കൊല്ലങ്കോട്:കനത്ത മഴ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും കനത്ത നാശനഷ്ടത്തിനും ഇടയാക്കിയപ്പോള്‍ മുതലമട പഞ്ചായത്തിലെ സമീപ പ്രദേശത്തുള്ള ചുള്ളിയാര്‍, മീങ്കര ഡാമുകളില്‍ വെള്ളം നിറഞ്ഞില്ല. ചുള്ളിയാര്‍ ഡാം ജലസമൃതമാവാന് 24 അടി വെള്ളം ആവശ്യമുണ്ട്.
ഡാമിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലും തെന്മലയുടെ വൃഷ്ടി പ്രദേശത്തും മഴ ലഭിക്കാത്തതാണ് ഡാം നിറയാതിരിക്കാന്‍ കാരണം. 57.5 അടി സംഭരണ ശേഷിയുള്ള ചുള്ളിയാര്‍ ഡാമില്‍ 33.25 അടി വെള്ളമാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലാണന്ന് അവകാശപ്പെടുമ്പോഴും ഇരു ഡാമുകളിലും വെള്ളത്തിന്റെ കുറവ് രണ്ടാം വിളയെ ബാധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
പലകപ്പാണ്ടി പദ്ധതിയിലൂടെ വരുന്ന വെള്ളം മാത്രമാണ് ചുള്ളിയാറിനു രക്ഷയായത്. മഴ നിന്നതോടെ പലകപ്പാണ്ടി പദ്ധതിയിലൂടെയുള്ള നീരൊഴുക്കും കുറഞ്ഞു തുടങ്ങി. ഇരു ഡാമുകളിലും വെള്ളം കുറഞ്ഞ കാലങ്ങളിലെല്ലാം മൂലത്തറ കമ്പാലത്തറ ഏരികളിലെ വെള്ളം കന്നിമാരി കനാലിലൂടെ മീങ്കരയിലെത്തിച്ചാണ് മീങ്കര ഡാമും ലിങ്ക് കനാല്‍ വഴി ചുള്ളിയാര്‍ ഡാമും നിറയ്ക്കുന്നത്.
എന്നാല്‍ കമ്പാലത്തറ ഏരിയിലെ വെള്ളം കഴിഞ്ഞ പതിനഞ്ചു ദിവസത്തോളം പെരുവെമ്പ് ഭാഗത്തേക്ക് ഒഴുക്കി കളയുകയാണ് ഉണ്ടായതെന്നും കര്‍ഷകര്‍ക്ക് വെള്ളം വേണ്ടാത്ത സമയത്തും പോലും വെള്ളം പാഴാക്കികളയുകയായിരുന്നു.
മീങ്കര ഡാമില്‍ വെള്ളം എത്തിക്കുന്നതിനായി കെ.ബാബു എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ കന്നിമാരിയിലെത്തി ഉദ്യോഗസ്ഥരോടും ചിറ്റൂര്‍ എംഎല്‍എയോടും ആവശ്യപ്പെട്ടിട്ടുപോലും രണ്ടു ദിവസം മാത്രമാണ് കന്നിമാരി ഷട്ടര്‍ തുറന്നുവിട്ടത്.
പറമ്പിക്കുളം ആളിയാര്‍ കരാറിനെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴും സംസ്ഥാനത്തിന്റെ അകത്തുനിന്നു പോലും വെള്ളം വിട്ടുകൊടുക്കുവാന്‍ തയ്യാറാകാത്ത സ്ഥിതി തുടരുകയാണ്. കാര്‍ഷിക ആവശ്യത്തിനായുള്ള ചുള്ളിയാറും കുടിവെള്ളത്തിനും കാര്‍ഷികാവശ്യത്തിനായുള്ള മീങ്കര ഡാമും ജലസമൃതമാകുന്നതിനായി മഴയക്കു വേണ്ടി കാത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: