പട്ടാമ്പി:ലാഭ വിഹിതം നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ യുവാവ് അറസ്റ്റില്‍. കുമരനെല്ലൂര്‍ തൊഴാം പുറത്ത് സനൂപ് (30) ആണ് പട്ടാമ്പി പോലീസിന്റെ പിടിയിലായത്.
രണ്ടര കോടി രൂപ വാങ്ങിയതായി ഒരാളാണ് പട്ടാമ്പി പോലീസില്‍ പരാതി നല്‍കിയിട്ടുളളത്. നാലുപേര്‍ ഇതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില്‍ എത്തിയതായും, ഏഴോളം പേര് ഗള്‍ഫില്‍ നിന്നും പട്ടാമ്പി പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. വടകര, എടപ്പാള്‍, ചങ്ങരംകുളം എന്നിവിടങ്ങളില്‍ നിന്നുള്ളവരില്‍ നിന്നും 20 കോടിയോളം രൂപ ഇത്തരത്തില്‍ കൈക്കലാക്കിയതായാണ് പറയപ്പെടുന്നത്.
കോഴിക്കോട് മഹീന്ദ്ര സ്ഥാപനത്തില്‍ ഡെപ്യൂട്ടി മാനേജരായിരുന്ന സനൂപ് കോഴിക്കോട് ജോലി ചെയ്യുന്നതിനിടെ കോഴിക്കോട് സ്വദേശിയുടെ സഹായത്താല്‍ മൂന്ന് വര്‍ഷം മുമ്പ് ഖത്തറിലേക്ക് പോയി. ഇവിടെ ജോലി ചെയ്യുന്നതിനിടെയാണ് നിര്‍മ്മാണ സാമഗ്രികള്‍ കയറ്റി അയക്കാന്‍ തുടങ്ങിയത്.ഇവ കയറ്റി അയക്കുമ്പോള്‍ കിട്ടുന്ന ലാഭവിഹിതം നല്‍കുമെന്ന് പറഞ്ഞാണ് സനൂപ് പണം കൈപ്പറ്റിയിരുന്നത്.ആദ്യമൊക്കെ കാര്യങ്ങള്‍ സുഖമായി നടന്നെങ്കിലും, ഖത്തറില്‍ പ്രതിസന്ധി വന്നതോടെ സനൂപിന്റെ ബിസിനസ്സ് തകര്‍ന്നു.
മുത്തശ്ശിക്ക് സുഖമില്ലെന്ന് കള്ളം പറഞ്ഞ് കഴിഞ്ഞ ആഗസ്റ്റ് മാസം 23 നാണ് സനൂപ് നാട്ടിലെത്തിയത്. എന്നാല്‍ ഇതിന് ശേഷം കുടുംബസമേതം വീട്ടില്‍ നിന്നും മാറി നില്‍ക്കുകയാണ് ചെയ്തത്.പിന്നീട് ട്രിച്ചി, മധുര, ബാംഗ്ലൂര്‍ എന്നീ സ്ഥലങ്ങളില്‍ ഒളിച്ച് താമസിച്ച സനൂപ് സ്വന്തം മൊബൈലും, ഫെയ്സ് ബുക്കും മറ്റും തന്ത്രപരമായി വിഛേദിച്ചാണ് മുങ്ങിയത്. എന്നാല്‍ സനൂപിന്റെ ആധാര്‍ കാര്‍ഡിന്റെ കോപ്പി വെച്ച് സൈബര്‍ പോലീസ് നടത്തിയ തിരച്ചിലില്‍ സനൂപ് ട്രിച്ചിയില്‍ ഉണ്ടെന്നറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം പട്ടാമ്പി സി.ഐ.പി.വി.രമേഷ്, പോലീസുകാരായ ബിജു, ഗിരീഷ്, സനല്‍, പ്രകാശന്, ഷെമീര്‍, സൈബര്‍ സെല്‍ പോലീസുകാരനായ വിനീത് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്കി. സനൂപിനെ കോടതി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: