തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മൂലവിഗ്രഹത്തിന്റെ രണ്ടാംഘട്ട പരിശോധന പൂര്‍ത്തിയായി. ഇന്നലെ അഞ്ചുമണിക്കൂറോളം സമയമെടുത്താണ് വിഗ്രഹ പരിശോധന നടത്തിയത്. പരിശോധനയുടെ റിപ്പോര്‍ട്ട് മൂന്നുദിവസത്തിനുള്ളില്‍ തയ്യാറാക്കി സുപ്രീംകോടതിക്ക് നല്‍കുമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി. രതീശന്‍ അറിയിച്ചു.
രാജകുടുംബാംഗങ്ങള്‍, തന്ത്രി, കടുശര്‍ക്കരയോഗത്തിന്റെ നിര്‍മ്മാണവിദഗ്‌ദ്ധര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന.രാവിലെ 11ന് പതിവുപൂജകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പരിശോധകസംഘം ഒറ്റക്കല്‍ മണ്ഡപത്തില്‍ കടന്നത്. മൂലവിഗ്രഹമുള്ള ശ്രീകോവിലിന്റെ വശങ്ങളും അനന്തന്റെ മണ്ഡപമുള്‍ക്കൊള്ളുന്ന ഭാഗവുമാണ് ഇന്നലെ പരിശോധിച്ചത്. മൂലവിഗ്രഹത്തിന് കാര്യമായ തകരാറുകള്‍ സംഭവിച്ചിട്ടില്ലെന്ന് ഒരു മാസം മുന്‍പ് അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ചെറുതും പെട്ടെന്ന് പരിഹരിക്കാവുന്നതുമാണ് ഇവയെന്നും കണ്ടെത്തിയിരുന്നു.
കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി, തന്ത്രി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട്, വേഴപ്പറമ്പ് ബ്രഹ്മദത്തന്‍ നമ്പൂതിരി, സജി നമ്പൂതിരിപ്പാട്, ചെറുവള്ളി നാരായണന്‍ നമ്പൂതിരി, എഴുന്തോളില്‍ സതീഷ് ഭട്ടതിരി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയുടെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഭരണസമിതി ചെയര്‍മാന്‍ കെ. ഹരിപാല്‍, അംഗം എസ്. വിജയകുമാര്‍, ക്ഷേത്രം സ്ഥാനി മൂലംതിരുനാള്‍ രാമവര്‍മ, രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി, ആദിത്യവര്‍മ, തിരുവാതിര തിരുനാള്‍ ലക്ഷ്മിഭായി എന്നിവര്‍ മൂലവിഗ്രഹ പരിശോധനയില്‍ പങ്കെടുത്തു.
















