തിരുവല്ല: പ്രാദേശിക വികസനത്തിന് വിലങ്ങുതടിയാകുന്ന റോഡ് കടവ് പാലം പുനര്‍ നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പെരിങ്ങര പഞ്ചായത്തിലെ മേപ്രാല്‍-ഇളവനാരിപ്പടി റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വീതി കുറഞ്ഞ പാലത്തെ ചൊല്ലിയാണ് നാട്ടുകാരുടെ മുറവിളി. ചെറു വാഹനങ്ങള്‍ക്ക് മാത്രം കടന്നു പോകാന്‍ സാധിക്കുന്ന തരത്തിലുളള പാലത്തിന്റെ നിര്‍മാണം 2004 ലാണ് പൂര്‍ത്തിയായത്.
പഞ്ചായത്തിലെ രണ്ടാം വാര്‍ഡിനെയും പതിനഞ്ചാം വാര്ഡിനയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന് അന്‍പത് മീറ്ററോളം നീളം വരും. കഷ്ടിച്ച് ഓട്ടോറിക്ഷയ്ക്ക് മാത്രം കടന്നു പോകാന്‍ സാധിക്കുന്ന തരത്തിലുളള പാലം പ്രദേശത്ത് വന്‍ വികസനത്തിന് വന്‍ തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്. ഇരു കരകളില്‍ നിന്നും ഒരേ സമയം രണ്ട് വാഹനങ്ങള്‍ കടന്നു വന്നാല്‍ ഒരു വാഹനം പിന്നിലേക്ക് ഇറക്കേണ്ട അവസ്ഥയാണ്. ഇത് പലപ്പോഴൂം തര്‍ക്കങ്ങള്‍ക്കും വാക്കേറ്റത്തിനും കാരണമാകുന്നുണ്ട്. വലിയ വാഹനങ്ങള്‍ കടത്തിക്കൊണ്ട് പോകാന്‍ നടത്തുന്ന ശ്രമം മൂലം പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന നിലയിലാണ്.
വലിയ വാഹനങ്ങള്‍ കടന്നു പോകുന്ന തരത്തില്‍ പാലം പുനര്‍ നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ചാത്തങ്കരി-മുട്ടാര്‍ റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തരത്തില്‍ പ്രധാന് മന്ത്രി സടക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇളവനാരിപ്പടി-വളവനാരി റോഡിന്റെ നിര്‍മാണത്തിന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നടപടി ക്രമങ്ങള്‍ ദ്രുതഗതിയിലാണ് നടക്കുന്നത്. ഈ റോഡ് പൂര്‍ത്തിയാകുമ്പോള്‍ റോഡ്കടവ് പാലത്തിന്റെ വീതിക്കുറവ് ഭാവിയില്‍ വലിയ ഗതാഗത പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. പാലം പുനര്‍ നിര്‍മിക്കുന്നതിനായുളള തുക കണ്ടെത്തുന്നതിന് എം.പി, എം.എല്‍.എ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി സര്‍ക്കാര്‍ തലത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: