കളമശേരി: എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയെ സഹപാഠി ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. തലയ്‌ക്കടിയേറ്റ വിദ്യാര്‍ത്ഥിനി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
മെഡിക്കല്‍ കോളേജ് അധികൃതരുടെ പരാതിയെത്തുടര്‍ന്ന് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയും ചന്തിരൂര്‍ സ്വദേശിയുമായ മാനസ് (22)നെ കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്‌ച്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം.
അധ്യാപകന്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഇയാള്‍ ക്ലാസ്സിലേക്ക് കയറിവന്ന് പെണ്‍കുട്ടിയുടെ തലയ്‌ക്കടിക്കുകയായിരുന്നു. ബാറ്റ് ഹോസ്റ്റലില്‍ പോയി എടുത്തു കൊണ്ട് വന്നതാണെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
പെണ്‍കുട്ടിയോട് ഇയാള്‍ പലതവണ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍, അനുകൂല പ്രതികരണം ഉണ്ടായില്ല. ഇതേ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു. പത്തനംതിട്ട സ്വദേശിയാണ് വിദ്യാര്‍ത്ഥിനി.
കളമശ്ശേരി സിഐ എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് വിദ്യാര്‍ത്ഥിനിയുടെ മൊഴിയെടുക്കും. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.















