ആലപ്പുഴ: മഴ ശക്തമായി തുരുന്നു, സപ്ലൈകോയുടെ നെല്ല് സംഭരണം വൈകിയതോടെ സ്വകാര്യമില്ലുകള്‍ കുട്ടനാട്ടിലെ നെല്‍കര്‍ഷകരെ ചൂഷണം ചെയ്യുന്നു. ക്വിന്റലിന് 600 രൂപവരെ കുറച്ചാണ് കര്‍ഷകരില്‍നിന്ന് മില്ലുടമകള്‍ നെല്ല് വാങ്ങിക്കൂട്ടുന്നതെന്നാണ് പരാതി. നെല്ല് കുത്തിയെടുക്കാനുള്ള കരാറില്‍ മില്ലുകളുമായി സിവില്‍ സപ്ലൈസ് കോര്പറേഷന് ധാരണയിലെത്താന്‍ വൈകുന്നതാണ് പ്രശ്നം.
പല പാടശേഖരങ്ങളിലും നെല്ല് കൊയ്ത് കൂട്ടിയിട്ടിരിക്കുകയാണ്. കൊയ്ത്തുകഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും സംഭരിക്കാന്‍ സപ്ലൈക്കോയില്ല. അടുത്തമാസം ഒന്നുമുതലേ സര്‍ക്കാരിന്റെ നെല്ല് സംഭരണം ആരംഭിക്കു. മഴ ശക്തമായി തുടരുന്നതിനാല്‍ നെല്ല് കിട്ടുന്ന വിലയ്ക്ക് വില്ക്കാന് കര്‍ഷകര്‍ നിര്‍ബന്ധിതമാകുകയാണ്. ക്ലിന്റലിന് 2,330 രൂപയാണ് സപ്ലൈക്കോ ഇത്തവണ നല്‍കുന്നത്. എന്നാല്‍ സ്വകാര്യമില്ലുകള്‍ എടുക്കുന്നത് 1,700 രൂപയ്ക്കാണെന്ന് കര്‍ഷകര്‍ പറയുന്നു.
സര്‍ക്കാരിന്റെ അലംഭാവമാണ് കര്‍ഷകരെ വന്‍ നഷ്ടത്തിലേക്ക് നയിക്കുന്നത്. രണ്ടാംകൃഷി വിളവെടുപ്പ് തുടങ്ങിയിട്ടും നെല്ല് സംഭരണത്തിനുള്ള രജിസ്ട്രേഷന് നടപടി പോലും പൂര്‍ത്തീകരിക്കാനായില്ല. സാധാരണ കൊയ്ത്തിന് ഒരുമാസം മുന്‍പു നടപടി പൂര്‍ത്തീകരിക്കേണ്ടതാണ്. കുട്ടനാട്ടില്‍ 12 കൃഷിഭവനുകളുള്ളതില് പകുതി സ്ഥലങ്ങളില്‍ പോലും ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയാണ്.
പല സ്ഥലത്തും അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു. ഒരു ഓഫിസര്‍ക്ക് ഒന്നും രണ്ടും ഓഫിസുകളുടെ ചുമതല നല്‍കിയിരിക്കുകയാണ്. അതിനാല്‍ എല്ലായിടത്തും സമയത്ത് എത്താന്‍ കഴിയുന്നില്ലെന്ന് ഇവര്‍ പറയുന്നു. കര്‍ഷകര്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം. അതിന്റെ പകര്‍പ്പ് കൃഷി ഓഫിസര്‍, കൃഷി അസിസ്റ്റന്റ് എന്നിവര്‍ പരിശോധിച്ചു അംഗീകാരം വാങ്ങണം.
ബാങ്കിന്റെ ശാഖ, അക്കൗണ്ട് നമ്പര്‍ എന്നിവ സഹിതം പാടശേഖര സമിതി സെക്രട്ടറിമാര്‍ വശം പാഡി മാര്‍ക്കറ്റിങ് ഓഫിസിലെത്തിച്ചാല്‍ മാത്രമെ ഐഡി നമ്പര്‍ ലഭിക്കുകയുള്ളു.
ഇതു ലഭിച്ചാല്‍ മാത്രമെ മില്ലുടമകള്‍ നെല്ല് സംഭരിക്കുകയുള്ളു. രജിസ്ട്രേഷന് കാലതാമസം നേരിടുന്നതു കണക്കിലെടുത്ത് 22 വരെ സമയം നീട്ടിവച്ചെങ്കിലും ഇനിയും നടപടി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കിഴക്കന്‍ വെള്ളത്തിന്റെ വരവും ഒഴുക്കും ശക്തമായി തുടരുന്നു.
രണ്ടാം കൃഷിയിറക്കിയ പാടശേഖരങ്ങള്‍ക്കും പുഞ്ചക്കൃഷിയിറക്കാന്‍ തയാറാകുന്ന പാടശേഖരങ്ങള്‍ക്കും ജലനിരപ്പുയര്‍ന്നതു ഭീഷണിയാണ്. പാടത്തു മഴവെള്ളം കെട്ടിക്കിടക്കുന്നതും ഉറവയും മൂലം കൊയ്ത്ത് യന്ത്രം ഇറക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: