പറക്കാനും അന്യലോകങ്ങളിലെക്ക് യാത്രചെയ്യാനുമുള്ള മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് അനാദിയോളം നീണ്ട ചരിത്രമുണ്ട്. ഇരുപതാം നൂറ്റാണ്ടു വരെ ആ ആഗ്രഹം ഭാവനകളിലും അപസര്‍പ്പക കഥകളിലും ഇതിഹാസങ്ങളിലുമൊക്കെ ചിറകു വിരിച്ച് പാറിപ്പറന്നു..രാമായണത്തിലെ പുഷ്പക വിമാനവും, ആയിരത്തൊന്നു രാവുകളിലെ പറക്കും പരവാതാനിയുമെല്ലാം അതിമനോഹരമായ കാവ്യബിംബങ്ങളായത് അങ്ങിനെയാണ്..
പുരാതനകാലം മുതല്‍ ഭാരതത്തിലും പിന്നീട് യൂറോപ്പിലും ഒരുപാട് പഠനങ്ങള്‍ക്ക് വിധേയമാക്കപ്പെട്ട ജ്യോതിശാസ്ത്ര മേഖലയുടെ ഒരു പ്രധാന ആകര്‍ഷണം തന്നെ അന്യഗ്രഹങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ ഗലീലിയോ ടെലസ്കോപ്പ് കണ്ടെത്തിയതോടെ ജ്യോതിശാസ്ത്ര ഗവേഷണത്തിനു ആധുനിക മാനം കൈവന്നു.പിന്നീട് നടന്ന നവോത്ഥനവും ശാസ്ത്ര സാങ്കേതിക വിപ്ലവവും ബഹിരാകാശ ഗവേഷണങ്ങളെ ഭാവനയുടെ ലോകത്തുനിന്നും പ്രായോഗിക നേട്ടങ്ങളുടെ ആകാശങ്ങളിലേക്ക് നയിച്ചു..
ഇരുപതാം നൂറ്റാണ്ടില്‍ ചരിത്രത്തിന്റെ ഗതിവേഗം പലമടങ്ങ് വര്‍ദ്ധിച്ചു.രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം രണ്ടു ശാക്തിക ചേരികളിലെക്ക് വിഭജിക്കപ്പെട്ടപ്പോള്‍ ഭീകരമായ വാശിയോടെ അമേരിക്കയും സോവിയറ്റ് യൂണിയനും സാങ്കേതിക രംഗത്ത് ഭ്രാന്തുപിടിച്ച ഗവേഷണങ്ങളാണ് നടത്തിയത്. അതിലേറ്റവും പ്രധാനമായിരുന്നു ബഹിരാകാശ രംഗം. ആ വാശിയേറിയ മത്സരത്തിന്റെ ഫലമായി ആയിരക്കണക്കിന് കൃത്രിമ ഉപഗ്രഹങ്ങള്‍ ഭൂമിയെ വലംവെക്കാന്‍ തുടങ്ങി..മനുഷ്യപ്രതിഭ വളര്‍ന്നു വളര്‍ന്നു അമ്പിളിക്കിന്നത്തെ വരെ വരുതിയിലാക്കി.
ചന്ദ്രന്‍ കഴിഞ്ഞ് വന്‍ശക്തികളുടെ ശ്രദ്ധ ഗ്രഹാന്തര ദൗത്യങ്ങളിലെക്കായി , അങ്ങിനെ മാരിനരും, മാര്‍സും, വൈക്കിങ്ങുമെല്ലാം ചൊവ്വയിലെക്കും ശുക്രനിലെക്കുമെല്ലാം യാത്ര തുടങ്ങി..
അമേരിക്കയും സോവിയറ്റ് യൂനിയനുമെല്ലാം ബഹിരാകാശ രംഗത്ത് ഒരുപാട് മുന്നേറിക്കഴിഞ്ഞാണ് ഭാരതം ഈ മേഖലയിലേക്ക് പിച്ച വെക്കുന്നത് തന്നെ. മനുഷ്യദൗത്യങ്ങളും ഗ്രഹാന്തര ദൗത്യങ്ങളുമോന്നും അന്ന് നമ്മുടെ വന്യസ്വപ്നങ്ങളില്‍ പോലുമുണ്ടായിരുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ പട്ടിണിസമൂഹവുമായി പിറന്നു വീണ ആധുനിക ഭാരതത്തിനു വന്‍ വിഭവശേഷിയുടെ ആവശ്യമുള്ള ബഹിരാകാഷഗവേഷണത്തിനു ഒരുപാട് പരിമിതകള്‍ ഉണ്ടായിരുന്നു.അതുമല്ല, നിത്യസാധാരണമായ ഉപയോഗ സാധ്യതകള്‍ അന്നില്ലായിരുന്നത് കൊണ്ട് ഒരു ആര്‍ഭാട പ്രദര്‍ശനം എന്നതിനപ്പുരത്തെക്ക് ബഹിരാകാശത്തിന് ഒരു പ്രാധാന്യവും അറുപതുകളില്‍ ഉണ്ടായിരുന്നില്ല.
പക്ഷേ, വിക്രം സാരാഭായ് എന്ന ദീര്‍ഘദര്‍ശിയായ മനുഷ്യന്റെ കാഴ്ചപ്പാടുകളുടെ അതിര്‍ത്തി ആകാശം മാത്രമായിരുന്നു.വന്‍ശക്തികളുടെ വെടിക്കെട്ടുകളില്‍ മുഖരിതമായി നിന്ന ബഹിരാകാഷത്തെക്ക് പരിമിതമായ വിഭവശേഷിയും അനന്തമായ ആത്മവിശ്വാസവുമായി അന്ന് നടത്തിയ പിഴക്കാത്ത ചുവടുകളാണ് പില്‍ക്കാലത്ത് ലോകത്തിലെ ഏറ്റവും വിശ്വസ്തമായ ബഹിരാകാശ ഏജന്‍സിയായി ISRO യെ മാറ്റിയത്..ഒരുകാലത്ത് സാങ്കേതികവിദ്യകള്‍ നമുക്ക് നിഷേധിച്ച രാജ്യങ്ങളില്‍ നിന്ന് പോലും ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ISROയുടെ പടിക്കല്‍ കാത്തുകിടക്കുന്നത്…
ഉപഗ്രഹനിര്‍മ്മാണത്തിലും വിക്ഷേപണത്തിലും ഏതാണ്ട് സ്വയംപര്യാപ്തതയുടെ ഘട്ടമെത്തിയപ്പോഴാണു ISRO ചന്ദ്രനിലേക്ക് റോക്കറ്റ് തിരിച്ചത്. എഴുപതുകളുടെ ആദ്യം തന്നെ വന്‍ ശക്തികള്‍ അവസാനിപ്പിച്ച ചന്ദ്ര ദൗത്യങ്ങള്‍ നമ്മള്‍ ചെയ്യുന്നതിനെ ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ ഒരുപാടുണ്ടായങ്കിലും ISRO പിന്‍വാങ്ങിയില്ല.അങ്ങിനെ 2008 ആദ്യ ശ്രമത്തില്‍ തന്നെ ചന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപഥ പൂകി. മാത്രവുമല്ല ആ ദൗത്യത്തിലാണ് ചന്ദനിലെ ജലസാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടത്.
2003 ല്‍ത്തന്നെ തത്വത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും, ചന്ദ്രയാന് ശേഷം 2011ലാണ് മംഗല്‍യാന്‍ പദ്ധതി വേഗത്തിലായത്. ചൊവ്വയിലെക്കുള്ള അടുത്ത ലോഞ്ച് വിന്‍ഡോ വരുന്നത് 2013 ലാണ്.അന്നത്തെക്ക് വിക്ഷേപിച്ചില്ലങ്കില്‍ വീണ്ടും പദ്ധതി വര്‍ഷങ്ങള്‍ താമസിക്കും.ആകെ കൈയ്യിലുള്ള രണ്ടു വര്‍ഷം ഉപയോഗിച്ച്, ഉപഗ്രഹം, ക്യാമറകള്‍, നിരീക്ഷണ ഉപകരണങ്ങള്‍ , ഇന്ധനം എന്നിങ്ങനെ നൂറുകൂട്ടം കാര്യങ്ങള്‍ തയ്യാറാകണം. അന്താരാഷ്‌ട്ര മാനദണ്ഡമനുസരിച്ച് ഒരു ഗ്രഹാന്തര ദൗത്യത്തിന് കുറഞ്ഞത് നാല് അഞ്ച് വര്‍ഷത്തെ തയ്യാറെടുപ്പ് വേണം. അതാണ് ISRO രണ്ടു വര്ഷം കൊണ്ട് പൂര്‍ത്തിയാക്കിയത്.
ചൊവ്വ ദൗത്യം
ഭൂമിയിൽ നിന്ന് വിക്ഷേപിക്കപ്പെടുന്ന ,ദൗത്യപേടകം മിനിട്ടുകൾക്കുള്ളിൽ ഭൂമിയുടെ ഭ്രമണപഥത്തിലെത്തും . ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെ ,ക്രമേണ ഭ്രമണ പഥം വികസിപ്പിച്ച് ചൊവ്വയിലേക്ക് തൊടുക്കും. ഹാമർ ത്രോയിൽ ഒരു കായിക താരം ,ഹാമർ ചുഴറ്റിയെറിയുന്നത് പോലയാണിത്. അവസാനത്തെ വികസിപ്പിക്കലിനുവേണ്ടി , LAM (Liquid Apojee Motor) എഞ്ചിൻ കൊടുക്കുന്ന പ്രവേഗത്തിൽ ചൊവ്വയിലേക്ക് എടുത്തെറിയപ്പെടുന്ന പേടകം ഒൻപത് മാസത്തെ യാത്രക്കൊടുവിൽ ചൊവ്വക്ക് സമീപം എത്തും .അടുത്ത വെല്ലുവിളി അവിടയാണ്. അതിവേഗതയിൽ ചൊവ്വയെ സമീപിക്കുന്ന (സെക്കന്റിൽ 30 കിലോമീറ്റർ ) പേടകത്തിന്റെ വേഗത കുറച്ച് ,ചൊവ്വയുടെ ഭ്രമണ പഥത്തിൽ കുരുക്കുക എന്നതാണത് .LAM എഞ്ചിൻ എതിർ ദിശയിൽ കത്തിച്ചാണ് ഇത് സാധിക്കുന്നത് ,ഒരു വാഹനം ബ്രേക്ക് ചെയ്യുന്നത് പോലെ തന്നെ. അതിനു ശേഷം മാത്രമേ പേടകത്തിലെ സോളാർ പാനലുകളും ,ക്യാമറകളും കണ്‍ തുറക്കുകയുള്ളു. പിന്നീട് പേടകത്തിൽ കരുതിയിരിക്കുന്ന ഇന്ധനം തീരുന്നത് വരെ അവൻ ചൊവ്വയെ ചുറ്റിത്തിരിഞ്ഞ് ചുവന്ന ഗ്രഹത്തിന്റെ അരുമയായി അവിടെ പുളച്ച് നടക്കും.
പറഞ്ഞപ്പോ എല്ലാം കഴിഞ്ഞു പക്ഷെ ഇതിനാവശ്യമായ സാങ്കേതികജ്ഞാനവും അനുഭവജ്ഞാനവും ഭീമമാണ്. എവിടെയെങ്കിലും പിഴച്ചാൽ എല്ലാം കഴിഞ്ഞു .പരാജയ സാധ്യതകൾ നിരവധിയാണ്. വിക്ഷേപണത്തിൽ ,ഭ്രമണ പഥം ഉയർത്തുമ്പോൾ , മാർഗമധ്യേ ,ചൊവ്വയുടെ സമീപത്ത്. എവിടെ വെച്ച് വേണമെങ്കിൽ നിയന്ത്രണം പോയി, പേടകം എന്നന്നേക്കുമായി നിതാന്ത ശൂന്യതയിൽ നഷ്ടപ്പെടാം.
രണ്ട് വർഷമെന്ന ചെറിയ സമയത്തിൽ , ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ് ഇത് പോലൊരു വൻ പദ്ധതി. അനുവദിക്കപ്പെട്ട 400 കോടി എന്ന ബജറ്റിൽ പുതിയ സാങ്കേതിക വിദ്യകൾ നിയന്ത്രണ സംവിധാനങ്ങൾ തുടങ്ങി നൂറു നൂറു കാര്യങ്ങൾ. സുപ്രസിദ്ധമായ ISROയുടെ ടീം വർക്കിലൂടെ അവർ കാര്യങ്ങൾ നീക്കി. കാരണം ,2013 നവംബർ എന്ന സമയം കഴിഞ്ഞാൽ ചൊവ്വ കൈവിട്ട് പോകും പിന്നെ എന്ന് നടത്താനാകുമെന്നത് പറയാൻ പറ്റില്ല.
അങ്ങിനെ 2013 നവംബർ അഞ്ചിന് വിശ്വസ്ത പടക്കുതിരയായ PSLV യുടെ ചിറകിലേറി നമ്മുടെ ചൊവ്വ സ്വപ്‌നങ്ങൾ ശ്രീഹരിക്കോട്ടയിൽ നിന്ന് പറന്നുയർന്നു. ഭ്രമണപഥ വികസനങ്ങളൊക്കെ കൃത്യമായി നിർവഹിച്ചു ഒരു മാസത്തിനു ശേഷം മംഗൾയാൻ ചൊവ്വയിലേക്ക് യാത്ര തിരിച്ചു. ഒൻപത് മാസത്തെ യാത്രക്കിടയിൽ രണ്ടു മൂന്ന് പ്രാവശ്യം മാത്രമേ പാത കറക്ഷൻ വേണ്ടി വന്നുള്ളൂ. അങ്ങിനെ ദൗത്യത്തിന്റെ എറ്റവും നിർണായകമായ സെപ്റ്റംബർ 24 അടുത്ത് വന്നു .
ഒൻപത് മാസം ഉറങ്ങിക്കിടന്ന LAM (Liquid Apogee Motor) എഞ്ചിൻ പ്രവർത്തിക്കുമൊ ,അത് പ്രവർത്തിച്ചില്ലങ്കിൽ ഒരു പ്ലാൻ ബി കൂടി തയ്യാറാക്കിയിരുന്നു. പാത തിരുത്തലുകൾക്ക് വേണ്ടിയുള്ള ത്രസ്റ്ററുകൾ ഉപയോഗിച്ച് പേടകത്തിന്റെ വേഗത കുറക്കുക ,പക്ഷെ ഇത് ദൗത്യത്തിന്റെ ആയുസ്സിനെ സാരമായി ബാധിക്കും. ഉള്ള ഇന്ധനം മുഴുവൻ തീർന്ന മംഗൽയാൻ ഒരു ജടവസ്തുവായി ചൊവ്വയുടെ ഭ്രമണപഥത്തിൽ ഒടുങ്ങിപ്പോകും. ഞാനിന്നുമോർക്കുന്നു സെപ്റ്റംബർ 23 നു രാത്രി ടിവി ചാനലുകളിൽ പൊടിപൊടിക്കുന്ന അന്തിച്ചർച്ചകൾ ബഹിരാകാശ സാങ്കേതികതയുടെ ബാലപാഠം പോലുമറിയാത്ത അവതാരകർ ISRO ശാസ്ത്രജ്ഞരെ ചോദ്യം ചെയ്യുകയാണ്. LAM പ്രവർത്തിക്കുമോ? പ്രവർത്തിച്ചില്ലങ്കിൽ ? അവർക്ക് ഒറ്റ ഉത്തരമേയുണ്ടായിരുന്നുള്ളൂ, LAM ഞങ്ങളുടെ കുട്ടിയാണ് ,അവൻ ചതിക്കില്ല .
2014 സെപ്റ്റംബർ 24, രാവിലെ 5 മണി മുതൽ ചാനലുകൾ സജീവമായി. കൃത്യം 7 മണിക്ക് ,പ്രധാനമന്ത്രി നരേന്ദ്ര മോദി ,ഹാസനിലെ മാസ്റ്റർ കണ്ട്രോളിലെത്തി. പൊട്ടിത്തെറിക്കാൻ പാകമായ വെടിമരുന്നു ശാലയെപ്പോലെയുള്ള മിഷൻ കണ്ട്രോൾ റൂമിൽ അക്ഷോഭ്യനായ പ്രധാനമന്ത്രിയോടൊപ്പം ഇന്ത്യയിലെ മഹാശാസ്ത്രജ്ഞർ മുഴുവൻ. ISRO ചെയർമാൻ ,രാധാകൃഷ്ണൻ , സംഗതിയുടെ വിജയ സാധ്യത കുറവാണ് എന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു .പോയാൽ പോകട്ടെ , ലോകത്തോട് ഞാൻ സമാധാനം പറഞ്ഞുകൊള്ളാം എന്നാ അദ്ദേഹത്തിന്റെ വാക്കുകൾ സമ്മർദം കുറച്ചു. 7.15 നു അവസാന കമാൻഡ് കൊടുത്തു. പേടകം ചൊവ്വയുടെ മറുവശത്ത് മറഞ്ഞു.
പതിനഞ്ച് മിനിട്ടിനു ശേഷമേ എന്തങ്കിലും വിവരം ലഭിക്കൂ. പരാജയപ്പെട്ട ചൊവ്വദൗത്യങ്ങളിൽ 90 ശതമാനവും സംഭവിച്ചത് ഈ ഘട്ടത്തിലാണ്. മിഷൻ കണ്ട്രോളിനെയും ,നൂറ്റിമുപ്പത് കോടി ജനങ്ങളെയും കോരിത്തരിപ്പിച്ചു കൊണ്ട് 7.45 നു ആ വിദൂര സിഗ്നൽ ഹാസനിലെ പടുകൂറ്റൻ ആന്റിനയിലെക്ക് കിനിഞ്ഞിറങ്ങി. മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥം ചുംബിച്ചിരിക്കുന്നു. ബഹിരാകാശ ചരിത്രത്തിൽ ഒരിക്കലും തിരുത്താൻ സാധിക്കാത്ത റെക്കോർഡുമായി ISRO ലോകത്തിന്റെ നെറുകയിൽ. ഒരു ഗ്രഹാന്തര ദൗത്യം ആദ്യ ശ്രമത്തിൽ തന്നെ വിജയിപ്പിച്ച പെരുമ ഇനി ഭാരതത്തിനു സ്വന്തം. ഒൻപത് മാസം ,നൂറുകോടി കിലോമീറ്റർ ,ചെലവ് 450 കോടി. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ പോലെ ഇപ്പോഴത്തെ ഓട്ടോ ചർജിനെക്കാൾ കുറഞ്ഞ ചെലവിലാണ് നാം ചൊവ്വയിലെത്തിയത്.
ഒരു ഉപഗ്രഹത്തിന്റെ ആയുസ്സ് നിശ്ചയിക്കുന്നത് അതില്‍ നിറച്ചിരിക്കുന്ന ഇന്ധനം തീരുന്നതിനു അനുസരിച്ചാണ്. പാത ശരിയാക്കല്‍, ദിശ തിരിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണിത് ഉപയോഗിക്കുന്നത്.ആയുസ്സിലെക്ക് വേണ്ട മുഴുവന്‍ ഇന്ധനവും അതില്‍ നിറച്ചിട്ടുണ്ടാകും. എന്തങ്കിലും കാരണവശാല്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കേണ്ടി വന്നാല്‍ പേടകത്തിന്റെ ആയുസ്സും കുറയും.ഇവിടെയാണ് മംഗള്‍യാന്‍ മറ്റൊരു റിക്കോര്ഡ് ഇട്ടത്. ചോവ്വയിലെക്കുള്ള യാത്രാമധ്യേ പാത തിരുത്തലിനു വളരെ കുറച്ച് ഇന്ധനമേ വേണ്ടി വന്നുള്ളൂ.ഇതിനു വേണ്ടി കരുതിയിരുന്ന ഇന്ധനത്തില്‍ തൊണ്ണൂറു ശതമാനവും ബാക്കിയായി. ഇത് പേടകത്തിന്റെ ആയുസ്സ് വര്‍ഷങ്ങള്‍ നീട്ടി.
മൂന്ന്‍ കൊല്ലത്തിനിപ്പുറം , കല്പിക്കപ്പെട്ട ഒൻപത് മാസത്തെ ആയുസെല്ലാം മറികടന്നു വർധിത യൗവ്വനത്തോടെ ,നമ്മുടെ ആകാശദൂതൻ ചുവന്ന ഗ്രഹത്തിന്റെ ഓമനയായി , നിതാന്ത ജാഗ്രതയോടെ , ചൊവ്വയെ ചുറ്റിക്കൊണ്ടിരിക്കുന്നു. പുതിയ അറിവുകളും , വിവരങ്ങളും പങ്ക് വെച്ച് ഇനിയുമേറെക്കാലം അവനവിടെയുണ്ടാകും. ചന്ദ്രനിൽ ,ഒരു റോവർ ഇറക്കാനുള്ള പദ്ധതിയുടെ തിരക്കിലേക്ക് ISRO പരകായ പ്രവേശം നടത്തിക്കഴിഞ്ഞു. വൻ നേട്ടങ്ങളുടെ പുതിയ ആകാശങ്ങൾ കാത്തിരിക്കുമ്പോൾ ,കർമ്മയോഗികൾക്ക് ആഹ്ലാദിച്ച് കളയാൻ സമയമെവിടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: