തിരുവനന്തപുരം: കൈരളി ചാനലിനും സിപിഎം പ്രവര്ത്തകന് സുധീഷ് മിന്നിക്കുമെതിരെ ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി കെ കൃഷ്ണദാസ് വക്കീല്‍ നോട്ടീസ് അയച്ചു . അപകീര്‍ത്തികരമായ വാര്‍ത്ത പ്രക്ഷേപണം ചെയ്തതിനാണ് കൈരളി ചാനലിനും സുധീഷ് മിന്നിക്കുമെതിരെ പ്രമുഖ അഭിഭാഷകന് അഡ്വ പി എസ് ശ്രീധരന്‍പിള്ള മുഖാന്തിരം നോട്ടീസ് നല്‍കിയിരിക്കുന്നത്.
2017 ജൂലൈ 23ന് കൈരളി പീപ്പിള്‍ ടിവിയില്‍ സംപ്രേഷണം ചെയ്ത വാര്‍ത്തയാണ് പരാതിക്ക് ആധാരം. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച സുധീഷ് മിന്നിക്കോ ചാനലിനോ അതുമായി ബന്ധപ്പെട്ട് ഒരു തെളിവും ഹാജരാക്കാന്‍ നാളിതുവരെ കഴിഞ്ഞില്ല. ചാനല്‍ വാര്‍ത്ത കഴിഞ്ഞ 25 വര്‍ഷത്തെ തന്റെ സുതാര്യ പൊതു ജീവിതത്തിന് കളങ്കം ഉണ്ടാക്കിയതായി കൃഷ്ണദാസ് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
നോട്ടീസ് കിട്ടി 24 മണിക്കൂറിനുള്ളില്‍ സുധീഷ് മിന്നിയുടെ ആരോപണങ്ങള്‍ പിന്‍വലിച്ച് ചാനലും സുധീഷ് മിന്നിയും മാപ്പു പറയണം. അക്കാര്യം ചാനലിലൂടെ പ്രക്ഷേപണം ചെയ്യുകയും വേണം. ഇല്ലെങ്കില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കൃഷ്ണദാസിന്റെ ആവശ്യം. ഇതുകൂടാതെ ക്രിമിനല്‍ നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: