വേങ്ങര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര മണ്ഡലത്തില്‍ പോരാട്ടം ശക്തമാകുന്നു. പ്രമുഖ മുന്നണികളെല്ലാം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ പ്രചാരണം പൊടിപൊടിക്കുകയാണ്. മുസ്ലീം ലീഗിലെ അഡ്വ.കെ.എന്‍.എ.ഖാദര്‍, സിപിഎമ്മിലെ അഡ്വ. പി.പി.ബഷീര്‍, ബിജെപിയിലെ കെ.ജനചന്ദ്രന് മാസ്റ്റര്‍ എന്നിവരാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍. രണ്ട് അഭിഭാഷകരും ഒരു അദ്ധ്യാപനും തമ്മിലുള്ള മത്സരമാണ് വേങ്ങരയില്‍ അരങ്ങേറുന്നത്. ശിവസേന, എസ്ഡിപിഐ, സ്വാഭിമാന്‍ പാര്‍ട്ടി എന്നിവര്‍ക്കും സ്ഥാനാര്‍ത്ഥികളുണ്ട്.
2016ല്‍ പി.കെ.കുഞ്ഞാലിക്കുട്ടി 38057 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അന്ന് പി.പി.ബഷീറിന് 34124 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.ടി.ആലിഹാജിക്ക് 7055 വോട്ടും ലഭിച്ചിരുന്നു. സീറ്റ് നിലനിര്‍ത്താനാവുന്ന ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങിയ ലീഗ് ഇത്തവണ ഭൂരിപക്ഷം കൂടുമെന്ന പ്രതീക്ഷയിലാണ്. പക്ഷേ ലീഗിനുള്ളില്‍ ആഭ്യന്തര കലഹം നേതാക്കളുടെ ആത്മവിശ്വാസത്തിന് ക്ഷതമേല്പ്പിച്ചിട്ടുണ്ട്. ആദ്യം സ്ഥാനാര്‍ത്ഥി പട്ടികയിലുള്ള കെ.പി.എ.മജീദിനെയും കെ.എന്‍.എ.ഖാദറിനെയും തള്ളി അവസാനനിമിഷം യു.എ.ലത്തീഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പി.കെ.കുഞ്ഞിലിക്കുട്ടി നടത്തിയ ശ്രമം കലഹം രൂക്ഷമാക്കിയിട്ടുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണം മുസ്ലീം ലീഗിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.വേങ്ങരയില്‍ സമൂദായിക സമവാക്യങ്ങള്‍ നിര്‍ണ്ണായകമാകും. 80 ശതമാനത്തോളം മുസ്ലീം ജനസംഖ്യയുള്ള മണ്ഡലമാണ് വേങ്ങര. അതില്‍ സുന്നി വിഭാഗത്തിനാണ് മേല്‍ക്കൈ. പരമ്പരാഗതമായി ലീഗിന് വോട്ട് നല്കുന്ന സമസ്ത ഇക്കുറി സ്വതന്ത്രനിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മുജാഹിദ്, ജമാഅത്തെ ഇസ്ലാമി വിഭാഗങ്ങളുടെ എണ്ണം കുറവാണ്. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി എത്തിയതോടെ ഈ വോട്ടുകളില്‍ വിള്ളലുണ്ടാകുമെന്ന് ഉറപ്പായി.
മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച പി.കെ.കുഞ്ഞാലിക്കുട്ടി ഏപ്രില്‍ 25ന് രാജിവെച്ചതോടെ വന്ന ഒഴിവിലേക്കാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ 15 നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നലെ സമാപിച്ചു. 25ന് സൂക്ഷ്മ പരിശോധന നടക്കും. 27നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: