കുലത്തൊഴിലായ കലാരൂപത്തെ നെഞ്ചോട് ചേര്‍ത്ത് ജീവിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയാണ് മലപ്പുറം കടന്നമണ്ണ സ്വദേശി ശ്രീനിവാസന്. ഇന്ന് കളംപാട്ട് എന്ന് കേട്ടാല്‍ മലയാളിയുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേര് കടന്നമണ്ണ ശ്രീനിവാസന്റേതായിരിക്കും.
ക്ഷേത്രങ്ങളിലും കോവിലകങ്ങളിലും മനകളിലും മാത്രം ഒതുങ്ങി നിന്ന കളംപാട്ടെന്ന കലാരൂപത്തെ ജനകീയമാക്കാനുള്ള ഈ യുവാവിന്റെ ശ്രമം വിജയം കണ്ടു. കേരളത്തിലെ വിവിധ വിദ്യാലയങ്ങളില്‍ ഇതിനോടകം ശ്രീനിവാസന് കളംപാട്ട് ശില്പശാലകള് നടത്തി കഴിഞ്ഞു.
കല്ലാറ്റ കുറുപ്പന്മാരുടെ കുലത്തൊഴിലായ കളംപാട്ട് വിസ്മൃതിയിലേക്ക് നീങ്ങുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കുന്നതിന് പകരം അതിനെ തിരിച്ചുകൊണ്ടുവരാനാണ് ശ്രീനിവാസന് ശ്രമിച്ചത്. ഈ ഇരുപത്തിയൊമ്പതുകാരന്റെ ദൃഢനിശ്ചയത്തിന്റെ ഫലമോ മലബാറില്‍ കളംപാട്ടിന് വിശിഷ്ടമായൊരു സ്ഥാനം ലഭിച്ചുവെന്നതും. കളംപാട്ടിനെക്കുറിച്ച് ഒന്നുമറിയാതിരുന്ന മലപ്പുറം ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് ഇത് സുപരിചിതമായി കഴിഞ്ഞു.
കളംപാട്ട് രംഗത്ത് 300 വര്‍ഷത്തെ പാരമ്പര്യമുള്ള കടന്നമണ്ണ കുറുപ്പത്ത് തറവാട്ടിലെ ഒന്‍പതാം തലമുറക്കാരനാണ് ശ്രീനിവാസന്. കടന്നമണ്ണ നാരായണന്‍കുട്ടി കുറുപ്പ് അലനല്ലൂര്‍ ശാന്താകുമാരി ദമ്പതികളുടെ മൂത്തമകന്. അച്ഛനാണ് ഗുരു. ഏഴാം വയസ്സില്‍ അരങ്ങേറ്റം, 22 വര്‍ഷമായി കളംപാട്ട് രംഗത്ത് സജീവം. പ്രത്യേക മാസങ്ങളില്‍ മാത്രമുള്ള അനുഷ്ഠാനമായതുകൊണ്ട് തന്നെ നാളുകള്‍ കഴിയുന്തോറും കളംപാട്ടിന്റെ പ്രസക്തി നശിക്കുകയാണ്. ഇത് പഠിക്കാനോ നടത്താനോ പുതുതലമുറയിലെ ആരും തയ്യാറാകുന്നില്ല.
സംഗീതസാന്ദ്രമായ ഈ ചടങ്ങ് ലോകം ആസ്വദിക്കേണ്ടതാണെന്ന തോന്നലാണ് ശ്രീനിവാസനെ കളംപാട്ട് ജനകീയമാക്കാനുള്ള തീരുമാനത്തിലേക്കെത്തിച്ചത്.
വിദ്യാലയങ്ങളിലെ ശില്പശാല എന്ന ആശയം പകര്‍ന്ന് നല്കിയതാകട്ടെ സോപാന സംഗീതജ്ഞന് ഞെരളത്ത് ഹരിഗോവിന്ദനും. കല ഒരു വിഭാഗത്തില്‍ മാത്രം ഒതുങ്ങി നില്ക്കേണ്ടതല്ല, എല്ലാവര്ക്കും ആസ്വദിക്കാനുള്ളതാണെന്ന ഹരിഗോവിന്ദന്റെ ഉപദേശമാണ് ശ്രീനിവാസനെ ഉണര്‍ത്തിയതും വളര്‍ത്തിയതും. 2014 ല്‍ അങ്ങാടിപ്പുറം ഏറാന്തോടിലുള്ള ഞെരളത്ത് കലാശ്രമത്തില്‍ വെച്ചാണ് ആദ്യ ശില്പശാല നടന്നത്. പരിയാപുരം സെന്റ്മേരീസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയായിരുന്നു അത്. അന്ന് മുതല്‍ ഓരോ സ്കൂളുമായും ശ്രീനിവാസന് തന്നെ ബന്ധപ്പെട്ടു. പക്ഷേ ഇന്ന് ശില്പശാല നടത്തണമെന്ന് ആവശ്യപ്പെട്ട് സ്കൂള്‍ അധികൃതര്‍ ശ്രീനിവാസനെ വിളിച്ചു തുടങ്ങിയിരിക്കുന്നു.
എന്താണ് കളംപാട്ട്
പതിനെട്ട് മൂര്‍ത്തികള്‍ക്ക് കളംപാട്ടുണ്ടെങ്കിലും ഭദ്രകാളി, അയ്യപ്പന്, വേട്ടക്കൊരുമകന്‍, സര്‍പ്പം തുടങ്ങിയ ദേവന്മാര്‍ക്കാണ് പ്രധാനമായും കളംപാട്ട് നടത്തുന്നത്. പഞ്ചലോഹങ്ങളെ സൂചിപ്പിക്കുന്ന പഞ്ചവര്‍ണപ്പൊടികള്‍ കൊണ്ട് മൂര്‍ത്തിയുടെ കളം വരച്ചതിനു ശേഷം മൂര്‍ത്തിയെ സ്തുതിച്ച് നന്തുണി മീട്ടി ദേവതാസ്തുതി പാടുകയും ദേവതാവേശത്തോടെ വെളിച്ചപ്പെട്ട് അനുഗ്രഹം നല്‍കുകയും പിന്നീട് കളം മായ്ക്കുകയും ചെയ്യുന്നു. ദോഷനിവാരണം, കാര്യവിജയം, ഐശ്വര്യവര്‍ദ്ധനവ് എന്നിവയ്ക്ക് ഉത്തമമാണെന്നാണ് വിശ്വാസം. കല്ലാറ്റ കുറുപ്പന്മാരാണ് കളം വര, പാട്ട് എന്നിവ കൈകാര്യം ചെയ്യുന്നത്. വെളിച്ചപ്പാട് കളപ്രദക്ഷിണം, നാളികേരമേറ് തുടങ്ങിയവ നടത്തുന്നു. വേട്ടക്കരന്റെ കളത്തില്‍ മാത്രം കല്ലാറ്റക്കുറുപ്പ് കളം വരയ്ക്കുകയും പാറ്റുകയും കാരോലനായര്‍ വെളിപ്പെട്ട് കളപ്രദക്ഷിണം, അനുഗ്രഹം, കളം മായ്ക്കല്‍ മുതലായവ നടത്തുകയും ചെയ്യുന്നു. വിശേഷാവസരങ്ങളില്‍ വേട്ടക്കരനുള്ള കളംപാട്ടില്‍ പന്ത്രണ്ടായിരം നാളികേരം കാരോലനായര്‍ എറിയുന്നു.
ചടങ്ങുകള്‍
കളമെഴുത്ത് പാട്ടിനു പിന്നില്‍ പലതരം അനുഷ്ഠാനകര്‍മ്മങ്ങളുണ്ട്. ഇതില്‍ കെട്ടിവിതാനമാണ് ആദ്യത്തേത്. കളമെഴുതുന്നതിനു വേണ്ടുന്ന സ്ഥലം കെട്ടിയൊരുക്കുന്നതിനെയാണ് ഇങ്ങനെ പറയുന്നത്. കുരുത്തോല, ആലില, വെറ്റില, പൂക്കുല, മാവില എന്നിവയാണ് ഇതിനുവേണ്ടി ഉപയോഗിക്കുക. തുടര്‍ന്ന് ഉച്ചപ്പാട്ടാരംഭിക്കും. പരദേവത, ഗണപതി, തുടങ്ങിയ ദേവതമാരെയാണ് ഇതിലൂടെ സ്തുതിക്കുന്നത്. അടുത്തതാണ് കളമെഴുത്ത്.
പഞ്ചലോഹ ബിബം തീര്‍ക്കുന്നതിന് തുല്യമാണ് ഇത്. അഞ്ചുവര്‍ണ്ണങ്ങള്‍ ഉപയോഗിച്ചാണ് കളമെഴുതുക. പച്ച- മഞ്ചാടിയുടെ ഇല ഉണക്കി പൊടിച്ചത്, ഇത് പിച്ചള എന്ന ലോഹത്തെ സൂചിപ്പിക്കുന്നു, മഞ്ഞ-മഞ്ഞള്‍പ്പൊടി- സ്വര്‍ണ്ണത്തെ സൂചിപ്പിക്കുന്നു. വെള്ള ഉണക്കലരി പൊടിച്ചത്- ഇത് വെള്ളിയെയാണ് സൂചിപ്പിക്കുന്നത്. കറുപ്പ്-ഉമിക്കരി, ഇരുമ്പ്. ചെമപ്പ്- മഞ്ഞളും ചുണ്ണാമ്പും കൂട്ടിത്തിരുമ്മിയാണ് ചെമ്പിനെ സൂചിപ്പിക്കുന്ന ചുവന്ന നിറം ഉണ്ടാക്കുന്നത്.
കളമെഴുത്ത് കഴിഞ്ഞാല്‍ അടുത്ത ചടങ്ങാണ് സന്ധ്യാവേല, അദൃശ്യരായ ഭൂതഗണങ്ങളെ ക്ഷണിച്ചു വരുത്തുന്ന ചടങ്ങ്. തുടര്‍ന്ന് കളംപൂജ നടക്കും. പിന്നീടാണ് നന്തുണി മീട്ടിയുള്ള കളംപാട്ട് നടക്കുക. ഭഗവതി സ്തുതിയിലാണ് തുടക്കമെങ്കില്‍ ‘തായേ മായേ മുക്കണ്ണി ‘എന്നുതുടങ്ങുന്ന പാട്ടും അയ്യപ്പസ്തുതിയാണെങ്കില്‍ ‘ഉത്തിരം തിരുനാളേ ഉദയമേ പിറന്നയ്യന്‍’ എന്നുമായിരിക്കം തുടക്കം. അതിന് ശേഷം ഭൂതഗണങ്ങളെ സന്തോഷിപ്പിക്കുന്നതിനായി തിരിയുഴിച്ചിലെന്ന ചടങ്ങാണ്. അവസാനം കളംമായ്ക്കല്‍.
കൂടുതല്‍ ജനകീയമാകണം
കളംപാട്ടിനെ ഇനിയും കൂടുതല്‍ ജനകീയമാക്കണമെന്നാണ് ശ്രീനിവാസന്റെ ആഗ്രഹം. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഈ കലാരൂപത്തെക്കുറിച്ചൊരു അവബോധം ഉണ്ടാക്കിയെടുക്കണം. ഒരു കളംപാട്ടിന് കുറഞ്ഞത് രണ്ടുപേരെങ്കിലും വേണം. പക്ഷേ സഹായത്തിന് ഒരാളെ കൂടി കിട്ടാനില്ലാത്ത അവസ്ഥയാണ്. എങ്കിലും തന്നാല്‍ കഴിയും വിധം കളംപാട്ടിനായി ജീവിക്കുകയാണ് ജന്മലക്ഷ്യമെന്ന് ശ്രീനിവാസന് പറയുന്നു. കളംപാട്ടിനെ പരിപോഷിപ്പിക്കാന്‍ ശ്രീനിവാസന് നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് മണ്ണാര്‍ക്കാട് ഒലിവ് നാടന്‍ കലാ പഠന ഗവേഷണ കേന്ദ്രം ഈ വര്‍ഷത്തെ സംസ്ഥാന പ്രതീക്ഷ പുരസ്കാരം ഇദ്ദേഹത്തിന് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: