തരിശുഭൂമിയെ ഹരിത സ്വര്‍ഗ്ഗമാക്കുന്ന കര്ഷകന്. ഇത്, മണ്ണില്‍ പൊന്നുവിളയിക്കുന്ന വി.എച്ച് കുമാര്‍. സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ ഉദ്യോഗസ്ഥനായിരുന്ന മലയിന്‍കീഴ് രത്നവിലാസം ബംഗ്ളാവില്‍ ഹരികുമാര്‍(വി.എച്ച്.കുമാര്‍) കൃഷിയില്‍ വിജയഗാഥ രചിച്ചതിനു പിന്നില്‍ യാദൃച്ഛികത യൊന്നുമില്ല.
പിതാവ് വേലായുധന് നായരില്‍ നിന്ന് ഹൃദിസ്ഥമാക്കിയ കൃഷിയറിവുകളാണ് കുമാറിലെ കര്ഷകന് ഊര്‍ജമായത്. കുമാര്‍ മലയിന്‍കീഴിലെ വിദ്യാസമ്പന്നനായ കൃഷിക്കാരനാണിപ്പോള്. കുടുംബ സ്വത്തില്‍ സ്വന്തം പേരില്‍ കിട്ടിയ ഭൂമിയും സഹോദരങ്ങള്ക്കുള്ളതുമായ സ്ഥലത്ത് പാഴ്ച്ചെടികള് കൊണ്ട് മൂടപ്പെട്ടത് കുമാറിന്റെ മനസ്സിനെ വല്ലാതെ നോവിച്ചു.
അങ്ങനെയാണ് കൃഷിയിയിലേക്ക് തിരിയാനിടയായത്. ബാല്യകാലത്തേ കൃഷിയോടുള്ള ആഗ്രഹം സഫലമാക്കാന്‍ കഠിനമായി പ്രയത്നിച്ചു. വെണ്ടയും ചേനയും ചീരയും നൂറ് മേനി നല്കിയപ്പോള് കൃഷിയില്‍ കൂടുതല്‍ ശ്രദ്ധചെലുത്താന്‍ തുടങ്ങി. മണ്ടരി ബാധിച്ച തെങ്ങുകള്‍ നീക്കം ചെയ്ത് ആ സ്ഥലത്ത് വാഴ കൃഷിതുടങ്ങി.
ഏത്തന്,കപ്പ,രസകദളി,പാളയംതോടന്‍,മോറീസ് തുടങ്ങി 5,000ലേറെ വാഴകള്‍ക്കും വേരോട്ടമുണ്ടാക്കാന്‍ ചുരുങ്ങിയ കാലം കൊണ്ട് കുമാറിന് സാധിച്ചു. ജൈവവളത്തിന് പ്രാധാന്യം നല്‍കിയാണ് കൃഷിയിലേറെയും. കൃഷിഭവന്,വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍കൗണ്‍സില്‍,ഹോര്‍ട്ടികോപ്പ് കോര്പ്പറേഷന് എന്നിവരില്‍ നിന്ന് സാങ്കേതിക വിവരങ്ങളും സഹായങ്ങളും തേടി.
സലാഡ് വെള്ളരിയും,അരുണ്‍ ചീരയും, വയനാട് ബ്രോകോലിയും കൃഷിയിടം ഹരിതാഭമാക്കി. വിവിധയിനം ചീരവിത്തുകള്‍ ഊട്ടിയില്‍ നിന്നും സ്വന്തം തോട്ടത്തിലേക്ക് എത്തിച്ചു. വെള്ളത്തിന്റെ ലഭ്യത കൃഷിക്ക് അനിവാര്യമായതിനാല്‍ നൂതന രീതിയിലുള്ള പമ്പു സെറ്റുകള്‍ കൃഷിയിടത്തിലെ കുളങ്ങളില്‍ സ്ഥാപിച്ചു. കടുത്ത വേനലിലും വെള്ളം സുലഭമാണിവിടെ. സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് ജോലിക്കാര്‍ കുമാറിന് കൃഷിയില്‍ സഹായികളായുണ്ട്. രണ്ടാഴ്ചയിലൊരിക്കല്‍ പച്ചക്കറി വിളവെടുക്കാറുണ്ട്.(വെള്ളരി,ചീര,പയര്‍,സലാഡ്,കത്തിരി,മുളക് എന്നിവ.)
ആനയറ വേള്‍ഡ് മാര്‍ക്കറ്റിലെ ഹോര്‍ട്ടി കോര്‍പ്പിലും മറ്റ് പൊതു മാര്‍ക്കറ്റുകളിലും ചെറുകിട കച്ചവടക്കാര്‍ക്കും വില്‍ക്കുകയാണ് പതിവ്.ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള അന്‍പത് സ്ക്കൂളുകളില്‍ കുമാര്‍ ഇതിനിടെ പച്ചക്കറി വിത്ത് വിതരണംചെയ്തിട്ടുണ്ട്. വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, മലയിന്‍കീഴ് പഞ്ചായത്തുകള്‍ കൃഷി കണ്‍സള്‍ട്ടന്റായി കുമാറിനെയാണ് നിയമിച്ചിരിക്കുന്നത്.
സ്വന്തം കൃഷിയിടത്തില്‍ അഗ്രോ റിസോര്‍ട്ട് സ്ഥാപിച്ച് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് കുമാര്‍ ലക്ഷ്യമിടുന്നത്. കാട്ടാക്കട-നെല്ലിക്കാടില്‍ മരച്ചീനിയും പച്ചക്കറിയും കൃഷി ചെയ്യുന്നതിന് പുറമേ വിളവൂര്‍ക്കലില്‍ ഹൈടെക് പോളീഹൗസുമുണ്ട്. ഒരെ സമയം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് ആനന്ദകരമെന്ന വിശ്വാസക്കാരനാണ് ഇദ്ദേഹം.
കഴിഞ്ഞ നാല് വര്‍ഷത്തെ പ്രയത്നത്തിലൂടെ കുമാര്‍ തെളിയിച്ചിരിക്കുന്നത് കൃഷി ലാഭകരമാണെന്നാണ്. ക്യത്യമായ ശ്രദ്ധയും പരിചരണവും നല്കിയാല് കൃഷിയിലൂടെ മികച്ചനേട്ടങ്ങള്‍ ആര്‍ക്കും കൊയ്യാനാകുമെന്നും കുമാര്‍ തന്റെ അനുഭവത്തിലൂടെവ്യക്തമാക്കുന്നു.അഞ്ച് സെന്റ് മുതലുള്ളവര്‍ക്ക് കൃഷിചെയ്യുന്നതിനുള്ള സഹായം നല്‍കാനും തയ്യാറാണ്.
ഫോണ്‍: 9387296659
പ്രതികരിക്കാൻ ഇവിടെ എഴുതുക: