ചില ചിത്രങ്ങൾ നമ്മുടെ കണ്ണിനെ ഈറണയിക്കും, ഒരു പക്ഷേ അവ ഉളവാക്കുന്ന നൊമ്പരം പറഞ്ഞറിയിക്കാൻ സാധിക്കാത്തതിലും വലുതായിരിക്കും. സിറിയയിൽ ആഭ്യന്തര യുദ്ധം തുടങ്ങിയ നാൾക്ക് മുതൽ നമുക്ക് കാണാനാകുന്നത് ഇത്തരത്തിലുള്ള കണ്ണീരണിയിക്കുന്ന നേർചിത്രങ്ങളാണ്. സത്യത്തിൽ യുദ്ധത്തിന്റെ കൊടിയ ദുരിതം അനുഭവിക്കേണ്ടി വരുന്നത് കുട്ടികളാണ്. ഒരു രാജ്യത്തിന്റെ ഭാവിതലമുറയെ മൊത്തമായി അന്ധകാരത്തിന്റെ കെടുതിയിലേക്ക് തള്ളിയിടാൻ യുദ്ധത്തിനാകും.
രണ്ടാം ലോക ലോകമഹായുദ്ധകാലത്തും, വിയറ്റ്‌നാം യുദ്ധകാലഘട്ടത്തിലും, റുവാണ്ടയിലെ വംശഹത്യയിലും, ഇപ്പോൾ അറബ് മേഖലകളിൽ അരങ്ങേറുന്ന ആഭ്യന്തര യുദ്ധങ്ങളിലും കുട്ടികൾ അനുഭവിച്ചതും നേരിട്ടുകൊണ്ടിരിക്കുന്നതുമായ ബുദ്ധിമുട്ട് വിവരിക്കാനാകുന്നതിലും അപ്പുറമാണ്.
വിയറ്റ്നാം യുദ്ധകാലത്ത് അസോസിയേറ്റഡ് പ്രസ്സിന്റെ ഫോട്ടോഗ്രാഫറായ നിക്ക് ഉട്ട് എടുത്ത ചിത്രം ” ദ ടെറർ ഓഫ് വാർ” ഇതിന് ഏറ്റവും ഉത്തമ ഉദാഹരണമാണ്. വടക്കൻ വിയറ്റ്നാമും തെക്കൻ വിയറ്റ്നാമും തമ്മിലുള്ള ഘോര ബോംബിടലിനിടയിൽ ഭയന്ന് വിറച്ച് നഗ്നയായി ഓടുന്ന ബാലികയുടെ ചിത്രം യുദ്ധം കുട്ടികളിലേൽപ്പിക്കുന്ന ക്രൂരതയുടെ യഥാർത്ഥ മുഖം വിളിച്ചോതുന്നു. ഈ ചിത്രത്തിന് പുലിസ്റ്റർ സമാനം ലഭിക്കുകയുണ്ടായി.
ഈ ചിത്രം ജനഹൃദയങ്ങളിൽ ആഴത്തിൽ സ്പർശിച്ചു എന്നത് സത്യമായ കാര്യമാണ്. എന്നാൽ ഇപ്പോൾ ആഭ്യന്തര യുദ്ധങ്ങൾ മൂർച്ചിച്ച് നിൽക്കുന്ന പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നും പുറത്തു വരുന്ന ചിത്രങ്ങൾ യുദ്ധം മൂലം കുട്ടികൾക്കുണ്ടാകുന്ന ദുരിതത്തിന്റെ യഥാർത്ഥ വശം കാണിച്ച് തരുന്നു. സിറിയൻ ആഭ്യന്തര യുദ്ധത്തിന്റെ ക്രൂരത വിളിച്ചോതുന്ന ഒരു ചിത്രമായിരുന്നു 2015ൽ തുർക്കി ജേർണലിസ്റ്റ് നിലൂഫർ ഡെമീർ പകർത്തിയ മൂന്ന് വയസുകാരൻ അലൻ കുർദിയുടേത്. മെഡിറ്ററേനിയൻ കടൽ തീരത്ത് ചേതനയറ്റ് കമിഴ്ന്ന് കിടക്കുന്ന അലൻ കുർദി ലോകമാകമാനമുള്ള ജങ്ങളുടെ മനസിൽ നേർത്ത നൊമ്പരമായി മാറി.
കളിച്ച് ചിരിച്ച് നടക്കേണ്ട പ്രായത്തിൽ യുദ്ധം എന്ന മഹാമരിക്കു മുന്നിൽ ഏവരെയും നഷ്ടപ്പെട്ട് ഒരു നേരത്തെ ആഹാരത്തിന് വേണ്ടി വീടും നാടും ഉപേക്ഷിച്ച് കടൽ താണ്ടേണ്ട അവസ്ഥയാണ് ഇപ്പോൾ ഈ കുട്ടികൾക്ക്. അഭയാർത്ഥികളായി ജീവിതം തള്ളിനീക്കാൻ വിധിക്കപ്പെട്ട ഈ കുഞ്ഞുങ്ങളുടെ വേദന ലോകം കാണാതെ പോകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: