്തില്‍ കനത്ത ഭാവുകത്വ പരിണാമം സൃഷ്ടിച്ചുകൊണ്ടാണ് ഇന്ദുലേഖയുടെ വരവ്. പില്ക്കാല കേരളത്തിന്റെ സാമൂഹ്യഘടനയെ നിര്‍ണയിക്കുന്നതില്‍ ഇന്ദുലേഖയെത്തുടര്ന്നുള്ള ഈ ഭാവുകത്വ പരിണാമം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
മാധവനോടുള്ള പ്രണയമാണ് ഇന്ദുലേഖയുടെ സവിശേഷ വ്യക്തിത്വത്തിനും പാത്രനിര്‍മിതിയിലെ സൗന്ദര്യശാസ്ത്രപരമായ മേന്മക്കും കാതലായി വര്‍ത്തിക്കുന്നത്. പ്രണയിക്കപ്പെടുന്ന മാധവനെക്കാള്‍ പ്രണയിക്കുന്ന ഇന്ദുലേഖയാണ് നോവലിന്റെ കരുത്ത്. നായകനായ മാധവനേക്കാള്‍ വലിയ നിറക്കൂട്ടുകള്‍ കൊണ്ടാണ് നായികയുടെ പാത്രസൃഷ്ടി എഴുത്തുകാരന് നടത്തിയിട്ടുള്ളത്.
യഥാര്‍ത്ഥത്തില്‍ ഇന്ദുലേഖ പ്രണയിക്കുന്നത് മാധവനിലൂടെ പുതിയ കാലത്തെയാണ്. പുതിയ സാമൂഹ്യജീവിതക്രമത്തേയും സ്വാതന്ത്ര്യത്തെയുമാണ്. അതുവഴി അവളെത്തന്നെയാണ്.
പ്രണയം അവള്‍ക്കൊരു കുരുക്കല്ല. മറിച്ച് സ്വാതന്ത്ര്യപ്രഖ്യാപനമാണ്. ആത്മനിഷ്ഠമായ സവിശേഷാനന്ദമാണ്. ഇത്തരം തീവ്രമായ പ്രണയം മാധവനുണ്ടോയെന്ന് സംശയമാണ്. അയാളുടെ പ്രണയത്തിലുള്ളത് ഇന്ദുലേഖ എന്ന നായിക മാത്രമാണ്. അതുകൊണ്ടാണ് പ്രതിസന്ധിഘട്ടത്തില്‍ ഒരു ഭീരുവിനെപ്പോലെ അയാള്‍ ഒളിച്ചോട്ടത്തില്‍ അഭയം തേടുന്നത്.
സ്ഥല-കാലങ്ങള്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകളില്‍ നിന്നുള്ള രക്ഷപ്പെടലാണ് മാധവന്റെ ഒളിച്ചോട്ടം. കാലത്തെ വെല്ലുവിളിക്കാന്‍ അയാള്‍ക്ക് കരുത്തുപോരാ. ഇന്ദുലേഖയോടുള്ള പ്രേമവും താല്പര്യവും അത്രമേല്‍ തീവ്രമായിരിക്കുമ്പോഴും സമ്മര്‍ദ്ദങ്ങളെ നേരിടാനുള്ള കരുത്ത് അയാള്‍ക്ക് നേടാനാകാതെ പോകുന്നത് ഇക്കാരണങ്ങളാലാണ്.
ഇന്ദുലേഖയുടെ പ്രണയം മാധവനെ നേടാനുള്ളത് മാത്രമല്ല. അത് പുതിയ കാലത്തെ തേടലാണ്. ഒരര്‍ത്ഥത്തില്‍ അതൊരു കലഹമാണ്. പാരമ്പര്യവഴക്കങ്ങളുടെ ഇരുള് മുറികള്‍ക്കുള്ളില്‍ അടഞ്ഞുപോകുന്ന പെണ്‍കരച്ചിലുകളുടെ വിമോചന കലഹം. ആണ്‍കാമത്തിന്റെ ഉരല്‍പുരകളില്‍ ചതഞ്ഞരഞ്ഞ് തീരുന്ന സ്ത്രീസ്വത്വത്തിന്റെ കലഹം.
എല്ലാമുപേക്ഷിച്ച് നായകന് പോയിട്ടും കത്തുന്ന പ്രണയവുമായി ഇന്ദുലേഖ സൂര്യശോഭയോടെ നില്‍ക്കുന്നത് ഈ ഇന്ധനക്കരുത്തിലാണ്. ഉടല് അളവുകളുടെ അഴകുവര്ണനകള്ക്കും കടക്കണ്ണേറിലെ കാമമോഹിത ക്ഷണങ്ങള്ക്കുമപ്പുറം പ്രണയത്തിന്റെ സൗന്ദര്യശാസ്ത്രം ഇത്ര തീവ്രമായി അതുവരെ മലയാളി വായനക്കാര്‍ അറിഞ്ഞിരുന്നില്ല. ഒരുപക്ഷെ പ്രണയോപാസകരുടെ എക്കാലത്തേയും നായികയായ രാധയ്ക്ക് ശേഷം ഇത്രമേല്‍ കരുത്തുള്ള പ്രണയം അടയാളപ്പെടുത്തുന്ന മറ്റൊരു നായിക ഇന്ദുലേഖയാകാം.
രാധയുടെ പ്രണയത്തെപ്പോലെത്തന്നെ ആത്മാന്വേഷണമാണ് ഇന്ദുലേഖക്കും തന്റെ പ്രണയം. കണ്ണനെ തീവ്രമായി പ്രണയിക്കുക എന്നതിനപ്പുറം രാധയ്ക്ക് മറ്റൊന്നും ആവശ്യമില്ല. കണ്ണന്റെ സാമീപ്യം പോലും. അത്രമേല്‍, മറ്റാരെക്കാളും തീവ്രമായി കണ്ണനെ പ്രേമിക്കുന്നവളായിരിക്കുക എന്നത് മാത്രമാണ് രാധ ആഗ്രഹിക്കുന്നത്. കണ്ണന് മറ്റാരുടേതൊക്കെയോ ആണെന്നറിയുമ്പോഴും ഇത്രമേല്‍ ആഴത്തില്‍ മറ്റാരും കണ്ണനെ സ്നേഹിക്കുന്നില്ലെന്ന് രാധയ്ക്ക് ഉറപ്പാണ്. ഈ പ്രണയമാണ് രാധ. പ്രണയം അവള്‍ക്ക് അവളെത്തന്നെ അടയാളപ്പെടുത്തലാണ്. മറ്റൊന്നുമവള്ക്ക് നേടാനില്ല. പക്ഷെ ഈ പ്രണയം അവളെ അനശ്വരയാക്കുന്നുണ്ട്. അനശ്വരയായ രാധ കാലത്തെ പുതുക്കിപ്പണിയുന്നതില്‍ വഹിക്കുന്ന പങ്കും വളരെ വലുതാണ്.
ഇന്ദുലേഖയുടെ പ്രണയവും സമാനമായ ആത്മനിഷ്ഠ പേറുന്നു. തന്റെ പ്രണയത്തില്‍ ഉറച്ചുനില്‍ക്കാനുള്ള കരുത്ത് അവള് പ്രകടിപ്പിക്കുന്നത് ഇതിനാലാണ്. പുതിയ കാലത്തെ സൃഷ്ടിക്കുന്നതില്‍ ഇന്ദുലേഖയും അവളുടെ പ്രണയവും വഹിക്കുന്ന പങ്ക് വ്യക്തം.
ആണധികാരത്തിന്റെ അന്തഃപുരങ്ങളില്‍ കീഴാളനിലയിലുള്ള ശാരീരിക വേഴ്ചകള്ക്കപ്പുറം സ്ത്രീശരീരത്തിനും മനസ്സിനും സാധ്യതകളുണ്ടെന്ന പുതിയ വെളിപ്പെടുത്തലാണ് ഇന്ദുലേഖ തന്റെ പ്രണയത്തിലൂടെ നടത്തുന്നത്. അതുകൊണ്ടാണ് അടുക്കളകളിലും ചായ്പുകളിലും മുതല്‍ അന്തഃപ്പുരങ്ങളില്വരെ ഇന്ദുലേഖ ആഘോഷമായി വായിക്കപ്പെട്ടത്.
പുരുഷാധികാരത്തിന്റെ ഉഗ്രശാഠ്യങ്ങളെപ്പോലും നേര്ത്തപരിഹാസത്തിന്റെ മുള്‍മുനകൊണ്ട് കോറിപ്പൊട്ടിക്കാനുള്ള കരുത്ത് ഉള്‍ക്കനമുള്ള പെണ്ണിന്റെ പ്രണയത്തിനുണ്ടെന്ന് ഇന്ദുലേഖ അടയാളപ്പെടുത്തി. ചെന്തൊണ്ടി വാമലരും പന്തൊക്കും മുലകളും ചന്തമേറും തുടക്കാമ്പും മാത്രമാണ് പെണ്ണെന്ന് കരുതിയിരുന്ന കാലത്തിനുനേരെയാണ് ഇന്ദുലേഖയുടെ പ്രണയം കലഹമായി മാറിയത്. ആ കലഹം നാടുവാഴിത്തകാലത്തിന്റെ കല്ക്കോട്ടകളെ തകര്‍ക്കുകതന്നെ ചെയ്തുവെന്നതാണ് പില്ക്കാല ചരിത്രം.
അധികാരം, പണം, ലൈംഗികത എന്നിവയുടെ കയ്യാളല്കൊണ്ട് പുരുഷകേന്ദ്രിതവും അതില്‍ത്തന്നെ വരേണ്യപുരുഷകേന്ദ്രിതവും ആയിത്തീര്‍ന്ന സമൂഹത്തെക്കൊണ്ട,് തന്നെ അംഗീകരിപ്പിക്കാനുള്ള കരുത്ത് ഇന്ദുലേഖയുടെ പ്രണയത്തിനുണ്ട്. പണത്തിലും ലൈംഗികതയിലുമുള്ള നിയന്ത്രണമാണ് അധികാരമെന്ന് കരുതിയിരുന്ന ശാഠ്യബോധങ്ങള്ക്കുമേലാണ് ഇന്ദുലേഖ അടയാളപ്പെടുത്തിയ ഭാവുകത്വ നവീനത പരിണാമം സൃഷ്ടിച്ചത്.
വിടത്വത്തോളമെത്തുന്ന ലൈംഗിക ദുഃസ്വാതന്ത്ര്യത്തെയും അതിന് കാരണമാകുന്ന ധന-ജാതിമേല്ക്കോയ്മയേയും അട്ടിമറിക്കുന്ന പ്രണയോപനിഷത്തായിരുന്നു ആ നിലയ്ക്ക് ഇന്ദുലേഖ എന്ന നോവല്‍. ഈ സാമൂഹ്യ രാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്നതില്‍ കൃഷ്ണന്‍നായരുടെ സിനിമ വിജയിക്കാതെ പോയിടത്താണ് നോവലും സിനിമയും തമ്മിലുള്ള സ്വീകാര്യതക്ക് വലിയ അന്തരം സംഭവിച്ചത്. കഥാപാത്രങ്ങളുടെ നാടകീയതക്കപ്പുറം സിനിമയുടെ അന്തര്‍ധാരയായി വര്‍ത്തിക്കേണ്ടിയിരുന്ന രാഷ്ട്രീയത്തെ ആഴത്തില്‍ സ്പര്‍ശിക്കാന്‍ നോവലിനെപ്പോലെ സിനിമയ്ക്കായില്ല. മലയാളത്തില്‍ ഏത് നോവല്‍ സിനിമയാകുമ്പോഴും സംഭവിക്കുന്ന വലിയ ദുരന്തങ്ങളിലൊന്നാണിത്.
ആധുനിക മലയാളി പുരുഷസമൂഹത്തിന്റെ എല്ലാ ദുര്‍ബലതകളും പേറിയാണ് ഒരു നൂറ്റാണ്ടിന് മുമ്പുതന്നെ മാധവന് എന്ന നായകന്റെ നില്‍പ്പ്. അയാള്‍ക്ക് പാരമ്പര്യ വഴക്കങ്ങളെ ധിക്കരിക്കാനുള്ള കരുത്തുണ്ടെങ്കിലും മനസ്സ് തയ്യാറല്ല. ആധുനിക വിദ്യാഭ്യാസവും പരിഷ്കൃത വസ്ത്രധാരണവും ഉള്ളപ്പോള്‍ത്തന്നെ ആചാരപരമായ കുടുമ തലയില്‍ നിലനിര്‍ത്തുന്നു. ഇതിനെ ഇന്ദുലേഖ പരിഹസിക്കുന്നതിലും മാധവന് പരിഭവമില്ല. പ്രണയം സ്ത്രീകളെ കരുത്തരാക്കുമ്പോള്‍ പുരുഷനെ അത് ദുര്‍ബലപ്പെടുത്തുന്നു എന്ന ധാരണയാണ് മാധവന്റെ പാത്രസൃഷ്ടി ഉറപ്പിക്കുന്നത്. ആത്മരതിയില്‍ അഭിരമിക്കുന്നതിനപ്പുറത്ത് മറ്റൊരു പ്രണയ വാഞ്ച്ഛ തീവ്രമായി അയാള്‍ക്കില്ല.
അവനവനില്‍ത്തന്നെ തൃപ്തനാണയാള്. പ്രണയം കൊണ്ടോ അതുയര്‍ത്തുന്ന വലിയ കോലാഹലങ്ങള്‍ കൊണ്ടോ സ്ഥാപിച്ചെടുക്കേണ്ടതായി കാലികമായ എന്തെങ്കിലും ദൗത്യമുണ്ടെന്ന് അയാള്‍ കരുതുന്നേയില്ല. അതുകൊണ്ടാണ് കലാപത്തിന് നില്‍ക്കാതെ ഒഴിഞ്ഞുമാറാന്‍, ഒളിച്ചോടാന്‍ അയാളൊരുങ്ങുന്നത്. ഒരു നൂറ്റാണ്ടിനിപ്പുറവും ശരാശരി മലയാളി പുരുഷന്റെ മനോനിലയില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല. ഇന്ദുലേഖയും മാധവനും തമ്മിലുള്ളത് ആത്മാര്‍ത്ഥ പ്രണയമാണെങ്കിലും അതൊരുതരത്തിലും താരതമ്യം അര്‍ഹിക്കുന്നതേയില്ല.
പ്രണയോപാസനയില് ഇന്ദുലേഖയെക്കാള്‍ എത്രയോ താഴ്ന്ന പടിയിലാണ് മാധവന്റെ നില.
ഭാവുകത്വഘടനയില്‍ നോവല്‍ സൃഷ്ടിച്ച ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ കഴിയാതെ പോയതാണ് ചലച്ചിത്രം എന്ന രൂപത്തില്‍ ഇന്ദുലേഖ പരാജയപ്പെടാന്‍ കാരണം. പരമ്പരാഗത നായക-നായികാ പ്രണയത്തിനപ്പുറം ചന്തുമേനോന്‍ കയ്യൊതുക്കത്തോടെ പറഞ്ഞുവെച്ച സൂക്ഷ്മ രാഷ്ട്രീയത്തെ തിരിച്ചറിയുന്നതില്‍ സിനിമ പരാജയപ്പെട്ടു. കഥാഘടനയിലും ഇതിവൃത്തത്തിലും ഹാസ്യാത്മകമായ നാടകീയത സൃഷ്ടിക്കുന്നതിനപ്പുറം നോവലിന്റെ അന്തര്‍ധാരയെ പിന്തുടരുന്നതിന് സിനിമക്കായില്ല.
മാത്രമല്ല നോവല്‍ പുറത്തിറങ്ങി ഏഴ് പതിറ്റാണ്ടിന് ശേഷമാണ് സിനിമ യാഥാര്‍ത്ഥ്യമാകുന്നത്. നോവലിനെ ഇരുകൈയും നീട്ടി സ്വീകരിച്ച ആദ്യരണ്ട് തലമുറകള്‍ അപ്പോഴേക്ക് പിന്നിട്ടിരുന്നു. ഇതും ഒരു പരിധിവരെ സിനിമയുടെ വിജയത്തിന് തടസ്സമായി. പത്തൊമ്പതാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതാണെങ്കിലും സമകാലീനമായ ഒട്ടേറെ ആശങ്കകള്‍ ഇപ്പോഴും പങ്കുവെക്കുന്ന നോവലാണ് ഇന്ദുലേഖ. കാലവും കഥാപാത്രങ്ങളും മാറിയെങ്കിലും കാര്യങ്ങള്‍ പലതും മാറ്റമില്ലാതെ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: