സമൂഹത്തില്‍ ആളാകാന്‍ വേണ്ടി എന്തും ചെയ്യും എന്ന് ചിലരെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്. പൊള്ളയായ അവകാശവാദങ്ങള്ക്കുമേലെയാണ് അത്തരക്കാരുടെ നിലനില്‍പ്പ്. ഒന്ന് പൊളിഞ്ഞാല്‍ മറ്റെല്ലാം കൂടി തകര്‍ന്നുവീഴും.
അങ്ങനെ സമൂഹത്തിന് മുന്നില്‍ എന്തോ സംഭവമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സിനിമ പിടുത്തവും പാട്ടും ആട്ടവും എഴുത്തും അഭിനയവുമൊക്കെയായി ഒരാള്‍ ഇറങ്ങിപ്പുറപ്പെട്ടു, പേര് ഗുര്‍മീത് റാം റഹീം സിങ്. ഇപ്പോള്‍ ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍.
ഭ്രാന്തമാണ് ഗുര്‍മീതിന്റെ സിനിമാമോഹങ്ങള്‍. നിരവധി സിനിമകളില്‍ അഭിനയിച്ച്, ഹിറ്റുകള്‍ സമ്മാനിച്ചൊക്കെയാണ് ഒരു താരം സൂപ്പര്താരപദവിയിലെത്തുന്നത്. എന്നാല്‍ തന്റെ ചിത്രങ്ങളിലൂടെ താനൊരു സൂപ്പര്‍താരമാണെന്ന് സ്വയം അവരോധിക്കുകയാണ് ഗുര്‍മീത്.
ഇതിനായി ചിലവാക്കുന്നതോ കോടികള്‍. അമാനുഷിക പരിവേഷമാണ് ഓരോ സിനിമയിലും ഗുര്‍മീതിനുള്ളത്. യഥാര്‍ത്ഥ ജീവിതത്തില്‍ എന്തൊക്കെ ആഗ്രഹിക്കുന്നുവോ അതൊക്കെ ചേര്‍ത്തുവച്ചുള്ള തട്ടുപൊളിപ്പന്‍ സിനിമകള്‍. ഒന്നും പക്ഷെ ബോക്സ് ഓഫീസില്‍ ക്ലച്ച് പിടിച്ചില്ലെന്ന് മാത്രം.
എന്തെന്തെല്ലാം കാണണം ജനം
പളപളാ മിന്നുന്ന കുപ്പായമിട്ട്, ഒരു റോക് സ്റ്റാറിനെപ്പോലെ ബൈക്കിലൂടെ പായുന്ന ഗുര്‍മീത്. എതിരാളികളെ ഒറ്റയ്ക്കെതിരിടുന്ന നായകന്. സുന്ദരികളായ സ്ത്രീകള്‍ക്കൊപ്പമുള്ള നൃത്തരംഗങ്ങള്‍.
ഇത്തരത്തിലുള്ള ചേരുവകളെല്ലാം സമാസമം ചേര്‍ത്ത് എടുത്ത തട്ടിക്കൂട്ട് ചിത്രങ്ങളാണെല്ലാം. അമാനുഷിക കഴിവുകളുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ കാണിക്കുന്ന കോപ്രായങ്ങളാണ് ഇതില്‍. വാസ്തവത്തില്‍ ഗുര്‍മീത് യാതൊരു കഴിവുമില്ലാത്തയാളാണെന്ന് അയാളുടെ സിനിമകളില്‍ സഹകരിച്ചവര്‍ പറയുന്നു.
അഭിനയിച്ചത് അഞ്ച് ചിത്രങ്ങളില്‍. എംഎസ്ജി: മെസഞ്ചര്‍ ഓഫ് ഗോഡ്, എംഎസ്ജി 2: ദ മെസഞ്ചര്‍, എംഎസ്ജി ദ വാരിയര്‍: ലയണ്‍ ഹേര്‍ട്ട്, ഹിന്ദ് കാ നപാക് കൊ ജവാബ് എന്നിവ. ഇതെല്ലാം നിര്‍മ്മിച്ചതാവട്ടെ ഗുര്‍മീതിന്റെ സ്വന്തം നിര്‍മ്മാണ കമ്പനിയായ ഹക്കികത് എന്റര്ടെയ്ന്മെന്റ്. ദേര സച്ച സൗദയാണ് ഇതിനായി ഫണ്ട് മുടക്കുന്നത്. തീരുമാനങ്ങള്‍ എല്ലാം എടുക്കുന്നതാവട്ടെ ഗുര്‍മിതിന്റെ ‘സ്വന്തം’ ഹണീപ്രീത് കൗര്‍. അഞ്ച് സിനിമകളില്‍ രണ്ടെണ്ണത്തിന്റെ സംവിധായിക.
ഗുര്‍മീതിന്റെ വണ്‍ മാന്‍ ഷോ ജനങ്ങളിലേക്കെത്തിക്കാനായി പണം യഥേഷ്ടം ചിലവഴിക്കാന്‍ മടിയില്ല ദേരയ്ക്ക്. നിര്‍മാണ കമ്പനിയുമായി മാര്‍ക്കറ്റിങ് പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച ഈ രംഗത്തെ പ്രൊഫഷണലിന്റെ വാക്കുകളാണിത്. ഭീമമായ തുകയായിരുന്നു അവര്‍ വാഗ്ദാനം ചെയ്തിരുന്നത്. സാധാരണഗതിയില്‍ വാങ്ങുന്നതിനേക്കാള്‍ അഞ്ച് ഇരട്ടി.
കഥ ഇല്ലേയില്ല
സിനിമയുടെ അടിത്തറ മികച്ച കഥയും തിരക്കഥയുമാണ്. എന്നാല്‍ ഗുര്‍മീത് സിനിമകളില്‍ ഇതൊന്നും പ്രതീക്ഷിക്കരുത്. ഗുര്‍മീത് സിനിമകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച സാങ്കേതിക വിദഗ്ധരുടെ അഭിപ്രായമാണിത്. സിനിമകളിലൊന്നിനും തിരക്കഥയേയില്ല.
അവ്യക്തമായൊരു സ്റ്റോറി ലൈന്‍ മാത്രം. ഗുര്‍മീതും ഹണിപ്രീതും പറയുന്നത് അനുസരിക്കുക എന്നതിനപ്പുറം മറ്റാര്‍ക്കും സിനിമയുടെ പിന്നണി പ്രവര്‍ത്തനങ്ങളില്‍ ഒരു റോളും ഇല്ല. സങ്കല്‍പ്പങ്ങള്‍ക്കും ഒരു പരിധിയില്ലേയെന്ന് സിനിമ കാണുന്ന ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ല.
ആദ്യത്തെ രണ്ട് ചിത്രങ്ങള്‍ താരതമ്യേന ഭേദം എന്ന് പറയാം. അതും സീരിയല്‍ സംവിധായകനായ ജീതു അറോറയുടെ സംവിധാന മികവൊന്നുകൊണ്ടുമാത്രം. സര്‍വ്വത്ര നിഗൂഢതയാണ് ദേര സച്ച സൗദയെ ചുറ്റിപ്പറ്റിയുള്ളത്. 700 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഹരിയാനയിലെ സിര്‍സയില്‍ സ്ഥിതി ചെയ്യുന്ന ദേരയുടെ ആസ്ഥാനത്ത് എന്താണ് നടക്കുന്നതെന്ന് ആര്‍ക്കും അറിയില്ല.
സിനിമയ്ക്കാണെങ്കില്‍ കഥയില്ല, പേരിനുപോലും ഒരു തിരക്കഥയുമില്ല. ഗുര്‍മീത് ഏതെല്ലാം സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെടുന്നോ അതിന്റെയെല്ലാം ‘ആഘോഷ’ മായിരിക്കും സിനിമയിലുണ്ടാവുകയെന്ന് ആദ്യമേ വ്യക്തമാക്കിയിരുന്നതായി എംഎസ്ജി: മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടറായിരുന്ന വ്യക്തി പറയുന്നു.
വാസ്തവത്തില്‍ ഗുര്മീതിന്റേതായ സംഭാവനകള്‍ ഒന്നും തന്നെ സിനിമയില്‍ ഇല്ല. പാട്ടും അഭിനയവും അല്ലാതെ. സംവിധായകന്, സംഭാഷണ രചയിതാവ്, സംഗീത സംവിധായകന്, സംഘട്ടനം, വസ്ത്രാലങ്കാരം, കലാ സംവിധായകന് എന്നിവയെല്ലാം നിര്‍വഹിച്ചത് ഗുര്‍മീതാണ് എന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ അവകാശവാദം ഉന്നയിക്കില്ല എന്ന ഉറപ്പോടെ ഇതെല്ലാം ചെയ്യുന്നതിനായി ആളുകളെ വാടകയ്ക്കെടുക്കുകയായിരുന്നത്രെ. അവരെല്ലാം അത് സന്തോഷത്തോടെ അനുസരിച്ചു.
സല്മാന് ഖാന്, ഷാരൂഖ് ഖാന് തുടങ്ങിയ പ്രശസ്തര്‍ക്കൊപ്പം ബോളിവുഡില്‍ സഹകരിച്ച സാങ്കേതിക വിദഗ്ധരും ഗുര്‍മീത് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. പണം മാത്രമായിരുന്നു അവരുടെ ലക്ഷ്യം. മോഹിപ്പിക്കുന്ന പ്രതിഫലം കിട്ടിയപ്പോള്‍ അവരാരും അവകാശ വാദം ഉന്നയിച്ചില്ല.
ഇടപെടല്‍ എല്ലായിടത്തും
സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം സംവിധായകനുപോലും ഇല്ല. അനാവശ്യമായ ഇടപെടലുകളായിരുന്നു ചിത്രീകരണവേളയിലുടനീളം. ഗുര്‍മീതിന്റെ പ്രകടനം മോണിറ്ററിലൂടെ വിലയിരുത്താന്‍ ഗുര്‍മീത് എപ്പോഴും സംവിധായകനൊപ്പം കാണും. അപ്പപ്പോള്‍ അതിന്റെ പ്രതികരണം ഗുര്‍മീതിനെ അറിയിക്കും. ഒരു സംഘട്ടനരംഗം വേണമെന്ന് തോന്നിയാല്‍ സംവിധായകന്റെ അഭിപ്രായം പോലും തേടാതെയായിരിക്കും തീരുമാനം എടുക്കുന്നത്.
എന്തിനും ഏതിനും തയ്യാറായി അനുയായികളും സദാ കൂടെക്കാണും. ഒരു സെറ്റിടണം എന്നുണ്ടെങ്കില്‍ പറയേണ്ട താമസം ഒറ്റ രാത്രികൊണ്ട് അത് തയ്യാറാക്കിയിരിക്കും. മറ്റ് വല്ല ലൊക്കേഷനുകളിലും ആണെങ്കില്‍ 15-20 ദിവസം വേണ്ടിവരുന്നിടത്താണ്, സിര്‍സയില്‍ 24 മണിക്കൂറുകൊണ്ട് സെറ്റ് പൂര്‍ത്തിയാക്കുന്നത്. ഗുര്‍മീത് ഉത്തരവിടും അനുയായികള്‍ അനുസരിക്കും. അത്രേയുള്ളൂ കാര്യം.
എംഎസ്ജി: മെസഞ്ചര്‍ ഓഫ് ഗോഡിന്റെ ഗാനചിത്രീകരണവേള. ഗുര്‍മീതിന്റെ വേഷമാവട്ടെ അരോചകം. ആ വസ്ത്രം മാറ്റി, മറ്റൊന്ന് ധരിക്കാന്‍ ക്രിയേറ്റീവ് ഡയറക്ടര്‍ ആവശ്യപ്പെട്ടു. അവിടെ കൂടിയിരുന്ന ലക്ഷക്കണക്കിന് വരുന്ന അനുയായികളോട് വേഷം മാറ്റേണ്ടതുണ്ടോ എന്ന് ഗുര്‍മീത് ചോദിച്ചു. അവര്‍ അതിന്റെ ആവശ്യം ഇല്ല എന്ന് പറഞ്ഞതോടുകൂടി ക്രിയേറ്റീവ് ഡയറക്ടറുടെ ന്യായമായ ആവശ്യം ബലികഴിക്കപ്പെട്ടു എന്ന് ചുരുക്കം.
എന്നാല്‍ ഗുര്‍മീതിന്റെ ഭാവനയ്ക്കും വിഭ്രാന്തികള്‍ക്കും വഴങ്ങുന്നവരും അണിയറ പ്രവര്‍ത്തകരായി ഉണ്ടായിരുന്നു. വന്‍ പ്രതിഫലം മോഹിച്ച് മികച്ച സ്റ്റന്‍ണ്ട് മാസ്റ്റര്‍മാര്‍ വരെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ഗുര്‍മീതിന്റെ കൂടെ കൂടിയിരുന്നു. അവരാരും ഗുര്‍മീത് ചിത്രങ്ങളിലൂടെ പ്രശസ്തി ആഗ്രഹിച്ചിരുന്നില്ല എന്ന് മാത്രം.
സിനിമയെക്കുറിച്ചോ അതിന്റെ സാങ്കേതിക വശങ്ങളേക്കുറിച്ചോ ഒന്നും തന്നെ ഗുര്‍മീതിന് ധാരണയുണ്ടായിരുന്നില്ല. ഒരു സംഭവം ഇങ്ങനെ: എംഎസ്ജി 2: ദ മെസഞ്ചറിന്റെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളുമെല്ലാം തീര്‍ത്ത് പ്രിന്റുകള്‍ വിതരണക്കാരിലെത്തിച്ചു. പിന്നീടാണ് സിനിമയുടെ കുറച്ചുഭാഗം എഡിറ്റ് ചെയ്ത് നീക്കണമെന്ന് ഗുര്‍മീത് ആവശ്യപ്പെടുന്നത്. പ്രിന്റുകള്‍ തിയേറ്ററുകളിലെത്തിയാല്‍ പിന്നെ പ്രത്യേകിച്ചൊന്നും ചെയ്യാന്‍ സാധിക്കില്ല എന്ന അറിവുപോലും ഗുര്‍മീതിന് ഇല്ല.
പണം പോകുന്ന വഴി
ഒരു സിനിമ പിടിക്കാന്‍ ആവശ്യമായ പണത്തെക്കുറിച്ച് ഇന്നേവരെ വെളിപ്പെടുത്തിയിട്ടില്ല. പണമെറിഞ്ഞ് പണം വാരാമെന്ന വ്യാമോഹമൊന്നും ഗുര്മീതിനില്ല. സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കുക, ആരാധകരെ സൃഷ്ടിക്കുക എന്നതിനപ്പുറം സിനിമയെന്ന കലയോടുള്ള ഇഷ്ടമൊന്നും ലേശമില്ല. ചിത്രം തിയേറ്ററുകളില്‍ ഹൗസ് ഫുള്‍ ആണെന്ന പ്രതീതിയുളവാക്കാന്‍ വന്‍ തോതില്‍ ടിക്കറ്റുകള്‍ ഗുര്‍മീത് തന്നെ വാങ്ങും. ചിത്രം തിയേറ്ററിലെത്തി തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ഒരു വ്യാജവാര്‍ത്ത സൃഷ്ടിക്കും. സിനിമ നൂറ് കോടി നേടിയെന്ന്.
ടിക്കറ്റുകള്‍ സൗജന്യമായി ദേര അനുയായികള്‍ക്ക് നല്‍കും. അവര്‍ തിയേറ്ററുകളിലെത്തി പടം കണ്ടാലായി. ചിത്രത്തിന്റെ വിതരണത്തിനും മാര്‍ക്കറ്റിങ്ങിനുമായി ചിലവഴിക്കുന്നതും കോടികളാണ്. പക്ഷെ കാര്യമില്ല. നൂറ് കോടി നേടിയെന്ന് അവകാശപ്പെടുമ്പോഴും വാസ്തവത്തില്‍ ചിലവാക്കിയതുപോലും തിരികെക്കിട്ടാറില്ല. 10 കോടിയില്‍ താഴെ മാത്രമേ പ്രദര്‍ശനത്തില്‍ നിന്നും ഗുര്‍മീത് സിനിമകള്‍ നേടിയിട്ടുള്ളൂ.
സിര്‍സയില്‍ തന്നെ എല്ലാവിധ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ഫിലിം സിറ്റിയും സ്ഥാപിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ഗുരുകുല്‍ എന്ന ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് ഗുര്‍മീത് ജയിലിലാകുന്നത്. അതും 20 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധേയനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: