കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ ഡയറക്ടര്‍ സ്ഥാനത്തുനിന്നും അയോഗ്യനാക്കിയെന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിലില്ലെന്നും വീക്ഷണം മാനേജിങ് ഡയറക്ടറും ചീഫ് എഡിറ്ററുമായ പി.ടി തോമസ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
വീക്ഷണം ദിനപത്രത്തിന്റെ പ്രസിദ്ധീകരണം മുടങ്ങുമെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. രജിസ്ട്രാര്‍ ഓഫ് കമ്പനീസുമായി (ആര്‍.ഒ.സി) ബന്ധപ്പെട്ട് ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധി വീക്ഷണത്തിന്റെ രജിസ്‌ട്രേഷനെയോ പ്രസിദ്ധീകരണത്തേയോ ബാധിക്കില്ല. പതിവ് പോലെ പ്രസിദ്ധീകരണം തുടരും.
കേന്ദ്ര സര്‍ക്കാര്‍ 2013ല്‍ കമ്പനി നിയമം ഭേദഗതി ചെയ്തപ്പോഴുണ്ടായ സാങ്കേതിക പിശകാണ് ഇപ്പോള്‍ കമ്പനി ഡയറക്ടര്‍മാര്‍ അയോഗ്യരാകുന്നതിനുള്ള സാഹചര്യമുണ്ടായത്. ഭേദഗതിയില്‍ വാര്‍ഷിക കണക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ട സെഷന്‍ 2014ലാണ് നോട്ടിഫൈ ചെയ്തത്.
സ്വാഭാവികമായും 2017 ഒക്ടോബര്‍ 31 വരെ സമയം കിട്ടേണ്ടതാണ്. എന്നാല്‍ അതുണ്ടായില്ല.
ഡയറക്ടര്‍മാരെ അയോഗ്യരാക്കിയതിനെതിരെ കമ്പനി രജിസ്ട്രാര്‍ ഓഫീസില്‍ വീക്ഷണം നല്‍കിയ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. നൂറ് കണക്കിന് അപ്പീലുകളില്‍ വീക്ഷണത്തിന്റേതടക്കം മൂന്ന് അപ്പീലുകളാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
















