നാലു മാസങ്ങള്‍ക്കു മുമ്പ് പയ്യന്നൂരിലെ പി.പി. കരുണാകരന് മാസ്റ്ററുടെ ഫോണ്‍ സന്ദേശം ലഭിച്ചു. മാസ്റ്റര്‍ ജനസംഘത്തിന്റെ കാലം മുതല്‍ വളരെ ഊര്‍ജസ്വലനായിരുന്ന ആളായിരുന്നു. കാസര്‍കോട് താലൂക്കിലെ ഉപ്പള സ്കൂളിലെ അധ്യാപകനായി ജോലി ചെയ്തിരുന്ന മാസ്റ്ററെ, മഞ്ചേശ്വരം മണ്ഡലത്തിലെ ജനസംഘം പ്രവര്‍ത്തകരുടെ ഒരു യോഗത്തില്‍ പോയപ്പോഴാണ് പരിചയപ്പെട്ടത്.
അക്കാലത്ത് ഉത്തരമേഖലാ സംഘടനാ കാര്യദര്‍ശിയുടെ ചുമതല ലഭിച്ചിട്ടേയുള്ളൂ. 1971 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയായിരുന്നു. പരമേശ്വര്‍ജിയുടെ കൂടെ അവിടെയെത്തിയതാണ്. കാസര്‍കോട്ടെ പ്രവര്‍ത്തകരില്‍ ശങ്കര്‍ ആല്‍വ തുടങ്ങിയ പ്രമുഖരുമുണ്ടായിരുന്നു. അവരുടെ കൂടെയാണ് കരുണാകരന് മാസ്റ്ററെ പരിചയപ്പെട്ടത്.
മലയാളം ശരിക്കും സംസാരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തകര്‍ക്കിടയ്ക്ക് കുമ്പളയിലെ രവീന്ദ്രനും മാസ്റ്ററും മാത്രമായിരുന്നു തനി മലയാളികള്‍. അദ്ദേഹം പയ്യന്നൂരിനടുത്ത് കാങ്കോല്‍ എന്ന സ്ഥലത്തുകാരനാണ്. ഉറച്ച പഴയ മാര്‍ക്സിസ്റ്റ് കുടുംബാംഗമായിരുന്നു.
അങ്ങനെയിരിക്കെ 1967 ലെ മാര്‍ക്സിസ്റ്റ്-ലീഗ് സഖ്യത്തില്‍ മനംമടുത്ത് പാര്‍ട്ടി ബന്ധം വിട്ടതായിരുന്നുവെന്നു തോന്നുന്നു. കെ.ജി. മാരാരുമായുള്ള ബന്ധവുമാവാം കാരണം. പഴയ ചിറയ്ക്കല്‍ താലൂക്കുകാരന്റെ കൂര്‍മതയുള്ള രാഷ്ട്രീയബോധം ഏറ്റവും തെളിമയോടെ നിലനിന്ന ആളായിട്ടാണ് എനിക്കു തോന്നിയത്.
മാസ്റ്റര്‍ അന്നുമുതല്‍ ഉത്തരകേരളത്തിലെ രാഷ്ട്രീയത്തില്‍ ദേശീയതയുടെ വിട്ടുവീഴ്ചയില്ലാത്ത വക്താവായി എല്ലാ ഭീഷണികളെയും സമ്മര്‍ദ്ദങ്ങളെയും ധീരമായി നേരിട്ടു പ്രവര്‍ത്തിച്ചുവരികയാണ്. വ്യക്തിപരമായ ബന്ധങ്ങളും ഇഷ്ടാനിഷ്ടങ്ങളും തന്റെ രാഷ്ട്രീയത്തെളിമയില്‍ മങ്ങലേല്‍പ്പിക്കാന്‍ ഒരിക്കലും കരുണാകരന് മാസ്റ്റര്‍ ഇടംകൊടുത്തിട്ടില്ല.
കേരളത്തിലെ സ്വാതന്ത്ര്യസമരഭടന്മാരില്‍ തുല്യതയില്ലാത്ത ത്യാഗവും പോരാട്ടവീര്യവും കാട്ടി അനികേതനായി, ജീവിതമവസാനിപ്പിച്ച വി.എ. വിഷ്ണുഭാരതീയന്റെ 125-ാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജീവിതത്തെയും പ്രവര്‍ത്തനത്തെയുംകുറിച്ച് ഒരു വിഹഗവീക്ഷണം നല്കുന്ന ഗ്രന്ഥം തയ്യാറാക്കുന്നതിന് താന്‍ പുറപ്പെട്ടിരിക്കയാണെന്നും, അതിന് സഹായിക്കണമെന്നും അഭ്യര്‍ത്ഥിക്കാനായിരുന്നു മാസ്റ്റര്‍ വിളിച്ചത്.
വിഷ്ണുഭാരതീയനുമായുള്ള എന്റെ സമ്പര്‍ക്കം വളരെ പരിമിതമാണെന്നും, മാസ്റ്ററുടെ ആഗ്രഹം സാധിപ്പിക്കത്തക്ക വിധത്തില്‍ എനിക്ക് ഒന്നും കാര്യമായി ചെയ്യാനാവില്ലെന്നും ഞാന്‍ മറുപടി നല്കി.
വിഷ്ണുഭാരതീയന്‍ 1967 ലെ സിപിഎം, മുസ്ലീംലീഗ് കൂട്ടുകെട്ടില്‍ മനംനൊന്ത്, നിരാശനായി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധം വിടുകയും, അദ്ദേഹത്തിന്റെ സമീപ ഗ്രാമവാസി കെ.ജി. മാരാരുടെയും തളിപ്പറമ്പിലെ കെ.സി. കണ്ണന്റെയും മറ്റും സമ്പര്‍ക്കത്തിന്റെ ഫലമായി ഭാരതീയ ജനസംഘത്തില്‍ ചേരുക മാത്രമല്ല 1967 ലെ തെരഞ്ഞെടുപ്പില്‍ ജനസംഘ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.
1919 മുതല്‍ സ്വാതന്ത്ര്യസമരത്തിന്റെ അഗ്നിപഥത്തില്‍ അണുവിട വ്യതിചലിക്കാതെ സഞ്ചരിച്ച് ഏഴുവര്‍ഷത്തിലേറെക്കാലം വിവിധ ജയിലുകളില്‍ നരകസമാനമായി ജീവിച്ച്, സകല ഭൗതികസമ്പത്തുക്കളും നശിച്ചപ്പോഴും ആ പാതയില്‍ ഉറച്ചു സഞ്ചരിച്ച ആളായിരുന്നു.
അദ്ദേഹത്തിന്റെ ആത്മകഥയും മറ്റനേകം രാഷ്ട്രീയനേതാക്കള്‍ നടത്തിയ അനുസ്മരണങ്ങളും കൂടാതെ ധാരാളം രേഖകളും തേടിപ്പിടിച്ച് കരുണാകരന് മാസ്റ്റര്‍ തയ്യാറാക്കിയ ‘അഗ്നിസാഗരം കടന്ന വിഷ്ണുഭാരതീയന്‍’ എന്ന ലഘുപുസ്തകം സപ്തംബര്‍ 9 ന് പയ്യന്നൂരില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കുകയുണ്ടായി. കരുണാകരന് മാസ്റ്ററും ടി.കെ. സുധാകരനും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു.
സുധാകരന്റെ ഇന്‍ഡോളജിക്കല്‍ ട്രസ്റ്റാണ് പുസ്തകവിതരണം നടത്തുന്നത്. വിഷ്ണുഭാരതീയന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായ സാഹചര്യം പുസ്തകത്തില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയും. മലബാറിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍തന്നെ അദ്ദേഹമായിരുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും കരുത്തനായിരുന്ന കെ.പി.ആര്. ഗോപാലനെ വധശിക്ഷയ്ക്കു വിധിക്കാന്‍ കാരണമായ മൊറാഴ സംഭവത്തിലെ പ്രതിഷേധ യോഗത്തിന്റെ അധ്യക്ഷന്‍ വിഷ്ണുഭാരതീയനായിരുന്നു. കേസ് വിചാരണാ വേളയില്‍ സംഭവത്തിലേക്ക് താന്‍ നയിക്കപ്പെട്ട പരിതഃസ്ഥിതി സത്യസന്ധമായി കോടതിയെ ബോധ്യപ്പെടുത്തിയപ്പോള്‍, അദ്ദേഹം കുറ്റക്കാരനല്ലെന്ന് ന്യായാധിപന് വിധിക്കുകയായിരുന്നു.
1964 മുതല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ മുസ്ലിംലീഗുമായി കൂട്ടുചേരുന്നതിന് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഗൂഢനീക്കങ്ങള്‍ നടത്തിവന്നിരുന്നു. അതു സംബന്ധിച്ച് വിഷ്ണുഭാരതീയന്‍ ഇഎംഎസിനയച്ച കത്തിന് അദ്ദേഹത്തിന്റെ മറുപടി രസകരമായിരുന്നു.
”മുസ്ലിംലീഗുമായി യാതൊരു ബന്ധവുമില്ലെന്ന് മുമ്പ് വ്യക്തമാക്കിയിരുന്നല്ലോ. എന്നാല്‍ നിങ്ങളുടെ കത്തില്‍ സൂചിപ്പിച്ചതുപോലെ എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് ലീഗിനെ തോല്‍പ്പിക്കണമെന്ന സമീപനം അംഗീകരിക്കാന്‍ സാധ്യമല്ല.
എല്ലാ പാര്‍ട്ടികളും എന്നതില്‍പ്പെടുന്ന കോണ്‍ഗ്രസിനെ തികച്ചും പരാജയപ്പെടുത്തുകയും, അതോടൊപ്പം ഇടതുപക്ഷത്തിന്റെ സീറ്റ് പരമാവധി വര്‍ധിപ്പിക്കുകയും വേണം; എന്നുവച്ചാല്‍ ഇടത് പക്ഷത്തിന്റെ മുഖ്യശത്രു ലീഗല്ല കോണ്‍ഗ്രസ് ആണ് എന്ന് ഇഎംഎസ്.
എകെജിയുടെ ഷഷടിപൂര്‍ത്തി വേളയില്‍ കണ്ടു.
വിഷ്ണുഭാരതീയന്‍ ഇഎംഎസിനെ സമീപിച്ച് ”ഇപ്പോഴത്തെ പ്രധാന പ്രശ്നം എന്തെന്നു ചോദിച്ചാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കുക എന്നതാണ്. അതിനാല്‍ ലീഗിനെ കൂട്ടുപിടിക്കേണ്ടതായി വന്നിരിക്കുന്നു. ഇതിനു മാറ്റമില്ല. ഇതിനെപ്പറ്റി പുനരാലോചന വേണ്ട ഭാരതീയാ” എന്ന് ഇഎംഎസ് ഉത്തരം നല്കി.
ഈ പരിതഃസ്ഥിതിയില്‍ താനെന്തു ചെയ്യണമെന്ന് വിഷ്ണുഭാരതീയന്‍ വീണ്ടും അന്വേഷിച്ചതിന് ഇഎംഎസ്സിന്റെ മറുപടി ”ഭാരതീയനു രാഷ്ട്രീയകാര്യങ്ങളില്‍ കുറെക്കാലത്തെ പരിചയമുണ്ട്. പാര്‍ട്ടി വിടുന്നതും തുടരുന്നതും നിങ്ങളുടെ ഇഷ്ടംപോലെ ചെയ്യാം. ലീഗിന്റെ കാര്യം തീരുമാനിച്ചതാണ്” എന്നായിരുന്നു.
തുടര്‍ന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധങ്ങള്‍ ഉപേക്ഷിച്ച് കേസരി വാരികയില്‍ എഴുതിയത്. 1965 ഡിസംബര്‍ 26 ന്റെ കേസരിയില്‍ പ്രസ്താവനയുടെ ചുരുക്കം കൊടുത്തു.
”നമ്പൂതിരിപ്പാടിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും രാജ്യസ്നേഹരഹിതമായ പ്രവര്‍ത്തനങ്ങളോട് യോജിക്കുവാന്‍ ഒരുതരത്തിലും നിര്‍വാഹമില്ലാത്തതുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയോടും അതിനോടനുബന്ധിച്ചുള്ള മറ്റെല്ലാ പ്രസ്ഥാനങ്ങളോടും എനിക്കുള്ള എല്ലാ ബന്ധങ്ങളും സ്ഥാനങ്ങളും ഉപേക്ഷിച്ചതായി പ്രഖ്യാപിക്കുന്നു. അതിനാല്‍ ഇനി ശേഷിച്ചുള്ള കാലം ഒരു ഭാരതീയനായി ജീവിക്കുവാന്‍ ആഗ്രഹിക്കുന്നതുകൊണ്ടും അഖണ്ഡഭാരതത്തിലും, ആര്‍ഷഭാരതത്തിലും വിശ്വസിക്കുന്നതുകൊണ്ടും ഭാരതീയ ജനസംഘത്തില്‍ക്കൂടി സേവനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.
ഭാരത് മാതാ കി ജയ്
എന്ന്
വി.എം വിഷ്ണുഭാരതീയന്‍
അദ്ദേഹം തളിപ്പറമ്പ് മണ്ഡലത്തില്‍ ജനസംഘം സ്ഥാനാര്‍ത്ഥിയായി. പിന്നീട് 1967 അവസാനം കോഴിക്കോട്ട് നടന്ന അഖിലഭാരത സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുത്തു. സ്വാതന്ത്ര്യത്തിനും പാവപ്പെട്ട കര്ഷകന് നീതി ലഭിക്കാനും വേണ്ടി ഇത്രയേറെ യാതനകള്‍ അനുഭവിച്ച മറ്റൊരു മനുഷ്യന് ഉണ്ടാവില്ല.
വേദോപനിഷത് പുരാണാദികളില്‍ അഗാധജ്ഞാനമുണ്ടായിരുന്ന വിഷ്ണുഭാരതീയന്‍ ആ ജ്ഞാനത്തെ കുലമഹിമയോ ജാതിശ്രേഷ്ഠതയോ സ്ഥാപിക്കാനല്ല; ജനങ്ങള്‍ക്ക് ബോധോദയം ഉണ്ടാക്കുന്നതിനാണുപയോഗിച്ചത്. വ്യക്തിപരമായും കുടുംബപരമായും അദ്ദേഹത്തോളം യാതനകള്‍ അനുഭവിച്ച മറ്റൊരു സ്വാതന്ത്ര്യഭടന്‍ ഉണ്ടായിട്ടില്ല. ഇന്നദ്ദേഹത്തെ ഓര്‍ക്കാന്‍ ആരുമില്ല.
ആ ത്യാഗനിധിയോടൊപ്പം ഏതാനും ദിവസങ്ങള്‍ ജനസംഘ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ചെലവിടാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായിട്ടാണ് എനിക്കു തോന്നിയത്. ഭാരതീയനെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഉപേക്ഷിച്ചത് കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ലീഗിനെ കൂട്ടുപിടിച്ചതിനെ എതിര്‍ത്തതുകൊണ്ടാണ്. ഇത്തരം ആത്മഹത്യാപരമായ നീക്കങ്ങള്‍ ആ പാര്‍ട്ടിയെ എവിടെയെത്തിച്ചുവെന്നു നാം കാണുന്നു.
ഇപ്പോഴത്തെ നീക്കം ബിജെപിക്കെതിരായ മഹാസഖ്യം തട്ടിക്കൂട്ടുന്നതിനാണ്. ഭരണകൂടംതന്നെ ‘വിതര് എവേ’ ആകുമെന്ന മാര്‍ക്സിന്റെ പ്രവചനം അപ്പുറത്തേക്ക് ചെന്ന് പാര്‍ട്ടി തന്നെ അലിഞ്ഞുപോകുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. വിഷ്ണുഭാരതീയനെന്ന സമരേതിഹാസത്തിന്റെ വിവിധ വശങ്ങളെ പുതുതലമുറയുടെ മുന്നില്‍ വെളിപ്പെടുത്താനുള്ള പി.പി. കരുണാകരന് മാസ്റ്ററുടെ ശ്രമത്തെ അങ്ങേയറ്റം അഭിനന്ദിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: