അരങ്ങ് കരുണയുടെ കഥപറയുകയാണ്. സദാചാരത്തിനും സംസ്കാരത്തിനും മേല്‍ അശ്ലീലവിപ്ലവസമരങ്ങള് കൊടി ഉയര്‍ത്തുന്ന പുതിയകാലത്താണ് കുമാരനാശാന്റെ കരുണയ്ക്ക് രംഗഭാഷ്യം ഒരുങ്ങുന്നത്. പ്രലോഭനങ്ങളെ മറികടന്ന ആത്മീയതപസ്സിന്റെ കരുത്തിനെ വേദിയിലെത്തിക്കുന്നത് ഒരുകാലം കമ്മ്യൂണിസത്തിന്റെ പ്രചാരവേലയ്ക്ക് അരങ്ങൊരുക്കിയ നാടകസംഘമാകുന്നത് കാലത്തിന്റെ നിയോഗമാണ്.
സ്വപ്നസുന്ദരിയായ ഗണിക, വാസവദത്തയുടെയും ബുദ്ധഭിക്ഷുവായ ഉപഗുപ്തന്റെയും കഥ പറയുന്ന കുമാരനാശാന്റെ ‘കരുണ’ കാളിദാസ കലാകേന്ദ്രത്തിലൂടെ വീണ്ടും അരങ്ങിലെത്തുന്നതിന് ഇതുകൊണ്ടൊക്കെത്തന്നെ പ്രസക്തി ഏറുകയാണ്. കാളിദാസയുടെ 57-ാമത് നാടകമാണ് കരുണ.
മഹാകവി കുമാരനാശാന്റെ വിഖ്യാതമായ കൃതിയുടെ തനിമ കൂടുതല്‍ മിഴിവോടെ ഈ നാടകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. മഹത്തായ ഒരു ജീവിതസന്ദേശം അടങ്ങിയിട്ടുള്ള ‘കരുണ’ ഇതിനകം വിവിധ കലാമാധ്യമങ്ങള്‍ പ്രമേയമായി സ്വീകരിച്ച് നിരവധി കലാസൃഷ്ടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
യമുനാ നദിക്കരയിലെ പ്രാചീന നഗരത്തിലെ സ്വപ്ന സുന്ദരിയായ ഗണിക-വാസവദത്തയ്ക്ക് ബുദ്ധഭിക്ഷുവായ ഉപഗുപ്തനോട് തോന്നുന്ന അനുരാഗവും അങ്ങനെയൊരു സമാഗമത്തിന് ഇനിയും സമയമായിട്ടില്ലെന്ന് പറഞ്ഞൊഴിയുന്ന ഭിക്ഷുവിന്റെയും കഥ, ഇന്നലെകളുടെ ചരിത്ര ആഖ്യായികയല്ല ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമെന്ന് കണ്ടാണ് സംവിധായകന് ഇതിനൊരു നാടകരൂപം ഒരുക്കിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കരുണ ചലച്ചിത്രമാക്കിയപ്പോള്‍ അതിന്റെ സംഗീതം കൈകാര്യം ചെയ്തിരുന്നത് ഒഎന്‍വി-ദേവരാജന്‍ ടീമായിരുന്നു. ആ ചിത്രത്തിലെ പഴയ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ തന്നെയാണ് പുതിയ നാടകത്തിനു വേണ്ടിയും പുന:സൃഷ്ടിച്ചിരിക്കുന്നത്.
എത്ര മലിനമായ ജീവിതാവസ്ഥയില്‍ കഴിയുന്നവനും അവന്റെ ജീവിതത്തെ ശുദ്ധീകരിക്കാന്‍ ഒരവസരം ലഭിക്കുന്നുണ്ട്. അതെത്ര മാത്രം നാം പ്രയോജനപ്പെടുത്തുന്നു എന്നൊരു വലിയ ആദ്ധ്യാത്മിക സന്ദേശം കൂടി നല്‍കുന്നുണ്ട് ഈ നാടകം.
ദൃശ്യചാരുതയ്ക്ക് പുതിയ മാനം നല്‍കിക്കൊണ്ടാണ് ഈ നാടകത്തിലെ വിവിധ രംഗങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്. യൂറോപ്യന്‍ നാടക സങ്കല്‍പ്പത്തിനനുസരിച്ച് അരങ്ങിന് ഇരുവശവും കണ്ണാടിയില്‍ തീര്‍ത്ത ആക്ടിംഗ് ചേമ്പേഴ്സ് ഒരുക്കിയിരിക്കുന്നു.
മലയാള നാടകവേദിക്ക് പരിചിതമല്ലാത്ത ധാരാളം പുതുമകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് കരുണ പ്രേക്ഷകരിലെത്തിക്കുന്നത്. ഭാരതീയ പൗരാണിക ചിന്താധാരകളുടെ മഹത്തായ പാരമ്പര്യത്തിലുറച്ചു നിന്നുകൊണ്ട് സമകാലീന സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുന്ന കലാസൃഷ്ടിയെന്ന നിലയില്‍ കാളിദാസ കലാകേന്ദ്രത്തിന്റെ ഈ പുതിയ നാടകത്തിന് തീര്‍ച്ചയായും പ്രസക്തിയുണ്ട്.
28 വര്‍ഷങ്ങളായി ഇതേ സമിതിക്ക് വേണ്ടി നാടകങ്ങള്‍ സംവിധാനം ചെയ്യുന്ന നടനും കാളിദാസ കലാകേന്ദ്രത്തിന്റെ ചെയര്‍മാനുമായ ഇ.എ. രാജേന്ദ്രനാണ് കരുണയുടെയും സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മഞ്ജു റെജിയാണ് ഇതിലെ കേന്ദ്രകഥാപാത്രമായ വാസവദത്തയെ അവതരിപ്പിക്കുന്നത്.
മായന്‍, ചെട്ടിയാര്‍, ഉപഗുപ്തന്, തോഴി, അമ്മ എന്നിവരെ യഥാക്രമം ജീവന് കണ്ണൂര്‍, സലീംകുമാര്‍ പേരൂര്‍, സന്ദീപ്, സുനില്‍ വടകര, കൃഷ്ണകുമാരി എന്നിവര്‍ അവതരിപ്പിക്കുന്നു. കാളിദാസ കലാകേന്ദ്രത്തിന്റെ സ്ഥാപകനായിരുന്ന ഒ. മാധവന്റെ ചരമദിനമായ ആഗസ്റ്റ് 19നായിരുന്നു കരുണയുടെ ഉദ്ഘാടനം. പ്രേക്ഷകര്‍ നിറഞ്ഞ മനസ്സോടെയാണ് നാടകം സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: