കാട്ടാക്കട: കാട്ടാല്‍ ചുവട്ടില്‍ കലയുടെ നവരാത്രിക്ക് ആട്ടവിളക്ക് തെളിഞ്ഞു. ഇനി സ്വരരാഗ താളലയങ്ങളുടെ ഒന്‍പത് രാപ്പകലുകള്‍. കാട്ടാല്‍ ഭദ്രകാളി ദേവീക്ഷേത്രവും തപസ്യ കലാ സാഹിത്യ വേദിയും കൈകോര്‍ക്കുന്ന നവരാത്രി കലാ സാഹിത്യോത്സവത്തിന് ഇന്നലെ റിച്ചാര്‍ഡ് ഹേ എംപി കല്‍വിളക്കില്‍ ദീപം പകര്‍ന്നു.
രാവിലെ 9 മുതല്‍ നാരായണീയം പാരായണത്തോടെയാണ് നവരാത്രി ഉത്സവത്തിന് തുടക്കമായത്. വൈകിട്ട് നടന്ന സമാരംഭ സമ്മേളനം ക്ഷേത്രസമിതി പ്രസിഡന്റ് ജി.സന്തോഷ് കുമാറിന്റെ അധ്യക്ഷതയില്‍ റിച്ചാര്‍ഡ് ഹേ എംപി ഉദ്ഘാടനം ചെയ്തു.
തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഡോ.എം.പി അനില്‍, ഗ്രാമ ജില്ലാ പ്രസിഡന്റ് ഒറ്റശേഖരമംഗലം വിജയകുമാര്‍, അഡ്വ.രാജപ്രതാപന്‍, ക്ഷേത്ര സെക്രട്ടറി എന്‍.കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. തപസ്യയിലെ കവി കൂട്ടായ്‌മയില്‍ പിറവിയെടുത്ത വാക്കിന്‍ ചിലമ്പൊലി എന്ന കവിതാ സിഡി, ഡോ.എം.പി അനില്‍ രചിച്ച വിളപ്പില്‍ശാല അഥവാ വാഗ്ദത്ത ഭൂമി എന്ന ചരിത്ര പുസ്തകം എന്നിവ ചടങ്ങില്‍ പ്രകാശനം ചെയ്തു.
കട്ടാല്‍ കലാ സാഹിത്യോത്സവത്തില്‍ ഇന്ന് വൈകിട്ട് 5ന് ഭക്തി സൗന്ദര്യ ദര്‍ശനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം. രാത്രി 7 ന് സ്വാഗത നൃത്തം, 7.10 ന് കവിതാ നൃത്തം, 7.15 ന് ഭരതനാട്യം, 7.45 ന് ചേനാട് രാജേന്ദ്രന്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗം.
















