കൊല്ലം: കേരളശബ്ദം മാനേജിങ് എഡിറ്ററും സാമൂഹ്യപ്രവര്‍ത്തകനും വ്യവസായിയുമായ ഡോ. ബി.എ. രാജാകൃഷ്ണന്‍(70) അന്തരിച്ചു. 40 വര്‍ഷമായി പത്രപ്രവര്‍ത്തനരംഗത്തും വ്യാവസായികരംഗത്തും സജീവമായിരുന്ന രാജാകൃഷ്ണന്‍ സാഹിത്യസാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് നേടിയശേഷം ഏതാനും വര്‍ഷങ്ങള്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി നോക്കിയതിനു ശേഷമാണ് സാംസ്‌കാരിക രംഗത്തേക്കു തിരിഞ്ഞത്. 1974 മുതല്‍ കേരളശബ്ദം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ ചുമതലക്കാരനായി. പ്രമുഖ വ്യവസായിയും പത്ര ഉടമയുമായിരുന്ന ആര്‍. കൃഷ്ണസ്വാമിയുടെ മകള്‍ വിമലയെ വിവാഹം കഴിച്ചതോടെയാണ് ജീവിതത്തിന്റെ ഗതിമാറിയത്.
1982ല്‍ കൃഷ്ണസ്വാമി അന്തരിച്ചതിനെ തുടര്‍ന്ന് ഒമ്പത് പ്രസിദ്ധീകരണങ്ങളുടെ ചുക്കാന്‍ ഏറ്റെടുത്തു. സാംസ്‌കാരിക രംഗത്തും സാമൂഹ്യരംഗത്തും ഡോ. രാജാകൃഷ്ണന്‍ നിറസാന്നിധ്യമായി. പരിശ്രമശാലിയായ വ്യവസായി, സാമൂഹ്യബോധമുള്ള പത്രപ്രവര്‍ത്തകന്‍, സാഹിത്യസ്‌നേഹി, ചലച്ചിത്രനിര്‍മാതാവ് എന്നീ നിലകളില്‍ രാജാകൃഷ്ണന്‍ വ്യക്തിമുദ്ര പതിപ്പിച്ചു.
രാധ എന്ന പെണ്‍കുട്ടി, കലിക, താളം മനസിന്റെ താളം, ബലൂണ്‍, നട്ടുച്ചയ്‌ക്കിരുട്ട്, ലേഡി ടീച്ചര്‍ തുടങ്ങിയ സിനിമകള്‍ നിര്‍മിച്ചു.
കുങ്കുമം, മഹിളാരത്‌നം, നാന തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററും എഴുത്തുകാരിയുമായ വിമലാ രാജാകൃഷ്ണനാണ് ഭാര്യ. കേരളശബ്ദം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മധു ആര്‍.ബാലകൃഷ്ണന്‍, ശ്രീവിദ്യ, ലക്ഷ്മിപ്രിയ എന്നിവര്‍ മക്കള്‍. മരുമക്കള്‍: ശിവകുമാര്‍, സംഗീതാ മധു. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്‌ക്ക് മൂന്നിന് മുളങ്കാടകം ശ്മശാനത്തില്‍.
















